ലൈംഗിക താല്‍പര്യം ഓരോ വ്യക്തികളിലും ഓരോ തരത്തിലാണ്. എതിര്‍ലിംഗത്തോട്  ലൈംഗിക താല്‍പര്യമുളളവര്‍ (heterosexual), ഒരേ ലിംഗത്തോട് താല്‍പര്യമുളളവര്‍  അഥവാ സ്വവര്‍ഗ്ഗപ്രേമികള്‍ (homosexual),രണ്ട് ലിംഗത്തോടും താല്‍പര്യമുളളവര്‍ (bisexual) അങ്ങനെ പോകുന്നു ലൈംഗിക താല്‍പര്യങ്ങളുടെ ഗണം. ഇന്ന് ആണും പെണ്ണും വിവാഹം കഴിക്കുന്ന പോലെ തന്നെ സാധാരണമായിരിക്കുകയാണ് രണ്ട് പുരുഷന്മാരോ സ്ത്രീകളോ തമ്മിലുളള വിവാഹവും. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് നടന്നുവരുന്നുണ്ട്. 

അതില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠനം പറയുന്നത് സ്ത്രീ-പുരുഷ വിവാഹ ബന്ധത്തെക്കാള്‍ കൂടുതല്‍ നാള്‍  നിലനില്‍ക്കുന്നത് ഗേ (പുരുഷ-പുരുഷ) വിവാഹബന്ധമാണെന്നാണ്. കാലിഫോര്‍ണിയയിലെ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. എതിര്‍ലിംഗത്തോട് താല്‍പര്യമുളളവരിലും ഗേ ദമ്പതികളിലുമാണ് പഠനം നടത്തിയത്. 

അതില്‍ മറ്റുളളവരെയപേക്ഷിച്ച് ഗേ ദമ്പതികള്‍ ബ്രേക്കപ്പാകാനുളള സാധ്യത വളരെ കുറവാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ലെസ്ബിയന്‍ (സ്ത്രീ-സ്ത്രീ) ബന്ധം വേര്‍പിരിയാനുളള സാധ്യത കൂടുതലാണെന്നും ഈ പഠനം പറയുന്നു. 

സ്ത്രീ-സ്ത്രീ ബന്ധം വേര്‍പിരിയാനുളള സാധ്യത 29.3 ശതമാനമാകുമ്പോള്‍ ഗേ (പുരുഷ-പുരുഷ) ബന്ധം വേര്‍പിരിയാനുളള സാധ്യത 14.5 ശതമാനം മാത്രമേയുളളൂ. ആണ്‍-പെണ്‍ ബന്ധങ്ങള്‍ വേര്‍പിരിയാനുള്ള സാധ്യത 18.6 ശതമാനമാണെന്നും ഈ പഠനം പറയുന്നു.