പുരപ്പുറത്തെ പഠനം വൈറലായി; ഒടുവില്‍ നമിതയ്ക്ക് 'നെറ്റ്' കിട്ടി

By Web TeamFirst Published Jun 5, 2020, 2:41 PM IST
Highlights

 ഇരുനിലവീടിന് മുകളിലിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം കണ്ട്  ചിലർ ട്രോളിയപ്പോള്‍ മറ്റുചിലര്‍ കൂടെ നില്‍ക്കുകയാണ് ചെയ്തത്. 

പുരപ്പുറത്തിരുന്ന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീടിനുള്ളില്‍ ഇന്‍റര്‍നെറ്റ് സൗകര്യം കിട്ടാത്തതിനാലാണ് അരീക്കലിലെ നമിത നാരായണൻ വീടിനുമുകളിലിരുന്ന് ഓൺലൈൻ പഠനം തുടങ്ങിയത്. കുറ്റിപ്പുറം കെ എം സി ടി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് നമിത.

തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ നമിതക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മോശം നെറ്റ്‌വര്‍ക്ക് മൂലം ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കരുതിയാണ് മേല്‍ക്കൂരയില്‍ കയറാനുള്ള സാഹസത്തിലേക്ക് നമിത എത്തിയത്.   

ഇരുനിലവീടിന് മുകളിലിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം കണ്ട്  ചിലർ ട്രോളിയപ്പോള്‍ മറ്റു ചിലര്‍ കൂടെ നില്‍ക്കുകയാണ് ചെയ്തത്. നമിതയുടെ ഈ ചിത്രം വാര്‍ത്തയാവുകയും ചെയ്തു.

 

'ഞങ്ങളുടെ വീട് നിൽക്കുന്നിടത്ത്  നെറ്റ്‌വർക്ക് കിട്ടുന്നില്ല. ഓൺലൈൻ പഠനം തുടങ്ങിയപ്പോള്‍ ഇത് നല്ല ബുദ്ധിമുട്ടായി. തന്നെ പോലെ നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്'- നമിത പറഞ്ഞു.   

ഇപ്പോഴിതാ നമിതയ്ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് സ്വകര്യം ലഭിച്ചിരിക്കുകയാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഒരു സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം നമിതയുടെ വീട്ടിലെത്തി ഇന്‍റര്‍നെറ്റ് സ്വകര്യം ഉറപ്പാക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് വ്യാഴാഴ്ച മുതൽ നമിത പഠനം തുടങ്ങിയത്. 

 

ഇപ്പോള്‍ നന്നായി നെറ്റ് കിട്ടുന്നുവെന്നും  സന്തോഷമുണ്ടെന്നും നമിത പറഞ്ഞു. കോട്ടയ്ക്കൽ എംഎൽഎ സെയ്ദ് ആബിദ് ഹുസൈന്‍ തങ്ങള്‍ അടക്കം നിരവധി പേര്‍ വീട്ടിലെത്തി വിഷയത്തെ കുറിച്ച് തിരക്കിയെന്നും നമിത പറയുന്നു. 

Also Read: ഓൺലൈൻ ക്ലാസ്: പഠന സൗകര്യമില്ലാത്ത 15 കുട്ടികൾക്ക് ടാബ്ലറ്റും ഇന്‍റര്‍നെറ്റും നൽകി ദയാപുരം സ്കൂൾ...

click me!