
'കല്യാണം കഴിപ്പിച്ചു വിടുമ്പോൾ ഞാൻ എന്റെ മകളോട് പറഞ്ഞിട്ടുണ്ട്, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഇങ്ങോട്ടൊന്നും വന്നേക്കരുത്, നീ തന്നെ എങ്ങനെയെങ്കിലും അതു പരിഹരിച്ചോളൂ', ഇതു കേൾക്കുമ്പോൾ പെൺകുട്ടികളെ കല്യാണം കഴിച്ചയക്കുമ്പോൾ മാതാപിതാക്കൾ തമാശയായി പറയുന്ന ഒരു കാര്യം എന്നു തോന്നും. ഇത് തമാശയ്ക്കപ്പുറം വളരെ ഗൗരവമായി കാണേണ്ട കാര്യമാണ്. എല്ലാ മാതാപിതാക്കളും ഇങ്ങനെ ചിന്തിക്കുന്നു എന്നല്ല. പക്ഷേ ഈ കാലത്തും നല്ലൊരു ശതമാനം മാതാപിതാക്കളും പെൺമക്കൾ ഭർത്താവിന്റെ വീട്ടിൽ നേരിടുന്ന പ്രശ്നങ്ങൾ പറഞ്ഞാൽ അതു ഗൗരവമായി എടുക്കാത്തത്, അഡ്ജസ്റ്റ് ചെയ്യാൻ പറയുന്നത് സമൂഹത്തെ പേടിക്കുന്നു എന്നതുകൊണ്ടാണ്.
മാതാപിതാക്കൾ സങ്കടപ്പെടണ്ട എന്നു കരുതി വർഷങ്ങളോളം ഗാർഹിക പീഡനത്തിന് ഇരയാകുന്നു എന്ന കാര്യം ആരെയും അറിയിക്കാതെ സഹിക്കുന്ന സ്ത്രീകളും ഉണ്ട്. ഗാർഹിക പീഡനം സഹിക്കേണ്ട ആവശ്യമില്ല, അങ്ങനെ ഉള്ള വിവാഹജീവിതത്തിന്റെ പുറത്തേക്കു വരുന്നതാണ് നല്ലത് എന്ന് ധൈര്യമായി ചിന്തിക്കാൻ ഒരു വ്യക്തിയെ അനുവദിക്കുന്ന ഒരു സമൂഹമായി ഇന്നും നമ്മൾ മാറിയിട്ടില്ല എന്നതാണ് സത്യം.
വിവാഹമോചനം അനിവാര്യമായി വരുന്ന ഒരു സാഹചര്യമാണ് ഗാർഹിക പീഡനം. മദ്യം-മയക്കു മരുന്ന് ഉപയോഗം, അമിതമായ ദേഷ്യം, എടുത്തുചാട്ടമുള്ള സ്വഭാവം, സംശയരോഗം, മറ്റൊരാളെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റിക് സ്വഭാവം എന്നിവ ഉള്ളവർ പങ്കാളിയെ ഉപദ്രവിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇത് പറയുമ്പോൾ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഒരുപാട് പ്രശ്നങ്ങൾ സഹിക്കുന്നുണ്ട് എന്നു പറഞ്ഞുകൊണ്ട് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്ന ഒരു രീതിയും കാണാറുണ്ട്.
മുൻപ് പറഞ്ഞ ദേഷ്യം മുതലായ സ്വഭാവ വൈകല്യങ്ങൾ ഉള്ള വ്യക്തിയാണ് ഭാര്യ എങ്കിൽ അവർ ഭർത്താവിനെ ദേഹോപദ്രവം ഏല്പിക്കുക, മാനസികമായി ബുദ്ധിമുട്ടിൽ ആക്കുക എന്നിവ നടക്കാൻ വളരെ സാധ്യതയുണ്ട്. പക്ഷേ കണക്കുകൾ നോക്കുമ്പോൾ ഗാർഹിക പീഡനം നടത്തുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. ലഹരി ഉപയോഗവും, മനസ്സിലെ ദേഷ്യം പുറമെ പ്രകടിപ്പിക്കുന്ന രീതിയും മറ്റും സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് കൂടുതൽ എന്നതിനാലൊക്കെ ആകാം അത്.
ഭാര്യവും, ഭർത്താവും രണ്ടുപേർക്കും വ്യക്തിത്വ പ്രശ്നങ്ങൾ ഉള്ള കേസുകളും കാണാറുണ്ട്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വലിയ ദേഷ്യം പ്രകടമാക്കുക, ദേഹോപദ്രവം ഏല്പിക്കുക എന്ന അവസ്ഥ. ഇങ്ങനെയുള്ള കേസുകളിൽപോലും മറ്റുള്ളവർ എന്തുപറയും ഡിവോഴ്സ് ഒന്നും വേണ്ട എന്നു പറഞ്ഞു പിന്നെയും അവരെ പിരിയാൻ അനുവദിക്കാതെ പിടിച്ചു നിർത്തുന്ന കുടുംബാംഗങ്ങളെ കാണാം. ഇത്തരം സാഹചര്യങ്ങളിൽ ഒക്കെ കുറച്ചുകൂടി യാഥാർഥ്യബോധത്തോടെ ചിന്തിക്കണം. പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാതെ തീരുമാനങ്ങൾ എടുക്കാൻ കഴിയണം.
ചെറിയ പ്രായം മുതൽ മനസ്സിനു വലിയ ആഘാതം ഏൽക്കുന്ന അനുഭവങ്ങൾ നേരിടുക, ഒറ്റപ്പെടൽ അനുഭവിക്കുക, മാതാപിതാക്കളിൽ നിന്നും സ്നേഹം കിട്ടാതെ വരിക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളവരിൽ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അവർക്കു പങ്കാളിയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളതായി മാറാം. അത്തരം സാഹചര്യങ്ങളിൽ അവരുടെ വൈകാരിക പ്രശ്നങ്ങൾ മനഃശാസ്ത്ര ചികിത്സയിലൂടെ ഭേദപ്പെടുത്തിയാൽ മാത്രമേ വിവാഹ ജീവിതം മെച്ചപ്പെടുത്താൻ കഴിയൂ.
അതിനു പകരം എങ്ങനെയും ഈ വിവാഹത്തിൽ അവർ തുടർന്നേ മതിയാകൂ എന്ന പ്രഷർ അവർക്കു നൽകുന്നത് വലിയ അപകടമാണ്. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കൂടെ നിൽക്കാൻ പങ്കാളി ശ്രമിക്കാതെ അവരെ കൂടുതൽ കുറ്റപ്പെടുത്തുന്ന സമീപനമാണ് എങ്കിൽ ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടുപോകാം. ആത്മഹത്യാ ചിന്തകൾ ഉണ്ടാകാൻ ഇതു കാരണമാകുന്നു.
പങ്കാളിയുടെ ക്രൂരത സഹിക്കേണ്ടിവരുന്ന സാഹചര്യത്തിൽ എങ്ങനെ ആ അപകടകരമായ സാഹചര്യത്തിൽ നിന്നും പുറത്തേക്കു വരാൻ ധൈര്യം കാണിക്കണം എന്ന് ചിന്തിക്കണം. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകമാണ്. എന്നാൽ ഇങ്ങനെ ഗാർഹിക പീഡനങ്ങൾ കൂടുതലായി അനുഭവിക്കുന്നത് സ്ത്രീകളാണ്. അത് ജോലി, സാമ്പത്തികാവസ്ഥ, സ്വന്തം കുടുംബത്തിന്റെ പിന്തുണ എന്നിവ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് കുറവാണ് എന്നതുകൊണ്ടാകാം.
എങ്ങനെ ചെറുത്തുനിൽക്കാൻ ശ്രമിക്കണം
വിവാഹത്തിലേക്ക് കടക്കുമ്പോൾ നീ എങ്ങനെയും അഡ്ജസ്റ്റ് ചെയ്യണം എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിനു പകരം സ്വന്തം വില എന്താണെന്നു സ്വയം തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കണം. വിവാഹമെന്നാൽ സ്ത്രീകൾ ത്യാഗം ചെയ്യേണ്ട ഒന്നാണ് എന്നതിനു പകരം, നിങ്ങൾ രണ്ടുപേരും സന്തോഷമായി ജീവിക്കണം, രണ്ടുപേരുടെയും സന്തോഷം പ്രധാനമാണ് എന്ന് പറഞ്ഞു പഠിപ്പിക്കണം. നോ പറയേണ്ടിടത്തു നോ പറയണം, അതൊരു തെറ്റല്ല എന്ന് പെൺകുട്ടികളെ പഠിപ്പിക്കണം.
വിവാഹശേഷം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മാതാപിതാക്കളോടോ മറ്റുള്ളവരോടോ ചർച്ച ചെയ്യണം. നമ്മുടെ വീട്ടിലെ പ്രശ്നങ്ങൾ ആരും അറിയരുത് എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം ഒരു പ്രശ്നം വന്നാൽ അത് തുറന്നു പറയാനും പരിഹരിക്കാൻ കഴിയുമോ എന്ന് ശ്രമിക്കാനും അവരെ പ്രാപ്തരാക്കണം. ഏതു വീട്ടിലാണ് ഇങ്ങനെ പ്രശ്നങ്ങൾ ഇല്ലാത്തത് എന്ന് പറഞ്ഞു നിസ്സാരമാക്കാതെ ഓരോ വീട്ടിലെയും പ്രശ്നങ്ങൾ വ്യത്യസ്തമാണെന്നും, ഗുരുതരമായവ സഹിച്ചു മുന്നോട്ടു പോകാതെ തുറന്നു പറയണമെന്ന് അവരെ പഠിപ്പിക്കണം. പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരികളായി കാണുന്ന ഒരു രീതി സമൂഹത്തിൽ ഉണ്ട്.
പ്രശ്നങ്ങളുടെ തീവ്രത മനസ്സിലാക്കിവേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ഗാർഹിക പീഡനം എന്നാൽ ശാരീരികവും മാനസികവുമായ ക്രൂരതയ്ക്ക് ഒരു വ്യക്തി ഇരയാകുന്ന അവസ്ഥയാണ്. അതിന് ഇരയാവുന്ന വ്യക്തിയുടെ ജീവൻവരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇരയായ വ്യക്തിയെ കളിയാക്കുന്നത് ഇങ്ങനെയുള്ള അതിക്രമങ്ങളെ തുറന്നു പറയാൻ ഇനിയും ആളുകൾ മടിക്കാൻ കാരണമാകും.
സുരക്തിതമായ സാഹചര്യം വിവാഹത്തിന്റെ ആദ്യ നാളുകൾ മുതലേ ഉറപ്പാക്കണം. അതിൽ സ്വന്തം കാലിൽ നിൽക്കാൻ കഴിയുക എന്നതു വളരെ പ്രധാനമാണ്. ജോലി ഉണ്ടാവുക, സ്വന്തമായി പണം കൈകാര്യം ചെയ്യാൻ കഴിയുക, മറ്റൊരാളെ എപ്പോഴും ആശ്രയിക്കാതെ ജീവിക്കാൻ കഴിയുക എന്നതെല്ലാം പ്രധാനമാണ്. ഭാര്യയുടെ ശമ്പളം ഭർത്താവു തന്നെ കൈകാര്യം ചെയ്യും, അതിൽ ഭാര്യക്ക് അവകാശമില്ല എന്നു നിയമംപോലെ പാലിക്കുന്ന കുടുംബങ്ങൾ ഉണ്ട്. അത്തരം രീതികൾ ഒക്കെ സ്ത്രീക്കൾക്കു ബഹുമാനവും, സ്വാതന്ത്ര്യവും അർഹിക്കുന്നില്ല എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്.
സ്ത്രീകളെ ജോലിക്കു പോകാനും പഠിക്കാനും അനുവദിക്കാത്ത അവസ്ഥകൾ വിവാഹശേഷം ഉണ്ടാകാറുണ്ട്. അതിനുശേഷം നീ സൗകര്യം ഉണ്ടെങ്കിൽ എവിടെ താമസിച്ചാൽ മതി എന്ന് പ്രഖ്യാപിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്. ഇങ്ങനെ നിയന്ത്രണങ്ങൾ വെച്ചു സ്ത്രീകൾക്ക് ഒരു സ്വാതന്ത്ര്യവും കൊടുക്കാതെ ഇരിക്കുമ്പോൾ അവരുടെ മനസ്സു മടുത്തുപോകും. പതുക്കെ വിഷാദരോഗത്തിലേക്കു പോകും. ഇതു പിന്നീട് ആത്മഹത്യയിലേക്കു വരെ നയിക്കാം. സ്ത്രീക്കൾക്കു ജോലിയും സാമ്പത്തിക സ്വാതന്ത്ര്യവും വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടായിരിക്കണം.
പെൺകുട്ടികൾക്ക് കുടുംബത്തിന്റെ സപ്പോർട്ട് വളരെയധികം പ്രധാനമാണ്. വിവാഹം കഴിപ്പിച്ചു പെൺകുട്ടികളെ ബാധ്യത ഒഴിവാക്കുന്നതുപോലെ കരുതുന്നത് വലിയ പ്രശ്നമാണ്. ആൺകുട്ടികളെപോലെതന്നെ പെൺകുട്ടികളുടെ ജീവിതവും വിലമതിക്കുന്നതാണ് എന്ന് ചിന്തിക്കണം. വിവാഹം ഉറപ്പിച്ചശേഷം തന്നെ പയ്യന്റെ സ്വഭാവം പ്രശ്നമാണ് എന്ന് മനസ്സിലായി, ഇനി വിവാഹം വേണ്ടാന്നുവെച്ചാൽ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി വിവാഹം നടത്തി- ഇതുപോലെയുള്ള തീരുമാനങ്ങൾ മാറേണ്ട സമയം അതിക്രമിച്ചു.
എന്തു പ്രശ്നം വന്നാലും മകൾക്കു മാതാപിതാക്കളെ സമീപിക്കാം എന്ന നിലയിൽ പെൺകുട്ടികളെ വളർത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ ഗാർഹിക പീഡനം ജീവിതാവസാനം വരെ സഹിക്കുന്ന അവസ്ഥയിൽ നിന്നും സ്ത്രീകളെ രക്ഷിക്കാൻ കഴിയൂ.