തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെവി തോമസ് വിവാഹ വാര്‍ഷിക ആഘോഷങ്ങൾക്ക് മാറ്റിവെച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വീട്ടിലെ ആഘോഷങ്ങൾക്കും പ്രാര്‍ത്ഥനകള്‍ക്കും മാറ്റി വെച്ച പണമാണ് കൈമാറിയതെന്നും അദ്ദേഹത്തിന്‍റേത് മാതൃകാപരമായ തീരുമാനമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

കെവി തോമസിന്‍റേയും ഭാര്യ ഷേര്‍ളി തോമസിന്‍റേയും 50-ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു ഏപ്രില്‍ 12 ന്. വൈകിയാണെങ്കിലും ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചതായും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.