
സുരക്ഷിതമായി പറഞ്ഞ എത്തിക്കുമെന്ന് പ്രതീക്ഷിച്ച ഊബർ ഡ്രൈവർ തന്നെ യാത്രയ്ക്കിടെ ഉറങ്ങിയാലുള്ള അവസ്ഥയെ കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. അങ്ങനെയൊരു സംഭവമാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്നത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. 28 വയസുള്ള യുവതി മുംബൈയിൽ നിന്നും പൂനെയിലേക്ക് പോകുന്നതിനായാണ് ഊബർ ടാക്സി വിളിച്ചത്. എന്നാൽ യാത്രാ മധ്യേ ഡ്രൈവർ ഉറങ്ങിപ്പോയി. യാത്രാമധ്യേയുള്ള ഗതാഗതക്കുരുക്കിൽ അകപ്പെട്ടപ്പോഴായിരുന്നു ഡ്രൈവര്‍ ഉറങ്ങിപ്പോയത്. മറ്റൊരു വാഹനം വന്ന് ചെറിയ രീതിയിൽ കാറിനെ ഇടിക്കുകയും ചെയ്തു. തുടർന്നാണ് യാത്രക്കാരിയായ യുവതി ഗതാഗതക്കുരുക്കിൽ നിന്നും കാർ എടുത്തത്.
തേജസ്വിനി ദിവ്യ നായിക് എന്ന യുവതിയാണ് തന്‍റെ ഈ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കൃത്യസമയത്ത് തേജസ്വിനിയുടെ ഇടപെടല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങുന്നതിന്റെ ചിത്രങ്ങൾ തേജസ്വിനി പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
'ദൈവമേ... നന്ദി. ഇതു സംഭവിക്കുമ്പോൾ ഞാൻ ഉറങ്ങാതിരുന്നതിനാലാണ് ഇപ്പോഴും ഞാന്‍ ജീവനോടെയിരിക്കുന്നത്. മറ്റുള്ളവരുടെ ജീവന്‍ വെച്ച് ചിലര്‍ കളിക്കുകയാണ് '- തേജസ്വിനി കുറിച്ചു. സംഭവത്തിൽ ഊബർ യുവതിയോട് മാപ്പ് പറയുകയും ചെയ്തു.