Asianet News MalayalamAsianet News Malayalam

'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

Swathi Sasidharan on motherhood
Author
Thiruvananthapuram, First Published Sep 13, 2017, 3:24 PM IST

Swathi Sasidharan on motherhood

നമുക്ക് ബാല്യത്തില്‍ മറക്കാനാവാത്ത ഏതെങ്കിലും നല്ല കാര്യം ഉണ്ടെങ്കില്‍ അതിനെ 'taken it for granted' എന്ന നിലയ്ക്ക് എടുക്കുകയും, അഥവാ എന്തെങ്കിലും വിഷമം ഉള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കില്‍, അതിനെ പെരുപ്പിച്ചു കാണുകയും ചെയ്യുന്നത് നമ്മുടെ മനസ്സിന്റെ ഒരു വിരുതാണ് . അതിന് ഉത്തമോദാഹരണമാണ് മിക്ക അമ്മമാരും മക്കളെ വളര്‍ത്തുന്ന രീതി; ഈ ഞാന്‍ ഉള്‍പ്പടെ.

അവരവരുടെ അമ്മയില്‍ നിന്നും ലഭിച്ച മിക്ക നല്ല കാര്യങ്ങളും സൗകര്യപൂര്‍വം മറക്കും. എന്നിട്ട്, 'എന്റെ അമ്മ എന്നോട് അന്ന് അങ്ങനെ പെരുമാറിയത് പോലെ ഞാന്‍ എന്റെ മക്കളോട് പെരുമാറില്ല' എന്നൊക്കെ ഉള്ള ചില, ദൃഢ 'കപട' തീരുമാനങ്ങളും . 

പക്ഷേ തമാശ എന്താന്ന് വെച്ചാല്‍, ഇങ്ങനെ വിചാരിക്കുന്ന ഓരോ അമ്മയും ചെന്ന് നില്‍ക്കുന്നത, തന്റെ സ്വന്തം അമ്മ, തന്നെക്കാള്‍ എത്രയോ നല്ല അമ്മ ആയിരുന്നു എന്ന തിരിച്ചറിവിലാണ്.

ഹോ, അതൊരു ഭയാനക തിരിച്ചറിവ് തന്നെ ആണ്. 

ഇത് പറയാന്‍ കാരണമുണ്ട്.  ഞാന്‍ ഇപ്പോള്‍, അങ്ങനെ ഒരു തിരിച്ചറിവിന്റെ, ആശയക്കുഴപ്പത്തിലാണ്. 

ഒറ്റ കുട്ടിയായി വളര്‍ന്നു വന്നപ്പോള്‍, ഞാന്‍ വിചാരിച്ചു, അതാണ് ലോകത്തിലെ ഏറ്റവും വലിയ ദുരിതം എന്ന്. അത് കൊണ്ട്, രണ്ടു മക്കളെ വേണമെന്ന് വാശി ആയിരുന്നു.

വളരെ സ്ട്രിക്ട് ആയി അമ്മ വളര്‍ത്തി, ചെറുതിലെ തന്നെ ഇന്‍ഡിപെന്‍ഡന്റ് ആക്കിയപ്പോള്‍, ഞാന്‍ കണ്ടു പിടിച്ച കുഴപ്പം, 'വാത്സല്യം'  വേണ്ട വിധത്തില്‍ അമ്മ ചെറുപ്പത്തില്‍ തന്നില്ല എന്നായിരുന്നു.

ഞാന്‍ ഇപ്പോള്‍, അങ്ങനെ ഒരു തിരിച്ചറിവിന്റെ, ആശയക്കുഴപ്പത്തിലാണ്. 

ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍, സുവോളജിയില്‍ ഒന്നാം ക്ലാസ് ബിരുദം എടുത്തിട്ടും, യൂണിയന്‍ ബാങ്കില്‍ ജോലി കിട്ടിയിട്ടും, അമ്മ ജോലിക്കു പോകാതെ എന്നെ നോക്കാന്‍, വീട്ടമ്മ ആവാന്‍ സ്വയം തീരുമാനിച്ചു. 

കൗമാരകാലത്തു, 'അമ്മ എന്തിന് പഠിച്ചു, ഇങ്ങനെ സ്വയം വേസ്റ്റ് ആക്കി' എന്ന് പല തവണ കുത്തിക്കുത്തി ചോദിച്ചിട്ടുണ്ട് ഞാന്‍. എന്നാല്‍, ഇപ്പോഴും താന്‍ ചെയ്തത് ആയിരുന്നു ശരി എന്ന് ഉറച്ചു വിശ്വസിക്കുന്നു, എന്റെ അമ്മ.

അമ്മ പറയുമായിരുന്നു, 'നിനക്ക് വിദ്യാഭ്യാസം വേണം, ജോലി വേണം, രണ്ട് മക്കളെങ്കിലും വേണം. ഇതെല്ലാം കൂടി ഒരുമിച്ചു കൊണ്ട് പോവുകയും വേണം'. 

'എന്നാല്‍ പിന്നെ അമ്മക്ക് ഇതൊന്നും ചെയ്യാന്‍ മേലായിരുന്നോ' എന്നായിരിക്കും എന്റെ പുച്ഛ ചോദ്യം.

'ഞാന്‍ അങ്ങനെ വിചാരിച്ചിരുന്നെങ്കില്‍ നിന്നെ, നന്നായി നോക്കാന്‍ കഴിയുമായിരുന്നില്ല' എന്ന് മറുപടി. 

ഓ..പിന്നേ!' എന്ന് ഞാനും .

'അമ്മ എന്തിന് പഠിച്ചു, ഇങ്ങനെ സ്വയം വേസ്റ്റ് ആക്കി' എന്ന് പല തവണ കുത്തിക്കുത്തി ചോദിച്ചിട്ടുണ്ട് ഞാന്‍

അച്ഛനും അമ്മയും ജോലിക്കുപോവുന്ന എന്റെ കൂട്ടുകാരികള്‍, സ്‌കൂളില്‍ നിന്നും തിരിച്ചു വരുന്നത് പൂട്ടി കിടക്കുന്ന വീട്ടിലേക്കാണ്. അവിടെ, അവര്‍ അമ്മ രാവിലെ ഉണ്ടാക്കി വെച്ചിരുന്ന ഭക്ഷണം എന്തെങ്കിലും എടുത്തു കഴിക്കും. എനിക്കാണെങ്കിലോ സ്‌കൂളില്‍ നിന്നും ഞാന്‍ വരുന്നതും കാത്ത് അമ്മ ഗേറ്റില്‍ കാണും. വന്ന ഉടനെ ചോറ് തരും. ഇഷ്ടപ്പെട്ട മീനും ഇറച്ചിയും ഒക്കെ ആയിട്ട്. 

യൂണിഫോം കഴുകുന്നതും തേച്ചുവെക്കുന്നതും എന്തിനു ഷൂ പോളിഷ് ചെയ്യുന്നതും ബുക്ക് ബയന്റ് ചെയ്യുന്നതും ഒക്കെ അമ്മയോ അച്ഛനോ ആയിരിക്കും. എനിക്ക് പഠിക്കുക എന്ന കടമ മാത്രം.

എന്റെ കൂട്ടുകാരികള്‍, തനിയെ യൂണിഫോം കഴുകുകയും, ചിലപ്പോഴൊക്കെ ശരിയായി ഒന്നും തേക്കാത്ത യൂണിഫോം ഇട്ടോണ്ട് വരുകയും ചെയ്തിരുന്നു. അവരുടെ അമ്മമാര്‍ക്ക് നാലു മണിക്കുള്ള വേണാട് എക്‌സ്പ്രസ് പിടിക്കാന്‍ ദിവസവും ഓടണമായിരുന്നു .

അന്നൊക്കെ അവര്‍ അവരുടെ ചോറ്റുപാത്രത്തിലെ കറികളെ കുറ്റം പാഞ്ഞിരുന്നില്ല. എനിക്കാണെങ്കിലോ അതിനെ പറ്റി ഒരു നൂറു കുറ്റം കാണും. അവര്‍ പറയും 'അതിരാവിലെ എണീറ്റ് എന്റെ അമ്മ ഉണ്ടാക്കുന്നതാ. കളഞ്ഞാല്‍ പാപം കിട്ടും'. ഒരിക്കലും എനിക്ക് അതിന്റെ ആഴം മനസ്സിലായിരുന്നില്ല. 

Swathi Sasidharan on motherhood

ജോലിയുടെ തിരക്കുകള്‍ വര്‍ദ്ധിച്ചപ്പോള്‍, ഒരു സമയത്ത്, ഞാന്‍ എന്റെ കുട്ടികളെ കാണുന്നത് തന്നെ കുറവായിരുന്നു. സ്വാഭാവികമായും അവര്‍ മാനസികമായി, എന്നില്‍ നിന്നും അകന്നു. അവര്‍ക്കു കുറച്ചു നേരം സന്തോഷം നല്‍കുന്ന കളിപ്പാട്ടങ്ങള്‍ കൊണ്ട് വരുന്ന വിരുന്നുകാരിയായി അമ്മ.

എന്നിട്ടും ഞാന്‍ നഷ്ടപ്പെടുത്തുന്ന അവരുടെ ശൈശവം പൊയ്‌ക്കൊണ്ടേയിരുന്നു.
 
ഒരിക്കല്‍ ഓഫീസിലെ പ്രശ്‌നത്തിനിടയില്‍, എന്നും എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഒരു സത്യം, അപ്പോഴാണ് മറ നീക്കി വന്നത്. അവിടെ ഞാന്‍ വെറും ഒരു 'എംപ്ലോയീ നമ്പര്‍' മാത്രമാണ്. വീട്ടിലോ? ഭാര്യയും, അതിലുപരി ഒന്നും, മൂന്നും വയസ്സുള്ള മക്കളുടെ അമ്മയും. 

എന്റെ അമ്മ എനിക്ക് തന്നതും ഞാന്‍ taken it for granted ആയി കണക്കാക്കിയതുമായ ഒരു അമ്മയുടെ സാന്നിധ്യം? അത് ഞാന്‍ എന്റെ മക്കള്‍ക്ക് വളരെ ചെറുപ്പത്തിലേ നിഷേധിച്ചു!

അത് ഒരു ബോധോദയം തന്നെ ആയിരുന്നു. ഇനി മതി എന്ന് എനിക്ക് എന്നോട് തന്നെ തന്നെ പറയേണ്ട അവസ്ഥ! 

കുട്ടികള്‍ക്ക് ഞാന്‍ ഇഷ്ടം പോലെ കളര്‍ പേനകളും വര്‍ണ്ണപുസ്തകങ്ങളും വാങ്ങി കൊടുത്തിരുന്നു. പക്ഷെ അവര്‍ വരച്ച പടങ്ങള്‍ കാണാന്‍, ഒട്ടും സമയം കൊടുത്തില്ല. അവരെ കെട്ടിപ്പിടിക്കാന്‍, ഉമ്മ വെക്കാന്‍ സമയം ഇല്ല.  ഇളയ കുട്ടി, എന്നില്‍ നിന്നും പൂര്‍ണമായും അകന്നു. മൂത്തവള്‍ അവളുടെ ലോകത്തേക്കും .

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വന്നപ്പോള്‍ ഞാന്‍ ആ തീരുമാനം എടുത്തു. അത് ഒരു വല്ലാത്ത തീരുമാനം തന്നെ ആയിരുന്നു.പക്ഷേ അതായിരുന്നു, ആ സമയത്ത്  ആവശ്യം. 

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വന്നപ്പോള്‍ ഞാന്‍ ആ തീരുമാനം എടുത്തു.

ഞാന്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവര്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിച്ചു. ലാപ്‌ടോപ് അടച്ചു വെച്ച്, അവരുടെ ചോദ്യങ്ങള്‍ക്കു ഉത്തരം പറഞ്ഞു. അവര്‍ വരച്ച പടങ്ങള്‍ നോക്കി അത്ഭുതം കൊണ്ടു, അവര്‍ ആവശ്യപ്പെട്ട പോലെ അതൊക്കെ മുറികളില്‍ ഒട്ടിച്ചു വെച്ചു. അത്രയും നല്ല ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല, എന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ അഭിമാനം കണ്ടു. വളരെ പതുക്കെ അവര്‍ എന്നോട് സംസാരിച്ചു തുടങ്ങി. (ഇനിയെങ്കിലും, മറുപടി കിട്ടുമെന്ന ഉറപ്പില്‍).

ഇത്തവണത്തെ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍, അമ്മ പറഞ്ഞു: 'മതി , ഇനി നീ മക്കളെ നോക്ക്. ഇപ്പോള്‍ പോകുന്ന സമയം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല!'

അത് കേട്ടപ്പോള്‍ എനിക്കത് മനസ്സിലായി. ഈ പറയുന്ന എന്റെ അമ്മയേക്കാള്‍ നല്ല രീതിയില്‍ മക്കളെ വളര്‍ത്താന്‍ ഇറങ്ങി പുറപ്പെട്ട ഞാന്‍, അതില്‍ എത്ര ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു!

ഇന്ന്, ഞാന്‍ ജോലിയില്‍ നിന്നും നീണ്ട അവധിയിലാണ്. 

ഇന്ന് എന്റെ മോള്‍ വരയ്ക്കുന്ന ഫാമിലി ഫോട്ടോയില്‍ 'മമ്മി' ഉണ്ട് . 

I love my mummy എന്ന് ഇമ്പോസിഷന്‍ പോലെ 15 തവണ എഴുതിക്കൊണ്ട് വന്ന് എന്നെ കാണിക്കുന്നു. mummy, are you very proud of me  എന്ന് മിനിറ്റില്‍ 50 തവണ വീതം ചോദിക്കുന്നു. Mummy, you are the best teacher in the whole world എന്ന് അഭിമാനത്തോടെ പറയുന്നു.  രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നേ, അലറി കരഞ്ഞു വിളിച്ചു പോയിരുന്നവള്‍ ഇപ്പോള്‍ I love school,  I love my friends, my teacher is so funny എന്ന് പ്ലേറ്റ് മാറ്റി പറയുന്നു. പ്രീ സ്‌കൂളില്‍ നിന്ന് വരുന്ന മൂന്നര വയസ്സുകാരിയുടെ, സ്‌കൂള്‍ വിശേഷങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. 

ഇത. ഇതൊക്കെയാണ് എന്റെ അമ്മ നേടിയതും ഞാന്‍ നേടാന്‍ മറന്നു പോയതും അവഗണിച്ചതും. എന്നിട്ടു സ്വയം വിചാരിച്ചതോ, എന്റെ അമ്മയേക്കാള്‍ നല്ല അമ്മ ആവുമെന്ന്. അവസാനം, ഞാന്‍ 'അമ്മ' ആണ് എന്ന് ഓര്‍മിപ്പിക്കാന്‍, എനിക്ക് എന്റെ അമ്മ തന്നെ വേണ്ടി വന്നു!

എന്നാല്‍, അവളുടെ ആ അമ്മയ്ക്ക് വേണ്ടി പണയം വെച്ച, ഞാന്‍ എന്ന സ്ത്രീക്കോ?

ഇന്ന് ആറ് വയസ്സുകാരി പറയുന്നു, My daddy goes to office. My mummy stays at home!. 

പതിനേഴ് വര്‍ഷം, കമ്പ്യൂട്ടര്‍ എഞ്ചിനീയറായി, ജോലി ചെയ്ത അമ്മയെ അവള്‍ മറന്നു. രാത്രി 8:30 മണിക്ക് വന്നു, എന്റെ ഓഫീസിനു മുന്നില്‍, കൊടും തണുപ്പില്‍ , അമ്മ വരാന്‍ വേണ്ടി കാറില്‍ കാത്തു കിടന്ന, അന്നത്തെ ആ മൂന്നു വയസ്സുകാരിക്ക് അത് ഓര്‍ക്കണ്ട. ആ 'കരിയര്‍ മമ്മി' യെ അവള്‍ ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല .

ഇന്ന് അവള്‍ കാണുന്ന 'വീട്ടിലെ അമ്മ'  അവളെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. സങ്കടവും , സന്തോഷവും, പരാതിയും ഒക്കെ പറയാന്‍. 

എന്നാല്‍, അവളുടെ ആ അമ്മയ്ക്ക് വേണ്ടി പണയം വെച്ച, ഞാന്‍ എന്ന സ്ത്രീക്കോ?

എന്റെ സമയവും വരും, ഒരിക്കല്‍. ഉറപ്പുണ്ട് എനിക്ക്. 


സ്വാതി ശശിധരന്‍ എഴുതിയ ആ കുറിപ്പിന് ഒരു മറുകുറി

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

Follow Us:
Download App:
  • android
  • ios