മുള്ളന്‍കൊല്ലി: ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടണ്‍ കപ്പ സംഭാവന ചെയ്ത വയനാട് മുള്ളന്‍കൊല്ലിയിലെ കര്‍ഷകന് പ്രത്യേക അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുല്‍പള്ളി ആലത്തൂര്‍ കവളക്കാട്ട് റോയി ആന്റണി ചെയ്തത് ശ്രദ്ധേയമായ കാര്യമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റോയി ആന്റണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടണ്‍ കപ്പ സംഭാവന ചെയ്തത്. 

ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കൈയില്‍ കാര്യമായി പണമില്ല. അതിനാലാണ് കപ്പ സംഭാവനയായി നല്‍കിയതെന്നായിരുന്നു റോയി സംഭാവനയേക്കുറിച്ച് പറഞ്ഞത്. കപ്പ സംഭാവന നല്‍കാനുള്ള ആശയം കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനോടാണ് റോയി ആദ്യം പറഞ്ഞത്. മന്ത്രി ഇടപെട്ടതോടെയാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ കൃഷിയിടത്തിലെത്തി കപ്പ ശേഖരിച്ചത്.

രണ്ടുദിവസം കൊണ്ടാണ് കപ്പ കയറ്റിക്കൊണ്ടുപോയത്. സമൂഹ അടുക്കളകളിലേക്ക് ആവശ്യമായത് എടുത്തതിനുശേഷം ബാക്കിവരുന്നത് ഹോര്‍ട്ടികോര്‍പ്പ് തയ്യാറാക്കുന്ന കിറ്റുകളില്‍ ഉപയോഗിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ലോക്ഡൗണ്‍ വന്നപ്പോള്‍ പ്രതിസന്ധിയായി. എന്നാല്‍ അതിനെക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ കഴിയുന്നതു പോലെ സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു റോയി നേരത്തെ പ്രതികരിച്ചിരുന്നു.