magazine
By ഷീബാ വിലാസിനി | 04:10 PM September 28, 2017
അമ്മമാരേ, നിങ്ങളും മാറി തുടങ്ങണം!

Highlights

  • അമ്മജീവിതം സംവാദം തുടരുന്നു
  • ഷീബാ വിലാസിനി എഴുതുന്നു

'ഞാനില്ലെങ്കില്‍ ഒന്നും ശരിയാകില്ല 'എന്നു പറയുന്ന അമ്മമാര്‍ കാലഹരണപ്പെട്ട് തുടങ്ങുകയാണ്. ഭര്‍ത്താവും ആണ്‍മക്കളും അടുക്കളയില്‍ പെരുമാറുന്നതില്‍ എന്താണ് തെറ്റ്?

പ്ലസ് വണ്‍കാരനായ മകന്‍ മുന്നില്‍ കൊണ്ടു തന്ന ചൂട് ചായ ഊതി കുടിക്കുന്നതിനിടയിലാണ് അമ്മ സംവാദം ശ്രദ്ധയില്‍ പെട്ടത്. അമ്മസങ്കല്‍പ്പത്തെ കാല്‍പ്പനികവത്കരിച്ചും, മഹത്വവല്‍ക്കരിച്ചും, പ്രതികരിച്ചും ഒളിഞ്ഞും തെളിഞ്ഞുമുള്ള പേറ്റുനോവുകള്‍ ധാരാളം കണ്ടു. സംവാദത്തില്‍, റാഷിദ് സുല്‍ത്താന്‍ എഴുതിയതുപോലെ പറയുന്നതുപോലെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും മുന്നിട്ടിറങ്ങേണ്ടത് അമ്മ തന്നെയാണ് .പക്ഷെ ,എങ്ങനെ എന്ന് പലര്‍ക്കും അറിയില്ല.

ഏതൊരു കാര്യത്തിലും സംതൃപ്തി എന്നൊരു വശമുണ്ട്. ജോലി ഉപേക്ഷിച്ച് മക്കള്‍ക്കൊപ്പം കൂടാന്‍ ഒരമ്മ സ്വമേധയാ തീരുമാനിച്ചാല്‍,അതില്‍ സംതൃപ്തയാണങ്കില്‍ അവരെ ആ വഴിക്കു തന്നെ വിടുന്നതാണുത്തമം.

'ഞാനില്ലെങ്കില്‍ ഒന്നും ശരിയാകില്ല 'എന്നു പറയുന്ന അമ്മമാര്‍ കാലഹരണപ്പെട്ട് തുടങ്ങുകയാണ്. ഭര്‍ത്താവും ആണ്‍മക്കളും അടുക്കളയില്‍ പെരുമാറുന്നതില്‍ എന്താണ് തെറ്റ്? അടുക്കളയിലെ കൂട്ടായ പ്രവര്‍ത്തനം ബന്ധങ്ങള്‍ ഊഷ്മളമാക്കും എന്നതിനപ്പുറം കറികളുടെയും രുചികളുടെയും ഭാരിച്ച ഉത്തരവാദിത്വം അമ്മയ്ക്കു മാത്രം എന്ന അനാവശ്യ തോന്നലുകള്‍ തന്നെ മാറിക്കിട്ടും.

മക്കള്‍ ഒറ്റയ്ക്ക് താമസിക്കേണ്ട സാഹചര്യം വന്നാല്‍ വെച്ചുണ്ടാക്കാന്‍ അറിയാതെ ഹോട്ടലിലേയ്ക്ക് ഓടുന്ന, പാഴ്‌സല്‍ സംസ്‌കാരത്തെ നമുക്ക് വേണ്ട. ഇതിന് ഹരിശ്രീ കുറിക്കേണ്ടത് നമ്മുടെ വീടുകളില്‍ തന്നെ. അതില്‍ ലിംഗ വ്യത്യാസം എന്തിന്? മകനെ കമ്പ്യൂട്ടറിന് മുന്നിലിരുത്തിയിട്ട്, മകളെ കൊണ്ട് അവന്റെ തുണികള്‍ അലക്കിക്കുന്ന അമ്മമാരെ എനിക്ക് പുച്ഛമാണ് .

ഞാന്‍ വിവാഹിതയായി വന്ന ആദ്യ നാളില്‍ ഭര്‍ത്താവ് അടുക്കളയില്‍ വന്ന് എന്നെ സഹായിക്കുന്നത് കണ്ട് 'ഞങ്ങളാരും ആണുങ്ങളെ അടുക്കളയില്‍ കേറ്റിയിട്ടില്ല' എന്നു പറഞ്ഞ് എനിക്ക് നേരെ ചന്ദ്രഹാസമിളക്കിയ അമ്മായി അമ്മയുടെ മുഖം കണ്ട് അന്തം വിട്ടുനിന്നത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എന്റെ ആങ്ങളമാര്‍ അടുക്കളയില്‍ അമ്മയെ സഹായിക്കുന്നത് കണ്ട് വളര്‍ന്ന എനിക്ക് ഒരു വിധത്തിലും അതിന്റെ പൊരുള്‍ മനസ്സിലായില്ല.

ഇന്ന് അതേ അമ്മയുടെ ഒരു മകന്‍ ഒറ്റയ്ക്ക് വെച്ചും വിളമ്പിയും വീടു വൃത്തിയാക്കിയും അലക്കിയും ഒക്കെ ജീവിക്കുന്നതു കാണുമ്പോള്‍, തുരുമ്പിച്ച് വായ്ത്തലപ്പ് ഒടിഞ്ഞ ആ പഴയ ചന്ദ്രഹാസം എവിടെയെന്നോര്‍ത്ത് ഞാന്‍ പലപ്പോഴും ഊറി ചിരിച്ചിട്ടുണ്ട്.

മഴവെള്ളത്തില്‍ തെന്നി വീണ് നീരുവെച്ച് വിഷമിച്ചിരിക്കുന്ന അടുത്ത വീട്ടിലെ അമ്മയോട് ഡോക്ടറെ കാണാന്‍ പറഞ്ഞപ്പോള്‍, എങ്ങനെ പോകാനാ? ഞാനില്ലെങ്കില്‍ ഇവിടെ ഒന്നും ശരിയാകില്ല എന്നായിരുന്നു മറുപടി. അമ്മമാരുടെ അന്ധമായ ഒരു ചിന്താഗതിയാണിത്. ആരില്ലങ്കിലും ഇവിടെ എല്ലാം നടക്കും എന്ന് അമ്മമാര്‍ തിരിച്ചറിഞ്ഞേ പറ്റു.

ഫോണിന്റെ മറുതലയ്ക്കല്‍ ഇരിക്കുന്ന ഒരു ശല്യമാണ് അമ്മ എന്ന വാദത്തോട് ഞാന്‍ യോജിക്കുന്നില്ല. മക്കളുടെ സുരക്ഷിതത്വം നല്ല മാതാപിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ് .ചതിക്കുഴികളും കെണി വലകളും മക്കളെ വീഴ്ത്തിക്കളയരുതേയെന്ന് ഓരോ അമ്മമാരും മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു.

കൗമാരക്കാരായ മക്കള്‍ എവിടെയെങ്കിലും പോയിട്ട് എപ്പോഴെങ്കിലും വരട്ടെയെന്നും പറഞ്ഞിരിക്കാന്‍ എന്നിലെ അമ്മ അനുവദിക്കുമെന്ന് തോന്നുന്നില്ല. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പറയുമ്പോള്‍ പുരുഷന് എല്ലാ സ്വാതന്ത്ര്യവും എന്ന് മനുസ്മൃതി പറയാതെ പറയുന്നുണ്ട്. എന്നാല്‍ ഒരു പുരുഷന്‍/ആണ്‍കുട്ടി വഴി പിഴച്ചാല്‍ സമൂഹത്തിന്റെ മുഴുവന്‍ ശകാരങ്ങളും കൂരമ്പുകളും ആദ്യമേ ഏറ്റ് വാങ്ങേണ്ടി വരുന്നത് അമ്മയാണെന്നത് ഏറെ വിരോധാഭാസം. പിഴച്ചത് മകളാണെങ്കില്‍ പറയുകയും വേണ്ട.

സ്‌നേഹമിട്ട് തിളപ്പിച്ച ചായയുമായി അമ്മ തന്നെ മുന്നില്‍ വരണമെന്നില്ല. ഇത് കുടുംബത്തിലെ ആര്‍ക്കും ചെയ്യാം. ഇവിടെ എത്ര മക്കളുണ്ടാകും, അമ്മ കഴിച്ച പാത്രം കഴുകാന്‍ മനസ്സു കാണിക്കുന്നവര്‍?  വസ്ത്രം കഴുകാന്‍, അറ്റ്‌ലീസ്റ്റ് ഒന്നു വിരിക്കാനെങ്കിലും സഹായിക്കുന്നവര്‍. 

എന്റെ മക്കള്‍ ചെയ്യും എന്ന് ഞാന്‍ പറയുമ്പോള്‍ അത് അതിശയോക്തിയോ, അഹങ്കാരമോ പൊങ്ങച്ചമോ അല്ല. നാളെയുടെ ആവശ്യം മാത്രം.

കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം. അപ്പോള്‍? കൂടണം...കൂടിച്ചേരണം. കൂടാന്‍ സമയമില്ലാത്തവര്‍, മനസ്സില്ലാത്തവര്‍, കൂടില്ല എന്ന് വാശിയുള്ളവര്‍, ഞാന്‍ ചെയ്താലേ ശരിയാകു എന്ന അല്‍പ്പ ബുദ്ധികള്‍. അങ്ങനെയെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തിലെ കാര്യം മാത്രം എടുത്താലും,'കുടുംബം' എന്നു പറയാന്‍ എത്രയെണ്ണമുണ്ടാകും ?

'ഇതുങ്ങളെ അടുക്കളയില്‍ കേറ്റിയാല്‍ മൊത്തം കുളമാക്കും' എന്നു പറയുന്ന അമ്മമാരേ, ഇന്നു മുതല്‍ നിങ്ങളും മാറി തുടങ്ങണം. സ്വാതന്ത്ര്യത്തിന്റെ അനന്തതയുടെ ഒരു ലോകം പുറത്തുണ്ട്. സ്വാതന്ത്ര്യം എന്നു പറയുന്നത് ബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നതല്ല. ബഹുമുഖ കഴിവുകളുള്ള സ്ത്രീയേ, നമുക്കുള്ള ഇരിപ്പിടം നമ്മള്‍ തന്നെ ഉണ്ടാക്കിയെടുക്കണം. ആരെങ്കിലും കൊണ്ട് ഇട്ടു തന്നിട്ട് ഇരിക്കാം എന്നു കരുതി കാത്തു നില്‍ക്കണോ?

എന്തിനോട് മാറ്റുരച്ചാലും അമ്മയെന്ന വ്യക്തിത്വം മറ്റെന്തിനേക്കാളും ഉയരത്തില്‍ തന്നെ. ആ ഉയരം കാത്തു സൂക്ഷിക്കാന്‍ ഓരോ അമ്മയ്ക്കും കഴിയണം. മാറ്റത്തെപ്പോലും മാറ്റാന്‍ കഴിയുന്ന അനന്ത ശക്തി അമ്മയ്ക്കുണ്ടങ്കില്‍, സ്വന്തം വ്യക്തിത്വം അടിയറ വെയ്ക്കാത്ത, ഏത് പ്രതികൂല സാഹചര്യത്തെയും പ്രതിരോധിക്കാന്‍ കഴിയുന്ന, ബുദ്ധിശാലിയും ,നയതന്ത്രജ്ഞയുമായ ഒരമ്മയെ ആകണം ഭാവി തലമുറയ്ക്കു മുന്നില്‍ നമ്മള്‍ നിര്‍ത്തേണ്ടത് .

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ  ചിറകിനടിയില്‍ കാത്തുവയ്ക്കണം​

അനശ്വര കൊരട്ടി സ്വരൂപം: ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!

ബിലു പത്മിനി നാരായണന്‍​: അമ്മയാവാന്‍ അകത്തമ്മയാവണ്ട

നിഷാ സൈനു: അമ്മയ്ക്ക് പകരമാകുമോ മറ്റാരെങ്കിലും?​

കൊച്ചു ത്രേസ്യ: കുടുംബവും ഒരു ടീം വര്‍ക്ക്!

ധനുഷ പ്രശോഭ്: രണ്ടു അമ്മമാര്‍, അവരുടെ മക്കള്‍
 

Show Full Article


Recommended


bottom right ad