ഒരേ സമയം ഗര്‍ഭം ധരിച്ചു; ഒരുമിച്ച് പ്രസവിക്കാനൊരുങ്ങി 'ലെസ്ബിയന്‍' ജോഡി

By Web TeamFirst Published May 7, 2020, 9:17 PM IST
Highlights

സുഹൃത്തുക്കളെയെല്ലാം വിളിച്ച് വലിയ പാര്‍ട്ടി നല്‍കാനുള്ള ഒരുക്കത്തിലാണ് കേയ്റ്റും ടാരിനും. ഇതിനിടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ആഗ്രഹിക്കുന്ന സ്വവര്‍ഗാനുരാഗികളായ ധാരാളം പേര്‍ അന്വേഷണങ്ങളും സംശയങ്ങളുമായി സമീപിക്കാന്‍ തുടങ്ങിയതോടെ ഇരുവരും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ജീവിതം ആര്‍ക്കെങ്കിലും മാതൃകയാവുന്നതിലും പ്രചോദനമാകുന്നതിലും സന്തോഷമാണെന്നും അതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു

സ്വവര്‍ഗരതിയെക്കുറിച്ച് വളരെയധികം അശാസ്ത്രീയവും മനുഷ്യത്വവിരുദ്ധവുമായ കാഴ്ചപ്പാടുകളാണ് നമ്മുടെ സമൂഹത്തില്‍ കാലങ്ങളായി നിലനിന്നിരുന്നത്. എന്നാല്‍ നിലവില്‍ ഈ അവസ്ഥകള്‍ക്കെല്ലാം വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പോലും സ്വവര്‍ഗാനുരാഗികളെ അനുഭാവപൂര്‍വ്വം കണക്കിലെടുക്കാന്‍ തുടങ്ങിയതോടെ സമൂഹത്തിന്റെ വീക്ഷണങ്ങളിലും ഗണ്യമായ വ്യത്യാസം വന്നുതുടങ്ങി. 

പുരുഷന്‍, പുരുഷനെ വിവാഹം ചെയ്യുന്നതും സ്ത്രീ, സ്ത്രീയുമായി കഴിയുന്നതുമെല്ലാം മാനസിക വൈകല്യമാണെന്ന ചിന്തയില്‍ നിന്ന് മാറി, അതെല്ലാം ലൈംഗികതയുടെയും പ്രകൃതിയുടേയും വ്യത്യാസപ്പെട്ട വായനകളും നിലനില്‍പുമാണെന്ന് നമ്മള്‍ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. 

ഒരുമിച്ച് ജീവിക്കാനുള്ള അവകാശം മാത്രമല്ല, കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരെ വളര്‍ത്താനും ദത്തെടുക്കാനും കുടുംബമായി ജീവിക്കാനുമെല്ലാമുള്ള അവകാശങ്ങള്‍ അവര്‍ക്കുണ്ട്. ഏത് സാധാരണക്കാരെയും പോലെ തന്നെ അത്തരം ആഗ്രഹങ്ങള്‍ അവരും സൂക്ഷിക്കുന്നുണ്ട്. ഈ ആഗ്രഹങ്ങളുടെയെല്ലാം സഫലീകരണത്തിനായി സ്വവര്‍ഗാനുരാഗികള്‍ മുന്നിട്ടിറങ്ങുകയും ഇപ്പോള്‍ ചെയ്യുന്നുണ്ട്. അത്തരമൊരു സന്തോഷപ്രദമായ വാര്‍ത്തയാണ് ന്യുസീലാന്‍ഡില്‍ നിന്ന് വരുന്നത്. 

മുപ്പത്തിമൂന്നുകാരിയായ കേയ്റ്റ് ബുച്‌നാനും മുപ്പത്തിയൊന്നുകാരിയായ ടാരിന്‍ കെമിംഗും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തതിനൊപ്പം തന്നെ കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹവും വിടാതെ സൂക്ഷിച്ചിരുന്നു. അങ്ങനെ വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വളരെ ചിലവേറിയ നടപടിക്രമമാണെന്നറിഞ്ഞിട്ടും കൃത്രിമ ബീജസങ്കലനത്തിന് വിധേയരാകാന്‍  ഇരുവരും തീരുമാനിച്ചു. 

തുടര്‍ന്ന് ബീജം നല്‍കാന്‍ തയ്യാറുള്ള, തങ്ങള്‍ക്ക് കൂടി താല്‍പര്യമുള്ള ഒരു വ്യക്തിക്ക് വേണ്ടിയുള്ള തിരച്ചിലായി. രണ്ട് പേര്‍ക്കും ഒരാളില്‍ നിന്ന് തന്നെ മതി ബീജമെന്ന് നേരത്തേ ഉറപ്പിച്ചിരുന്നു. അതനുസരിച്ചായിരുന്നു ദാതാവിന് വേണ്ടിയുള്ള അന്വേഷണം നടത്തിയതും. 

Also Read:- ഗേ ദമ്പതികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ കണ്ടെത്തല്‍ ഇങ്ങനെ...

ഒടുവില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സഹായത്തോടെ അനുയോജ്യനായ ഒരാളെ കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പാരമ്പര്യവും മെഡിക്കല്‍ ഹിസ്റ്ററിയും പരിശോധിക്കുകയായിരുന്നു അടുത്ത പടി. അക്കാര്യങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയായതോടെ അമ്മയാകാന്‍ ഇരുവരും ശരീരം കൊണ്ടും മനസുകൊണ്ടും തയ്യാറായി. 

വൈകാതെ ഇരുവരും ഗര്‍ഭിണികളാണെന്ന പരിശോധനാഫലം വന്നു. 12 ദിവസങ്ങളുടെ മാത്രം വ്യത്യാസമേ ഇവരുടെ കുഞ്ഞുങ്ങള്‍ക്കുള്ളൂ. ഇപ്പോള്‍ കേയ്റ്റിന് രണ്ടര മാസവും ടാരിന് രണ്ട് മാസവും ആയി. പ്രസവമെല്ലാം ഏതാണ്ട് ഒരേസമയത്തായിരിക്കുമെന്നാണ് ഇരുവരുടേയും പ്രതീക്ഷ. വൈകാതെ വിവാഹവും കാണും. 

സുഹൃത്തുക്കളെയെല്ലാം വിളിച്ച് വലിയ പാര്‍ട്ടി നല്‍കാനുള്ള ഒരുക്കത്തിലാണ് കേയ്റ്റും ടാരിനും. ഇതിനിടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ആഗ്രഹിക്കുന്ന സ്വവര്‍ഗാനുരാഗികളായ ധാരാളം പേര്‍ അന്വേഷണങ്ങളും സംശയങ്ങളുമായി സമീപിക്കാന്‍ തുടങ്ങിയതോടെ ഇരുവരും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ജീവിതം ആര്‍ക്കെങ്കിലും മാതൃകയാവുന്നതിലും പ്രചോദനമാകുന്നതിലും സന്തോഷമാണെന്നും അതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. വരാനിരിക്കുന്നത് ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്കിടാനുള്ള പേരുകള്‍ വരെ ഇരുവരുടേയും സുഹൃത്തുക്കള്‍ കണ്ടുവച്ചിട്ടുണ്ടത്രേ. ഈ സന്തോഷം ജീവിതത്തിലുടനീളം ഉണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഇനിയുള്ളൂവെന്ന് ഇവര്‍ പറയുന്നു...

Also Read:- 14-ാം വയസില്‍ വിവാഹമുറപ്പിച്ചു, പ്രതിശ്രുത വരനടക്കം പീഡിപ്പിച്ചു; സ്വവര്‍ഗാനുരാഗിയുടെ വെളിപ്പെടുത്തല്‍...

click me!