സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 377 -ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്ര വിധി ഇന്ത്യയിലെ എൽജിബിടി സമൂഹത്തിനുൾപ്പെടെ ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ ഇന്നും സ്വർഗാനുരാഗികൾക്ക് ഭ്രഷ്ട് കൽപ്പിക്കുന്ന നിരവധി രാജ്യങ്ങൾ ലോകത്തുണ്ട്. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് പ്രസ്താവിക്കുമ്പോൾ അത് നിഷേധിക്കപ്പെടുന്ന നിരവധി ആളുകള്‍ ലോകത്തിലെ പലഭാഗങ്ങളിലുണ്ട്. സ്വവർഗാനുരാഗിയായതിന്റെ പേരിൽ ക്രൂരമായ ആചാരങ്ങൾക്കും ശിക്ഷയ്ക്കും വിധിക്കപ്പെട്ടവർ. 

ഇന്നും സ്വവർഗാനുരാഗത്തെ എതിർക്കുന്ന, ക്രിമിനൽ കുറ്റമായി കാണുന്ന ആഫ്രിക്കൻ രാജ്യമാണ് കാമറൂൺ‌. സ്വവർഗാനുരാഗികളെ പിശാചിനു തുല്യമായി കാണുകയും അവരെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടുത്തുക്കാർ. അത്തരം കൊടിയ പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും ഇരയായ അനുഭവം പങ്കുവയ്ക്കുകയാണ് കാമറൂൺ‌ തലസ്ഥാനമായ യുവാൻഡയിലെ എൽജിബിടി പ്രവർത്തക വിവാൻ.  

ഞായറാഴ്ച രാവിലെ പള്ളിയിൽ പ്രാർത്ഥനയില്‍ പങ്കെടുക്കാനെത്തിയ വിവാൻ എന്ന പതിനാലുകാരിക്ക് ചുറ്റുമുള്ള പെൺകുട്ടികളോടെല്ലാം എന്തെന്നില്ലാത്ത ആകർഷണമായിരുന്നു. എന്നാൽ ആ ആകർഷണത്തിന് അവൾ അനുഭവിച്ചത് നരകതുല്യ യാതനകളും.

ഒരേ ലിംഗത്തിൽപ്പെട്ട ആളുകളെ ഇഷ്ട്ടപ്പെടുന്നത് പാപമല്ലെന്ന് കാമറൂൺ തലസ്ഥാനമായ യൌൻഡേലെ സ്കൂളിലും പള്ളിയിലും വിവാൻ ഉറക്കെ പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടികളോട് തനിക്ക് ആകർഷണം തോന്നുന്നത് ഏതോ മോശം ആത്മാവ് തന്നിൽ പ്രവേശിച്ചത് കൊണ്ടാണെന്ന് അവളും വിശ്വസിച്ചു. പിന്നീട് പ്രാർത്ഥനകളുടെ നാളുകളായിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല.

നാല് വർഷങ്ങൾക്ക് ശേഷം അതിക്രൂരമായി വിവാൻ ബലാത്സംഗത്തിനിരയായി. താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞതിനുശേഷം, വിവാഹം കഴിക്കുന്നതിനായി വീട്ടുകാർ കണ്ടെത്തിയ ആളാണ് വിവാനെ ക്രൂരമായി പീഡിപ്പിച്ചത്. ഇരുട്ട് മുറിക്കുള്ളിൽ ചുമരിൽ‌ വരിഞ്ഞുകെട്ടി അയാൾ വിവാനെ ബലാത്സംഗം ചെയ്തു. 

സ്വവര്‍ഗ്ഗാനുരാഗികളായ ആളുകളെ കുടുംബാഗങ്ങളടക്കമുള്ള ആളുകൾ ബലാത്സംഗത്തിനിരയാക്കും. കാരണം സ്വവർഗാനുരാഗം ഒരു മാനസിക രോഗമാണെന്നും അത് സുഖം പ്രാപിക്കേണ്ടതാണെന്നുമാണ് അവർ വിശ്വസിക്കുന്നത്. ശബ്ദം പുറത്ത് കേൾക്കാതിരിക്കുന്നതിന് ചിലപ്പോൾ ഇരുട്ടിന്റെ മറവിലോ അല്ലെങ്കിൽ ടിൻ മേൽക്കൂരകളിൽ മഴ ചെയ്യുന്ന സമയത്തോ ആയിരിക്കും ആളുകൾ എത്തുക. പലപ്പോഴും ഇവര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നത് സ്വന്തം കുടുംബത്തിൽനിന്നുള്ളവർ തന്നെ ആയിരിക്കും.  

ഒരു ദിവസം തന്റെ കാമുകിക് അയച്ച സന്ദേശം കാണാനിടയായ കുടുംബാഗംങ്ങള്‍ വിവാനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് വിവാനെ അവളുടെ അമ്മായി അവരുടെ ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ അവർ അവളെ ഒരു മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി. അവിടെയും സംഭവിച്ചത് മറിച്ചല്ല. അയാൾ അവളെ പച്ച രക്തം കുടിപ്പിക്കുകയും മലദ്വാരത്തിൽ കുരുമുളക് പൊടി വിതറുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായാണ് ഇതൊക്കെ ചെയ്യുന്നത് എന്നായിരുന്നു മന്ത്രവാദിയുടെ വിശദീകരണം.

അതിനുശേഷം വീണ്ടും വിവാന് വിവാഹ ആലോചന വന്നു. ഇത്തവണ കുടുംബത്തിന്റെ ചീത്തപ്പേര് കളയാൻ ഒരു പുരോഹിതനാണ് വന്നത്. രണ്ട് ഭാര്യമാരും തന്നെക്കാളും 30 വയസ്സ് അധികം പ്രായവുമുള്ള പുരോഹിതന്‍. വീട്ടുകാർക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. കാരണം അയാള്‍ വീട്ടുകാർക്ക്  ആവശ്യത്തിന് പണം നൽകിയിരുന്നു.‌‌‌

കാമറൂണിലും ബലാത്സംഗം കുറ്റകരമാണ്. എന്നാൽ ഭാർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമല്ല. പുരോഹിതന്‍ അവിടെ ദൈവത്തെ പോലെയാണ്. അതുകൊണ്ടുതന്നെ അയാൾ ബലാത്സംഗം ചെയ്താൽ ആരും അയാളെ തെറ്റുകാരനാക്കില്ല. പകരം തനൊരു പിശാചായി മാറുകയേ ഉള്ളൂവെന്ന് മനസ്സിലാക്കിയ വിവാൻ‌ കാമറൂണിൽനിന്നും പോകാൻ തീരുമാനിച്ചു. 

എന്നാൽ വിധി വീണ്ടും വിവാന് തീരാവേദനയാണ് നൽകിയത്. 2016ൽ യുവാൻഡിലെ എൽജിബിടി വർക്ക്ഷോപ്പ് കഴിഞ്ഞുവരുന്ന വഴിയില്‍ ഒരു ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേർന്ന് വിവാനെ ക്രൂരമായി ബലാത്സംഗത്തിനിരയാതക്കി. ഈ ശിക്ഷ നീ അർഹിക്കുന്നതാണെന്നും, നിന്നെ ശരിയായി നടത്തുന്നതിനാണ് ഈ ശിക്ഷയെന്നുമായിരുന്നു അവർ പറഞ്ഞത്. 

'ഞാൻ അതിനെയെല്ലാം മറികടന്നു. സ്വർഗാനുരാഗികളായവർക്ക് വേണ്ടി സംസാരിച്ചു. എന്റെ അനുഭവങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞു'- വിവാൻ പറയുന്നു.

സ്വർഗാനുരാഗികളായ സ്ത്രീയോ പുരുഷനോ കുടുംബത്തിൽ ഉണ്ടെങ്കിൽ പീഡനത്തിനിരയാക്കുന്നതിലൂടെയും ബലാത്സംഗം ചെയ്യുന്നതിലൂടെയും അവരുടെ ഉള്ളിയുള്ള പിശാചുകൾ പുറത്തേക്ക് പോകുമെന്ന് ബന്ധുക്കൾ വിശ്വസിക്കുന്നു.  മന്ത്രവാദം  നടത്തുന്നതിന് നിയമവിരുദ്ധമാണെങ്കിലും കാമറൂണിലെ മന്ത്രവാദത്തിൽ വിശ്വാസിക്കുന്നവർ നിരവധിയാണ്. സ്വവർഗാനുരാഗികളായ ബന്ധുക്കളെ സുഖപ്പെടുത്തുന്നതിനായി കുടുംബാംഗങ്ങൾ നടത്തുന്ന മന്ത്രവാദങ്ങൾ അവസാനിപ്പിക്കാൻ അധികാരികൾ  അല്‍പംപോലും ശ്രമിക്കുന്നുമില്ല.

ആഫ്രിക്കയിൽ ഉടനീളം നിരോധിക്കപ്പെട്ടിട്ടുള്ളതാണ് സ്വവർഗ്ഗാനുരാഗ ബന്ധം. ദിനം പ്രതി ഇവിടെ സ്വർഗാനുരാഗികൾ പീഡിപ്പിക്കപ്പെടുകയോ, കൊള്ളയടിക്കപ്പെടുകയോ അല്ലെങ്കിൽ ബലാൽസംഗം ചെയ്യപ്പെടുകയോ ചെയ്യുന്നു. കഴിഞ്ഞവർഷം കാമറൂണിൽ 600 ലധികം ആളുകൾ സ്വവർഗ്ഗരതിയോടുള്ള വിയോജിപ്പ് കാരണം അക്രമണങ്ങൾക്ക് ഇരയായിട്ടുള്ളതായി എൽജിബിടി സംഘടന വ്യക്തമാക്കുന്നു. 

ഇന്റർനാഷണൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വവൽ, ട്രാൻസ് ആൻഡ് ഇന്റർ സെക്സ് അസോസിയേഷൻ (എഎൽജിഎ) 2017ല്‍ നടത്തിയ പഠനത്തിൽ 54 ആഫ്രിക്കൻ രാജ്യങ്ങളിൽ 33 ഉം സ്വവർഗ്ഗരതിയെ ക്രിമിനൻ കുറ്റമായാണ് പരിഗണിക്കുന്നത്. കാമറൂണിൽ സ്വവർഗാനുരാഗികളായ ആളുകൾ ഒരുമിച്ച് ജീവിക്കുകയോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.