
നീളന്‍ ഹുക്കുകളില്‍ കമ്പിളിനൂല്‍ കോര്‍ത്ത് കൈകൊണ്ട് തുന്നിയെടുക്കുന്ന കുഞ്ഞന്‍ പാവകള്‍. ഇതാണ് ക്രോഷെ പാവകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മനോഹര വസ്തുക്കള്‍. കഴിഞ്ഞ കുറേ നാളുകളായി ഈ പാവകളാണ് സുബ്ബലക്ഷ്മിയുടെ ലോകം. വെറുമൊരു ഹോബിയായി തുടങ്ങിയ ക്രോഷെ പാവ നിര്‍മാണം ഈ മിടുക്കിക്ക് ഇന്നൊരു വരുമാന മാര്‍ഗമാണ്. കളമശ്ശേരിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ ഐടിഐയിലെ സിവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സുബ്ബലക്ഷ്മി.
പ്ലസ് ടു കാലത്താണ് ഇത് ഹോബിയായി തുടങ്ങിയത്. പിന്നീട് ഇതിന്റെ സംരംഭ സാധ്യത മനസിലാക്കി. അതോടെ, പഠനത്തിനൊപ്പം വരുമാനവും വന്നുതുടങ്ങി. ആദ്യകാലങ്ങളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പാവകളെ വാങ്ങിയത്. ആവശ്യക്കാര്‍ ഏറിയതോടെ ഇതിന്റെ വാണിജ്യ സാധ്യതയും സുബ്ബലക്ഷ്മിക്ക് മുന്നില്‍ തുറന്നുവരികയായിരുന്നു.
ഹോബിയായി വരുമാനത്തിലേക്ക്
യൂട്യൂബിലെ ക്രോഷെ വീഡിയോകള്‍ കണ്ടായിരുന്നു തുടക്കം, പിന്നീട് സ്വന്തമായി നിര്‍മ്മിക്കാം എന്ന ആത്മവിശ്വാസം കിട്ടി. ക്രാഫ്റ്റിനോടുള്ള ഇഷ്ടമാണ് ക്രോഷെയിലേക്ക് എത്തിച്ചത്. വലിയ നൂലിഴകളുപയോഗിച്ച് പലവിധ പറ്റേണുകളിലൂടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. സഹോദരിയാണ് ഇതിലെ ബിസിനസ് സാധ്യത സുബ്ബലക്ഷ്മിക്ക് മുന്നില്‍ തുറന്നിട്ടത്.
കൗമാരക്കാരിയായ സുബ്ബലക്ഷ്മി ക്രോഷെയെ വരുമാനമാര്‍ഗ്ഗമാക്കുമ്പോള്‍ അസാധാരണമായ കലാരൂപം കൂടിയായാണ് പിറവിയെടുക്കുന്നത്. ക്രോഷെയില്‍ തുന്നിയെടുക്കുന്ന പാവക്കുട്ടികളും വസ്ത്രങ്ങളും മറ്റും ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുബ്ബലക്ഷ്മി വില്‍ക്കുന്നത്. ഡിസൈനും വലുപ്പവും അനുസരിച്ചുള്ള ക്രോഷെ പാവക്കുട്ടികള്‍ക്ക് നല്ല ഡിമാന്‍ഡുണ്ട്. 250 രൂപ മുതല്‍ 1000 രൂപ വരെയാണ് ക്രോഷെ പാവക്കുട്ടികളുടെ വില.
ക്രോഷെയുടെ ആദ്യപാഠം ക്ഷമ
ക്രോഷെ ചെയ്യാന്‍ നല്ല ക്ഷമ വേണം. തുടക്കത്തില്‍ ഇത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കി. ഇഷ്ടം കൊണ്ടാണ് സുബ്ബലക്ഷ്മി അതിനെ മറികടന്നത്. ക്ഷമ ഉണ്ടെങ്കില്‍ ആര്‍ക്കും ക്രോഷെ പഠിച്ചെടുക്കാന്‍ കഴിയുമെന്ന് സുബ്ബലക്ഷ്മി പറയുന്നു. ക്രോഷെ വസ്ത്രങ്ങള്‍ ചെയ്യാറുണ്ടെങ്കിലും സമയം കൂടുതല്‍ വേണം. അതാണ് കുഞ്ഞന്‍ പാവകളിലേക്ക് ശ്രദ്ധമാറിയത്. ആനിമേഷന്‍ ക്യാരക്ടറുകളോടുള്ള ഇഷ്ടവും പുതിയ പരീഷണങ്ങളിലേക്കും രൂപങ്ങളിലേക്കും എത്തിച്ചു.
തുടക്കത്തില്‍ ചെറിയ നൂലും ഹുക്കും ഉപയോഗിച്ച് പഠിക്കുന്നതാണ് നല്ലത്. ക്ഷമയോടെ ക്രോഷ ചെയ്ത് തുടങ്ങിയാല്‍ സ്വന്തമായി പാറ്റേണുകള്‍ വരെ ചെയ്യാന്‍ കഴിയുമെന്ന് സുബ്ബലക്ഷ്മി പറയുന്നു. 'mstwenty3' എന്ന് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സുബ്ബലക്ഷ്മി തന്റെ ക്രോഷ പാവകളെ വില്‍ക്കുന്നത്. ഗിഫ്റ്റ് ആയാണ് കൂടുതലും വാങ്ങുന്നത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അമ്മമാരും വാങ്ങാറുണ്ട്. പഠനത്തിനൊപ്പം സമയം കണ്ടെത്തിയാണ് സുബ്ബലക്ഷ്മി ക്രോഷെയില്‍ കരവിരുത് ഒരുക്കുന്നത്.
അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഒപ്പം പഠിക്കുന്ന കൂട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നും ഓര്‍ഡറുകള്‍ കിട്ടാറുണ്ടെന്ന് സുബ്ബലക്ഷ്മി പറയുന്നു.
ലീപ് തന്ന കൈത്താങ്ങ്
ക്രോഷെ പാവക്കുട്ടികളൊരുക്കി പ്രൊഫഷണലായി ഒരു വരുമാന മാര്‍ഗ്ഗം സുബ്ബലക്ഷ്മിക്ക് തുറന്നിട്ടുകൊടുത്തത് ലീപ് (LEAP) എന്ന സംരംഭക പരിപാടിയാണ്. ഉദ്യം ലേണിംഗ് ഫൗണ്ടേഷന്റെയും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ലീപ്. വ്യത്യസ്തമായ ഒരാശയത്തെ സംരംഭത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്തെ ഗവണ്‍മെന്റ് ഐടിഐകളിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുകയാണ് ലീപ് ചെയ്യുന്നത്.
സംരംഭകത്വവും സ്‌കില്ലും വികസിപ്പിച്ച് ഐടിഐകളില്‍ നിന്ന് ട്രെയിനി സംരംഭകരെ വളര്‍ത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് ലീപ്. ഈ സഹായത്തിന്റെ ബലത്തില്‍ സുബ്ബലക്ഷ്മിയെ പോലെ നിരവധി വിദ്യാര്‍ത്ഥികളാണ് പഠനകാലത്ത് സംരംഭകത്വത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.