സ്ത്രീകളറിയാന്‍; തുമ്മുമ്പോഴും ഉറക്കെ ചിരിക്കുമ്പോഴും അനിയന്ത്രിതമായി മൂത്രം പോകുന്നതെന്തുകൊണ്ട്?

By Web TeamFirst Published Jan 28, 2021, 9:06 PM IST
Highlights

മിക്കവാറും ആര്‍ത്തവവിരാമത്തോട് അനുബന്ധമയോ, അതിന് ശേഷമോ ആണ് അധികവും ഈ പ്രശ്‌നം കാണപ്പെടുന്നത്. ഈ സമയങ്ങളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് മൂത്രാശയത്തിനുള്ള നിയന്ത്രണം നഷ്ടമായി, അറിയാതെ മൂത്രം പുറത്തുപോകുന്ന അവസ്ഥയുണ്ടാക്കുന്നത്

പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. അത്തരത്തില്‍ സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അനിയന്ത്രിതമായി മൂത്രം പോകുന്ന അവസ്ഥ.

മിക്കവാറും ആര്‍ത്തവവിരാമത്തോട് അനുബന്ധമയോ, അതിന് ശേഷമോ ആണ് അധികവും ഈ പ്രശ്‌നം കാണപ്പെടുന്നത്. ഈ സമയങ്ങളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് മൂത്രാശയത്തിനുള്ള നിയന്ത്രണം നഷ്ടമായി, അറിയാതെ മൂത്രം പുറത്തുപോകുന്ന അവസ്ഥയുണ്ടാക്കുന്നത്. 

നാല്‍പത് കടന്ന സ്ത്രീകളാണ് പ്രധാനമായും ഈ ദുരവസ്ഥ നേരിടുന്നത്. അല്ലാത്തവരിലും ചിലപ്പോഴെല്ലാം ഇങ്ങനെ കാണാറുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ വില്ലനാകുന്നത്. 

 


 

ആര്‍ത്തവവിരാമത്തോടടുപ്പിച്ച് 'ഈസ്ട്രജന്‍' എന്ന ഹോര്‍മോണിന്റെ അളവില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നു. ഇത് വസ്തിപ്രദേശത്തെ (Pelvic Region) പേശികളില്‍ അയവ് വരുത്തുന്നു. ക്രമേണ മൂത്രാശയത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവരുന്ന സാഹചര്യമുണ്ടാകുന്നു. അങ്ങനെയാണ് സ്വയമറിയാതെ മൂത്രം പുറത്തുപോകുന്ന അവസ്ഥയുണ്ടാകുന്നത്. 

നിത്യജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്കും പ്രയാസങ്ങള്‍ക്കും ഇടയാക്കുന്ന ഈ പ്രശ്‌നം രണ്ട് തരത്തിലാണ് പ്രധാനമായും കാണപ്പെടുന്നത്. ഒന്ന്, ഉറക്കെ ചിരിക്കുമ്പോഴോ, തുമ്മുമ്പോഴോ, ഭാരമുള്ള എന്തെങ്കിലും എടുക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചെറുതായി മൂത്രം പുറത്തുവരുന്ന സാഹചര്യം. 

രണ്ട്, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാകുന്നു. എന്നാല്‍ പലപ്പോഴും ബാത്ത്‌റൂമിലേക്ക് എത്തും മുമ്പ് തന്നെ മൂത്രം പുറത്തുവരുന്ന അവസ്ഥയായിരിക്കും. രണ്ട് രീതിയിലാണെങ്കിലും അസഹ്യമായ തരത്തില്‍ ഈ പ്രശ്‌നം ബാധിക്കുന്നുവെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കാതെ ഒരു ഡോക്ടറുടെ നിര്‍ദേശം തേടാവുന്നതാണ്. മരുന്നിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ വലിയൊരു പരിധി വരെ ഇത് പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. ചില സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ പോലും വേണ്ടിവന്നേക്കാം. 

 

 

ഇനി ആര്‍ത്തവവിരാമമത്തോട് അനുബന്ധിച്ചോ, മാനസിക സമ്മര്‍ദ്ദം മൂലമോ അല്ലാതെയും ചില അവസ്ഥകളില്‍ അനിയന്ത്രിതമായി മൂത്രം പോകാം. അമിതമായ മദ്യപാനം, അമിതമായ കഫീന്‍ ഉപയോഗം, മൂത്രാശയ അണുബാധ, നാഡീവ്യവസ്ഥയിലെ തകരാര്‍, ചില മരുന്നുകള്‍/സ്റ്റിറോയ്ഡുകള്‍, പഴക്കം ചെന്ന മലബന്ധം, അമിതവണ്ണം എന്നിങ്ങനെ ചില കാരണങ്ങള്‍ കൂടി ഇതിലേക്ക് നയിക്കുന്നു.

Also Read:- ക്രമം തെറ്റിയ ആർത്തവം; കാരണങ്ങൾ ഇതാകാം...

click me!