
മനുഷ്യരെ കൂടുതൽ അറിയണമെങ്കിൽ ഒരുപാട് യാത്രകൾ ചെയ്യണം, അവരുടെ ചരിത്രം അറിയണം, അവരുടെ ഭക്ഷണം അറിയണം. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഗൗരിയുടെ വാക്കുകളാണിത്. ചെറുപ്പം മുതൽ അച്ഛൻ പോകുന്ന യാത്ര അനുഭവങ്ങളെക്കുറിച്ച് കേട്ടുവളർന്നവൾ. എവിടെച്ചെന്നാലും അപരിചിതരുമായി അച്ഛൻ പെട്ടെന്ന് സൗഹൃദത്തിലാകുന്നത് കൗതുകത്തോടെ കണ്ടുനിന്നവൾ. വളരെ ചെറുപ്പത്തിൽ തന്നെ കാർട്ടൂണുകൾക്ക് പകരം ഡിസ്കവറി ചാനലുകൾ കാണാനായിരുന്നു ഗൗരിക്ക് ഇഷ്ടം. അവിടെനിന്നുമാണ് ഗൗരിയെന്ന സോളോ ട്രാവലർ വളരുന്നത്. പറഞ്ഞുവരുന്നത് ഗൗരിയുടെ യാത്രാകഥകളെകുറിച്ചാണ്. ഇതുവരെ 22 സംസ്ഥാനങ്ങളും 10 രാജ്യങ്ങളുമാണ് ഗൗരി ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുള്ളത്.
യാത്ര ചെയ്യുന്ന സമയത്ത് നല്ലതും ചീത്തയുമായി നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ഒറ്റയ്ക്ക് പോകുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാനും അതൊക്കെ പരിചയപ്പെടാനും സാധിക്കും. ചില മനുഷ്യർ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. അവരുടെ സംസ്ക്കാരവും ഭക്ഷണവുമൊക്കെ നമുക്ക് സ്നേഹത്തോടെ പരിചയപ്പെടുത്തി തരുമെന്നും ഗൗരി പറയുന്നു. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം യാത്രകൾ ചെയ്യാറുണ്ടെങ്കിലും ഒറ്റയ്ക്ക് പോകുന്നതാണ് ഗൗരിക്കിഷ്ടം. നമുക്ക് പരിചയമുള്ളവർക്കൊപ്പം പോകുമ്പോൾ നമ്മുടെ യാത്രകൾ അവരിലേക്ക് മാത്രമായി ചുരുങ്ങും. എന്നാൽ ഒറ്റയ്ക്ക് പോകുമ്പോൾ ഒരുപാട് ആളുകളെ കാണാനും അവരെ പരിചയപ്പെടാനും അവസരങ്ങൾ ലഭിക്കുമെന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും ഗൗരി പറയുന്നു.
പെൺകുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഒരുപാട് പരിമിതികൾ ഉണ്ടാകും. പ്രധാനമായും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് നമുക്ക് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ യാത്ര ചെയ്യാൻ ഒരു സ്ഥലം തെരഞ്ഞെടുക്കുമ്പോൾ നമുക്ക് അനുയോജ്യമായ സ്ഥലമാണോ എന്നാകും ആദ്യം ചിന്തിക്കുക. അതിന്റെ കാരണം പലപ്പോഴായി പലരും പറഞ്ഞുകേട്ട, അല്ലെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് അപകടമാണെന്ന ചിന്താഗതിയാണ്. എന്നാൽ അതിൽനിന്നും പുറത്തുവന്നാൽ നമുക്ക് ആശങ്കകൾ ഇല്ലാതെ എവിടെയും പോകാൻ സാധിക്കും. അപ്പോൾ മനസിലാകും നമ്മൾ വിചാരിച്ചതുപോലെ പേടിക്കേണ്ടതല്ല ലോകം. ഇവിടെ മോശം മനുഷ്യരെക്കാളും നല്ല മനുഷ്യർ തന്നെയാണ് കൂടുതലും ഉള്ളതെന്ന്.
പോകണമെന്ന് ആഗ്രഹിച്ചിട്ട് പോകാൻ കഴിയാത്ത ഒരുപാട് സ്ഥലങ്ങളുണ്ട്. അതിനുമുമ്പ് നമ്മൾ മനസിലാക്കേണ്ടത് നമ്മൾ ഒരു സ്ഥലത്ത് പോകണമെന്ന് ആഗ്രഹിച്ചാൽ ആ സ്ഥലം നമ്മളെയും തിരിച്ച് ആഗ്രഹിക്കണം. എന്നാൽ മാത്രമേ നമുക്ക് അവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളു. യാത്രകൾ എനിക്ക് വെറും വിനോദം മാത്രമല്ല, ഒരു ബുക്ക് വായിക്കുന്നതിനും, ഡോക്യൂമെന്ററി കാണുന്നതിനേക്കാളും അറിവ്, യാത്രകൾ ചെയ്യുമ്പോൾ നമുക്ക് ലഭിക്കും. കിലോമീറ്ററുകൾ കഴിയുന്നതിന് അനുസരിച്ച് മനുഷ്യരുടെ ജീവിതവും ജീവിത രീതികളും ആശയങ്ങളും മാറുന്നു. എന്നിരുന്നാൽ പോലും മനുഷ്യർക്കിടയിൽ ഒരുപാട് സമാനതകളുണ്ട്. അതൊക്കെ തിരിച്ചറിയാൻ കൂടിയാണ് യാത്രകൾ ചെയ്യുന്നത്. ഇന്ന് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും യാത്രകളാണെന്ന് അഭിമാനത്തോടെ ഗൗരി പറയുന്നു.
17-ാം വയസിലാണ് ഗൗരി തന്റെ യാത്രകൾ ആരംഭിച്ചത്. ആ സമയം ഇന്നത്തെ അത്രയും സാങ്കേതിക സംവിധാനങ്ങൾ ഇല്ലായിരുന്നു. പോകുന്ന സ്ഥലങ്ങളിലേക്ക് ഹോട്ടൽ ബുക്ക് ചെയ്യാനോ, യാത്ര സംവിധാനങ്ങളെക്കുറിച്ച് അറിയാനോ ഒന്നും സാധിക്കില്ലായിരുന്നു. അന്നൊക്കെ ഒറ്റയ്ക്കൊരു പെൺകുട്ടി റൂം ചോദിച്ചെത്തിയാൽ ലഭിക്കാത്തൊരു സാഹചര്യവും ഉണ്ടായിരുന്നു. അതിനാൽ തന്നെ യാത്രകൾ പകൽ സമയങ്ങളിലായി ചുരുക്കേണ്ടി വന്നിട്ടുണ്ട്. അതായിരുന്നു ആദ്യകാലങ്ങളിൽ യാത്രയിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെന്ന് ഗൗരി പറയുന്നു.
യാത്രകൾ ചെയ്ത് തുടങ്ങിയതിന് ശേഷം എന്തും ഒറ്റയ്ക്ക് നേരിടാനുള്ള ആത്മവിശ്വാസം എനിക്ക് ലഭിച്ചു. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ നമുക്ക് അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടിയും പ്രതീക്ഷിക്കാത്ത കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടിയും വരും. ഇത് ജീവിതത്തിൽ എന്തും നേരിടാനുള്ള ധൈര്യം നമുക്ക് തരുന്നു. യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരോട് ഗൗരിക്ക് ഒന്ന് മാത്രമേ പറയാനുള്ളു. ആരും പറയുന്നത് കേട്ട് എങ്ങോട്ടും പോകരുത്. പകരം നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് പോവുക. എങ്കിൽ മാത്രമേ ആ യാത്ര പൂർണമാവുകയുള്ളു എന്ന് ഗൗരി പറയുന്നു. അതേസമയം ഇനിയും ഒരുപാട് യാത്രകൾ ചെയ്യണമെന്നും അറിവുകൾ നേടണമെന്നതുമാണ് ഗൗരിയുടെ ആഗ്രഹം.