വജൈനല്‍ അണുബാധ മുതല്‍ ക്യാന്‍സര്‍ വരെ അകറ്റാം; സ്ത്രീകള്‍ കഴിക്കേണ്ട 6 ഭക്ഷണങ്ങള്‍...

By Web TeamFirst Published Sep 7, 2020, 12:59 PM IST
Highlights

മിക്കപ്പോഴും തങ്ങളുടെ ഉത്തരവാദിത്തങ്ങളും ജോലികളുമെല്ലാം ചെയ്തുതീര്‍ക്കുന്നിതിനിടെ ശരീരത്തെ വേണ്ടവിധം പരിപാലിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ പോകുന്ന സാഹചര്യമുണ്ട്. ഇത് പല തരത്തിലുള്ള കുറവുകളിലേക്കും സ്ത്രീയെ നയിക്കുന്നു. വജൈനല്‍ അണുബാധ മുതല്‍ വിവിധ തരം ക്യാന്‍സര്‍ വരെയുള്ള അസുഖങ്ങളിലേക്ക് മിക്കപ്പോഴും സ്ത്രീകളെ എത്തിക്കുന്നത് ഭക്ഷണകാര്യങ്ങളില്‍ കാലാകാലമായി വരുത്തുന്ന അശ്രദ്ധകള്‍ മൂലമാണെന്ന് ആരോഗ്യ വിദഗ്ധരും പഠനങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു
 

പുരുഷന്റെ ആരോഗ്യത്തില്‍ നിന്നും, ആരോഗ്യപരിപാലനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീയുടേത്. പ്രായപൂര്‍ത്തിയെത്തുന്നത് മുതല്‍ 'ആക്ടീവ്' ആയ ആര്‍ത്തവകാലം, ഗര്‍ഭാവസ്ഥ, മുലയൂട്ടല്‍, ആര്‍ത്തവവിരാമം എന്നുതുടങ്ങി സജീവമായ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ നിരന്തരം കടന്നുപോകുന്നത്. 

അതിനാല്‍ തന്നെ അവള്‍ക്ക് ആവശ്യമായി വരുന്ന പോഷകങ്ങളുടെ അളവും അതുപോലെ തന്നെ ഉയര്‍ന്നുനില്‍ക്കുന്നു. ഭക്ഷണം തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ സ്രോതസ്. എന്നാല്‍ മിക്കപ്പോഴും തങ്ങളുടെ ഉത്തരവാദിത്തങ്ങളും ജോലികളുമെല്ലാം ചെയ്തുതീര്‍ക്കുന്നിതിനിടെ ശരീരത്തെ വേണ്ടവിധം പരിപാലിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ പോകുന്ന സാഹചര്യമുണ്ട്. 

ഇത് പല തരത്തിലുള്ള കുറവുകളിലേക്കും സ്ത്രീയെ നയിക്കുന്നു. വജൈനല്‍ അണുബാധ മുതല്‍ വിവിധ തരം ക്യാന്‍സര്‍ വരെയുള്ള അസുഖങ്ങളിലേക്ക് മിക്കപ്പോഴും സ്ത്രീകളെ എത്തിക്കുന്നത് ഭക്ഷണകാര്യങ്ങളില്‍ കാലാകാലമായി വരുത്തുന്ന അശ്രദ്ധകള്‍ മൂലമാണെന്ന് ആരോഗ്യ വിദഗ്ധരും പഠനങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. 

അതിനാല്‍ ഡയറ്റുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില കാര്യങ്ങളെങ്കിലും സ്ത്രീകള്‍ മനസിലാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം സ്ത്രീകള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചറിഞ്ഞാലോ? മാര്‍ക്കറ്റില്‍ സുലഭമായതും വില കുറഞ്ഞതുമായ സാധാരണ ഭക്ഷണങ്ങള്‍ തന്നെ എല്ലാം. 

ഒന്ന്...

മിക്ക വീടുകളിലും എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് തൈര്. സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഒരു സാധനവും ഇതുതന്നെയാണ്. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യമാണ് പ്രധാനമായും സ്ത്രീകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ കാത്സ്യം വേണ്ടത് സ്ത്രീകള്‍ക്കാണ്. ഇതില്‍ കുറവ് സംഭവിക്കുമ്പോഴാണ് എല്ല് സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത്. 

 

 

നമുക്കറിയാം, ഒരു പ്രായമെത്തുമ്പോഴേക്ക് മിക്ക സ്ത്രീകളും നേരിടുന്ന ഒരു പൊതു ആരോഗ്യപ്രശ്നമാണ് എല്ല് ക്ഷയിച്ചുപോകുന്ന അവസ്ഥ. ഇത് തടയാന്‍ ആവശ്യത്തിന് കാത്സ്യം കഴിച്ചേ മതിയാകൂ. ഇതിന് പുറമെ ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനും, ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും അമിതവണ്ണം തടയാനുമെല്ലാം മിതമായ അളവില്‍ തൈര് പതിവായി കഴിക്കുന്നത് സഹായിക്കും. 

രണ്ട്..

മുട്ടയാണ് സ്ത്രീകള്‍ പതിവായി കഴിക്കേണ്ട മറ്റൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-12, 'ഫോളേറ്റ്' എന്നിവ സ്ത്രീകളുടെ ആരോഗ്യത്തിന് അടിസ്ഥാനപരമായി വേണ്ടുന്ന ഘടകങ്ങളാണ്. സ്ത്രീകളുടെ പൊതു ആരോഗ്യപ്രശ്നമായ വിളര്‍ച്ച (അനീമിയ) പരിഹരിക്കാന്‍ വിറ്റാമിന്‍ ബി-12നാകും. 

അതുപോലെ ഗര്‍ഭാവസ്ഥയില്‍ നേരിട്ടേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനും, ഹൃദ്രോഗം- ക്യാന്‍സര്‍ എന്നിവയെ അകറ്റിനിര്‍ത്താനുമാണ് 'ഫോളേറ്റ്' ഉപയോഗപ്പെടുന്നത്. മാത്രമല്ല മുട്ടയിലടങ്ങിയിരിക്കുന്ന 'കോളിന്‍' എന്ന പോഷകം സ്ത്രീകളെ സ്തനാര്‍ബുദത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നു. ഇവയ്ക്ക് പുറമെ കാത്സ്യം, വിറ്റാമിന്‍-ഡി, വിറ്റാമിന്‍- എ എന്നിവയുടെ കൂടി ഉറവിടമാണ് മുട്ട. 

മൂന്ന്...

സ്ത്രീകള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊരു ഭക്ഷണം ചീരയാണ്. അയേണ്‍, 'ഫോളേറ്റ്', വിറ്റാമിന്‍-എ, വിറ്റാമിന്‍-കെ എന്നിവയുടെ സ്രോതസാണ് ചീര. ഇവ വിളര്‍ച്ച തടയാനും ആര്‍ത്തവ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഗര്‍ഭാവസ്ഥയിലും മൂലയൂട്ടുന്ന ഘട്ടത്തിലും നേരിട്ടേക്കാവുന്ന അനുബന്ധ വിഷമതകള്‍ പരിഹരിക്കാനുമെല്ലാം സഹായകമാണ്. 

 


മാത്രമല്ല മലാശയ അര്‍ബുദം, ശ്വാസകോശാര്‍ബദും എന്നിവയെ തടയാന്‍ ചീരയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-എയും ഫൈബറുകളും സഹായകമാണത്രേ. ചീരയിലുള്ള 'ആന്റി ഓക്സിഡന്റുകള്‍' ചര്‍മ്മാരോഗ്യത്തെ കാത്തുസൂക്ഷിക്കാനും സഹായിക്കുന്നു. 

നാല്...

നാലാമതായി ഈ പട്ടികയിലുള്‍പ്പെടുന്നത് മിക്ക സ്ത്രീകളും കഴിക്കാനിഷ്ടപ്പെടുന്ന ഒരു പഴമാണ്. മറ്റൊന്നുമല്ല, പേരക്കയാണ് ഈ താരം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ഭക്ഷണത്തില്‍ നിന്ന് വേണ്ടുവോളം അയേണ്‍ പിടിച്ചെടുക്കുന്നതിന് സഹായിക്കുന്നു. ഇത് മുഖേന വിളര്‍ച്ചയുണ്ടാകുന്നത് തടയുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും എല്ലിന്റെ ആരോഗ്യത്തിനുമെല്ലാം പേരക്ക ഉത്തമം തന്നെ. 

അഞ്ച്...

ഫ്ളാക്സ് ഡീസാണ് ഈ പട്ടികയിലുള്‍പ്പെടുന്ന മറ്റൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3- ഫാറ്റി ആസിഡുകള്‍ തലച്ചോറിനും കണ്ണിനും വളരെ അവശ്യം വേണ്ടുന്ന ഘടകമാണ്. അതുപോലെ തന്നെ ആര്‍ത്തവത്തിന് മുന്നോടിയായി കാണപ്പെടുന്ന 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' അഥവാ പിഎംഎസ് എന്ന അവസ്ഥയെ മയപ്പെടുത്താനും ഇത് സഹായകമാണത്രേ. 

 

 

അതുപോലെ തന്നെ ചര്‍മ്മം, മുടി എന്നിവയുടെ ആരോഗ്യത്തിനും ഫ്ളാക്സ് സീഡ്സ് ഉത്തമം തന്നെ.

ആറ്...

അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഭക്ഷണം സോയാബീന്‍ ആണ്. അയേണ്‍, 'ഫോളേറ്റ്', കാത്സ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ചൊരു സ്രോതസാണ് സോയാബീന്‍. മിതമായ അളവില്‍ സോയാബീന്‍ കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദം പിടിപെടുന്നത് തടയുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിലടങ്ങിയിരിക്കുന്ന 'ഫൈറ്റോ ഈസ്ട്രജന്‍'ഉം സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

Also Read:- ഗർഭ പരിശോധന കിറ്റ് ഉപയോ​ഗിക്കുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങൾ...

click me!