Asianet News MalayalamAsianet News Malayalam

അമ്മയ്ക്ക് പകരമാകുമോ മറ്റാരെങ്കിലും?

Nisha Sainu on motherhood
Author
Thiruvananthapuram, First Published Sep 23, 2017, 4:47 PM IST

കുഞ്ഞിനും കരിയറിനുമിടയിലെ അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു

Nisha Sainu on motherhood

അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് ഞാന്‍ ഒരു അമ്മ ആകുന്നത്. വാവയ്ക്ക് ഇപ്പോള്‍ പത്ത് മാസം പ്രായം. ടീച്ചര്‍ ആയ ഞാന്‍ ജോലിയില്‍ ലീവ് എടുത്ത് കുഞ്ഞിനെ നോക്കി വീട്ടില്‍ ഇരിക്കുന്നതിന് ഒരുപാട് പഴികള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴും കേള്‍ക്കുന്നും ഉണ്ട്.

ഓരോ കുഞ്ഞുങ്ങളുടെയും കളിയും ചിരിയും കൊഞ്ചലും കണ്ട് കണ്ട് ആഗ്രഹിച്ചു കാത്തിരുന്ന് ഒരുപാട് സങ്കടപ്പെട്ടു കരഞ്ഞ നാളുകള്‍ ഉണ്ട് ജീവിതത്തില്‍. ഒരു കുഞ്ഞിനെ ദൈവം കൈയ്യില്‍ തന്നപ്പോള്‍ അതിനെ ഒന്നും ആവോളം ലാളിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യാതെ ജോലി, പണം എന്ന് മാത്രം ചിന്തിച്ചു പോകാന്‍ എനിക്ക് ആയില്ല.. 

കുടുംബത്തിലെ സാഹചര്യം കൊണ്ട് അന്നന്നത്തേക്കുള്ള വക കണ്ടെത്താന്‍ പൊടി കുഞ്ഞുങ്ങളെ ഇട്ടിട്ടു ജോലിക്ക് പോകുന്ന അമ്മമാരെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്.. അവരുടെ മനസിന്റെ വിങ്ങല്‍ അറിഞ്ഞിട്ടും ഉണ്ട്.. 

ഒന്നോ രണ്ടോ വര്‍ഷം ജോലിക്ക് പോയില്ല എന്നത് കൊണ്ട് കുടുംബത്തില്‍ പ്രത്യേകിച്ച് സാമ്പത്തിക ബാധ്യത ഉണ്ടാവില്ല എന്ന അവസ്ഥ ഉള്ള അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജോലിയില്‍ നിന്ന് അത്ര നാള്‍ എങ്കിലും വിട്ടു നില്‍ക്കുന്നതല്ലേ നല്ലത്?

ആര് നോക്കിയാലും ആര് വളര്‍ത്തിയാലും കുഞ്ഞുങ്ങള്‍ വളരും. പക്ഷേ അമ്മക്ക് പകരം ആകുമോ മറ്റാരെങ്കിലും? 

രാവിലെ കുഞ്ഞ് ഉണരും മുന്‍പേ ഒരുങ്ങി ജോലിക്ക് ഇറങ്ങുന്ന അമ്മമാര്‍ തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ കുഞ്ഞു ഉറങ്ങാന്‍ ഉള്ള കരച്ചിലിലും ബഹളത്തിലും ആയിരിക്കും.പിന്നെ എപ്പോഴാണ് ആ അമ്മക്ക് തന്റെ കുഞ്ഞിനെ ഒന്ന് എടുക്കാനോ കളിപ്പിക്കാനോ സമയം കിട്ടുക? എപ്പോഴാണ് ആ കുഞ്ഞിന് അമ്മയോടൊപ്പം ഇരിക്കാന്‍ കഴിയുക? 

ജോലിയുടെ സ്‌ട്രെസും സ്‌ട്രെയിനും യാത്രാ ക്ഷീണവും കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ കുഞ്ഞുങ്ങളോട് സ്‌നേഹത്തോടെ ഒന്ന് സംസാരിക്കാന്‍ പോലും ആവാറില്ല എന്ന് സങ്കടം പറയുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. 

മാതാപിതാക്കളുടെ സാന്നിധ്യം അറിഞ്ഞും ലാളനകള്‍ ഏറ്റും വളരേണ്ട പ്രായത്തില്‍ കുഞ്ഞുങ്ങള്‍ അങ്ങനെ തന്നെ വളരണം.

മക്കള്‍ വളര്‍ന്ന് സ്‌കൂളില്‍ പോകുന്ന സമയം ആകുമ്പോള്‍ അമ്മയ്ക്കും തന്റെ പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാമല്ലോ. ഒരിക്കലും മക്കള്‍ക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും ജോലിയും ഹോമിച്ചു എന്ന ചിന്തയും അപ്പോള്‍ ഉണ്ടാവില്ല.

മക്കള്‍ പറക്കം മുറ്റുമ്പോള്‍ അവരുടെ വഴിക്ക് പോകും.അത് നഗ്‌നമായ സത്യം. അതുകൊണ്ട് നമ്മുടെ സമയം പൂര്‍ണമായി അവര്‍ക്കു കൊടുത്തു നമ്മുടെ ഭാവി കളയുകയും അരുത്. അവര്‍ക്ക് നമ്മുടെ സാമിപ്യം ആവശ്യം ഉള്ള വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ നമ്മള്‍ അവര്‍ക്കൊപ്പം വേണം.

കഥകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയും മുറ്റത്തു കളിപ്പിച്ചും കുഞ്ഞുപ്രായത്തില്‍ ഒപ്പം നിന്ന് മക്കളുടെ വളര്‍ച്ച കാണണം. കൂടെ കളിക്കണം.. 

കുഞ്ഞുങ്ങള്‍ വാശി പിടിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ ചാനല്‍ വച്ച് കൊടുത്തും മൊബൈല്‍ ഗെയിം കൊടുത്തും ഫാസ്റ്റ് ഫുഡും റെഡിമേഡ് ഫുഡും ഉണ്ടാക്കി കൊടുത്തും വീട്ടിലെ കാര്യവും ഓഫീസ് ജോലിയും തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞുങ്ങളും ടിവിക്കു മുമ്പിലെ പാവകള്‍ പോലെ ആയി മാറും. അവരുടെ ലോകം മൊബൈലും ടിവിയും ടാബും ഒക്കെ ആവും. പുറത്തിറങ്ങി കളിയ്ക്കാന്‍ ഇഷ്ടപ്പെടാത്ത ബുക്കുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു തലമുറ ആയി മാറും.

അച്ഛനും അമ്മയും ജോലിക്ക് പോയാലേ വീട്ടുകാര്യങ്ങള്‍ നടക്കൂ എന്ന് നിര്‍ബന്ധം ഇല്ലാത്ത വീടുകളിലെ കാര്യം മാത്രം ആണ് ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. കുഞ്ഞിനെ നോക്കി വീട്ടില്‍ ഇരുന്നിട്ട് അതുങ്ങള്‍ക്ക് സമയത്തിന് ആഹാരം കൊടുക്കാന്‍ സാധിക്കാതെ വന്നാല്‍ കുഞ്ഞുങ്ങളുടെ സന്തോഷത്തിന് പകരം സങ്കടം കാണേണ്ടി വരും. 

ചിറകിനടിയില്‍ നിര്‍ത്തേണ്ടപ്പോള്‍ അമ്മയുടെ ചിറകിന്‍ ചൂടില്‍ തന്നെ മക്കള്‍ നിക്കട്ടെ. കൊത്തി ആകറ്റേണ്ട പ്രായം ആകുമ്പോള്‍ അകറ്റാമെന്നേ... 

പ്രസവം കഴിഞ്ഞു ഒരു മാസം പോലും ആകും മുമ്പ് കുഞ്ഞിനെ ഇട്ടിട്ട് ജോലിക്ക് പോകുന്നവരും ഉണ്ട്. ജീവിതം ആയാല്‍ ഇങ്ങനെ ഒക്കെയാണ്. ജീവിക്കാന്‍ വേണ്ടി കുറെ ത്യാഗങ്ങള്‍ സഹിച്ചേ പറ്റൂ. ഭാവിയില്‍ ജീവിക്കാന്‍ പണം ഇല്ലാതെ ഒക്കില്ല എന്നൊന്നും അറിയാതെ അല്ല. എല്ലാ അമ്മമാരുടെയും മനസ്സ് ഒരുപോലെ അല്ലല്ലോ... ചിലര്‍ക്ക് കുഞ്ഞുങ്ങളെ വിട്ടിട്ട് ജോലിക്ക് പോവാന്‍ വല്യ വിഷമം തോന്നില്ലാരിക്കും. പക്ഷേ ചിലര്‍ക്ക് ആ വേദന മറ്റ് എന്ത് നേട്ടത്തെക്കാളും വലുത് ആയിരിക്കും. ഓരോരുത്തരും അവരവരുടെ മനസ്സും സാഹചര്യവും അനുസരിച്ചു പ്രവര്‍ത്തിക്കട്ടെ. ആരിലും ഒന്നും അടിച്ചേല്പിക്കാതെ ഇരിക്കട്ടെ.

കുഞ്ഞിന്റെ നന്മയ്ക്ക് വേണ്ടി അച്ഛനും അമ്മയ്ക്കും എടുക്കാന്‍ കഴിയുന്ന ഒരു തീരുമാനം ആണിത്. എന്റെ വാവേടെ അച്ഛനും ഇതേ മനസ്ഥിതി ആണ് എന്നുള്ളത് എന്റേം വാവേടേം ഭാഗ്യം... 

പണം മാത്രം ആഗ്രഹിക്കുന്ന കുടുംബങ്ങളില്‍ അമ്മ മനസ്സിനോ ആഗ്രഹങ്ങള്‍ക്കോ അത്ര പ്രാധാന്യം കിട്ടാറില്ല. കുഞ്ഞിനെ ഇട്ടിട്ട് മനസ്സില്ലാ മനസ്സോടെ ജോലിക്ക് പോകേണ്ടി വരും ഇങ്ങനെ ഉള്ള വീട്ടിലെ അമ്മമാര്‍ക്ക്.അത് കുടുംബ ജീവിതത്തിന്റെ താളം തന്നെ മാറ്റി മറിക്കും.

മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് അവര്‍ക്കുവേണ്ടി നീക്കി വെക്കാവുന്ന സമയം. അങ്ങനെ വളര്‍ത്തുന്ന കുഞ്ഞുങ്ങളും ചീത്ത ആവില്ല എന്ന് നമുക്ക് ഉറപ്പു പറയാന്‍ ഒക്കില്ല. എങ്കിലും ഞാന്‍ നോക്കാതെയും ശ്രദ്ധിക്കാതെയും ഇരുന്നിട്ടാണല്ലോ അവന്‍ അല്ലെങ്കില്‍ അവള്‍ ഇങ്ങനെ ആയത് എന്ന ചിന്തയും വിഷമവും ഇല്ലാതെ ആക്കാന്‍ എങ്കിലും നമ്മള്‍ നല്‍കുന്ന സമയവും സംരക്ഷണവും ഉതകും.

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ  ചിറകിനടിയില്‍ കാത്തുവയ്ക്കണം​

അനശ്വര കൊരട്ടി സ്വരൂപം: ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!

ബിലു പത്മിനി നാരായണന്‍​: അമ്മയാവാന്‍ അകത്തമ്മയാവണ്ട
 

Follow Us:
Download App:
  • android
  • ios