
ഗർഭധാരണത്തെയും ജോലിസ്ഥലത്തെ വിവേചനത്തെയും കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തി യുവതിയുടെ റെഡ്ഡിറ്റ് പോസ്റ്റ്. എട്ട് മാസം ഗർഭിണിയായിരിക്കുമ്പോൾ തൊഴിലുടമ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് റെഡ്ഡിറ്റ് പോസ്റ്റിൽ യുവതി അവകാശപ്പെടുന്നു. ‘ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകളും മാനസികാരോഗ്യ പ്രശ്നങ്ങളും കാരണമാണ് തന്നെ പിരിച്ചുവിടാനുള്ള തീരുമാനം കമ്പനി കൈക്കൊണ്ടത്.’
പിരിച്ചുവിടൽ തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് യുവതി പോസ്റ്റിൽ പറയുന്നു. ‘പിരിച്ചുവിടലിന്റെ സമയവും, ഗർഭധാരണമാണ് തന്നെ പിരിച്ചുവിടാൻ കരണമായതെന്ന സംശയവും മനസ്സിന് കൂടുതൽ ആഘാതമുണ്ടാക്കി.’ ഈ പോസ്റ്റ് ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ഫോറത്തിൽ അതിനെക്കുറിച്ച് ഒരു ചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്യുകയായിരുന്നു.
പിരിച്ചുവിടലിനെതിരെ പോരാടാനുള്ള ശക്തി തനിക്കുണ്ടോ എന്ന് ഉറപ്പില്ലെന്നും അവർ പോസ്റ്റിൽ പറയുന്നു. ഭാഗ്യവശാൽ, തന്റെ ഭർത്താവിന് നല്ല ജോലിയുള്ളതിനാലും അദ്ദേഹത്തിന്റെ ഇൻഷുറൻസ് തുക തനിക്ക് ലഭിക്കുന്നതിനാലും പണത്തിന് ഒരു കുറവുമില്ലെന്നും യുവതി കൂട്ടിച്ചേർത്തു. എങ്കിലും ഈ സാഹചര്യത്തിൽ അവർ കടുത്ത നിരാശ പ്രകടിപ്പിച്ചു. ഇതിൽ നിന്ന് എളുപ്പത്തിൽ കരകയറാനും മുന്നോട്ട് പോകാനും തനിക്ക് കഴിയുന്നില്ല. പ്രസവാനന്തര പരിചരണ കാലയളവ് മൂലമുണ്ടാകുന്ന തൊഴിൽ വിടവിനെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു.
പോസ്റ്റ് വൈറലായതോടെ യുവതിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ സഹതാപം പ്രകടിപ്പിച്ചുകൊണ്ട്, പലരും യുവതിയോട് ഒരു അഭിഭാഷകനെ സമീപിച്ച് തീരുമാനത്തിനെതിരെ പോരാടാൻ ഉപദേശിച്ചു. ഇത് 'മടിയനാകേണ്ട സമയമല്ല എന്നും നാളെ അവർ മറ്റൊരാളോടും ഇത് തന്നെ ചെയ്യും എന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
കമ്പനിയുടെ നീക്കം നിയമവിരുദ്ധമാണെന്ന് മറ്റൊരാൾ വാദിച്ചു. ഗർഭധാരണത്തിന്റെ പേരിൽ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്നും കമന്റുകൾ വന്നു. അതേസമയം ഇത്തരത്തിലുള്ള വിവേചനം തെളിയിക്കുന്നത് എളുപ്പമല്ലെന്ന് മറ്റൊരാൾ പ്രതികരിച്ചു. ജോലിയിൽ നിന്നും പുറത്താക്കിയതിന് ഗർഭധാരണം ഒരു കാരണമാണെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാണെന്ന് ഈ കമന്റിൽ പറയുന്നു.
നിയമപരിരക്ഷ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, അതിനെതിരെ പോരാടുന്നതിനെക്കുറിച്ച് തനിക്ക് ഉറപ്പില്ലെന്ന് അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട് യുവതി പറഞ്ഞു. അഭിഭാഷകരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരിൽ ഭൂരിഭാഗവും തന്റെ കേസ് ഏറ്റെടുക്കാൻ തയ്യാറായില്ലെന്നും അവർ വെളിപ്പെടുത്തി.
ഈ പോസ്റ്റ് പ്രസവാവധിയുമായും ജോലിസ്ഥലത്തെ വിവേചനങ്ങളുമായും ബന്ധപ്പെട്ട നിയമപരമായ പരിരക്ഷകളെക്കുറിച്ചുള്ള വ്യപാകമായ ചർച്ചകൾക്ക് തുടക്കമിട്ടു. ഗർഭിണി ആയതിനാലോ പ്രസവാവധിയിൽ ആണെന്നതിനാലോ തൊഴിലുടമകൾക്ക് ഒരു സ്ത്രീയെ പിരിച്ചുവിടാനോ ഒഴിവാക്കാനോ കഴിയില്ലെന്ന് ഇന്ത്യൻ തൊഴിൽ നിയമം വ്യക്തമാക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.