കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലാത്ത 15 വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലറ്റും ഇന്റർനെറ്റ് സൗകര്യങ്ങളും നല്‍കി കോഴിക്കോട്ടെ ദയാപുരം  റെസിഡൻഷ്യൽ  സ്കൂൾ. സ്മാർട്ട് ഫോണടക്കം യാതൊരു സൗകര്യവുമില്ലാത്ത 15 പേർക്ക് ലെനോവോയുടെ എം 7 ടാബ്ലറ്റുകളാണ് നല്‍കിയത്. അധ്യാപകർ ഓരോ കുട്ടിയുടെ രക്ഷിതാവിനെയും വിളിച്ചു സംസാരിച്ചു സർവ്വേ നടത്തിയ ശേഷമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്ന് ദയാപുരം പേട്രൺ സി ടി അബ്ദുറഹീം പറഞ്ഞു.

ഫീസ് കൊടുത്തു പഠിക്കുന്ന 1800 കുട്ടികൾക്കൊപ്പം ദയാപുരം സ്കൂളിൽ മാത്രം 202 അനാഥ-സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ഷെയ്ഖ് അൻസാരി ഫൗണ്ടേഷന് കീഴിൽ സൗജന്യമായി പഠിക്കുന്നുണ്ട്. അധ്യാപകർ ഓരോ കുട്ടിയുടെ രക്ഷിതാവിനെയും വിളിച്ചു സംസാരിച്ചു സർവ്വേ നടത്തി. അപ്പോൾ സെക്കന്റ് ഹാൻഡ് സ്മാർട്ഫോണുകൾ ഉള്ളവരും തത്കാലം കുടുംബക്കാരുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ പറ്റുന്നവരും ആയി ഒരു വലിയ വിഭാഗം ഉണ്ടെങ്കിലും 15 പേർക്ക് യാതൊരു ഉപകരണങ്ങളും ഇല്ല എന്ന് മനസ്സിലായതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 

ഇവർക്ക് വേണ്ടിയാണ് ഒന്നിന് 9250 രൂപ വിലവരുന്ന ടാബുകൾ സ്ഥാപനം വാങ്ങി ഒരു മാസത്തേക്ക് കൊടുക്കുന്നത്. പിന്നീട് ആവശ്യമനുസരിച്ചു പുതുക്കിനൽകും. ഇപ്രാവശ്യത്തേക്കു ആവശ്യമായ പണം സംഘടിപ്പിച്ചത് സക്കാത്ത് ഫണ്ടിൽ നിന്നാണ്. ഇപ്പോൾ വിതരണം ചെയ്തിരിക്കുന്നത് ഒരു ഉപകാരണവുമില്ലാത്തവർക്കു മാത്രമാണെന്നും സ്കൂൾ തുറക്കുന്നതു അധികം വൈകുകയാണെങ്കിൽ തൽക്കാലം സംഘടിപ്പിച്ചു ഉപയോഗിക്കുന്നവർക്കും ടാബുകൾ നൽകേണ്ടി വരുമെന്ന് പദ്ധതിക്കു നേതൃത്വം നൽകിയ ദയാപുരം സന്നദ്ധ പ്രവർത്തകൻ ഡോ. എൻ പി ആഷ്‌ലി പറഞ്ഞു. സ്കൂൾ തുറക്കുന്ന ദിവസത്തെക്കുറിച്ചും കൊറോണ എന്താവുമെന്നതിനെക്കുറിച്ചും ഒരു വ്യക്തതയുമില്ല. ഒന്ന് രണ്ടു ആഴ്ച്ച നിരീക്ഷിച്ച ശേഷം കൂടുതൽ ടാബുകൾ വാങ്ങിക്കാനുള്ള ഫണ്ട് സമാഹരിക്കുമെന്നും ആഷ്‍ലി പറഞ്ഞു.