Asianet News MalayalamAsianet News Malayalam

അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

Deepa Narayanan on motherhood
Author
Thiruvananthapuram, First Published Sep 19, 2017, 3:10 PM IST

കുഞ്ഞിനും കരിയറിനുമിടയിലെ അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു. 

Deepa Narayanan on motherhood

ഉച്ചയൂണ് കഴിഞ്ഞുള്ള ക്ലാസ്സ് വലിയ മടുപ്പാണ് എന്നിലെ ടീച്ചര്‍ക്കും കുട്ടികള്‍ക്കും. പഠിപ്പിക്കുന്ന പാഠഭാഗം അത്ര രസകരമല്ലെങ്കില്‍ കോട്ടുവായിടുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ടീച്ചര്‍ കുറേ പാട് പെടും. ടെന്നിസന്റെ 'യൂലിസിസ' പഠിപ്പിക്കുകയായിരുന്നു ഞാന്‍ ആ ക്ലാസ്സില്‍. നാടും വീടും മറന്നു യൂലിസിസ് നടത്തിയ ഭ്രാന്തമായ യാത്രകള്‍ വിവരിക്കുന്നതിനിടെ ഞാന്‍ വെറുതെ കുട്ടികളോട്  അവര്‍ മനസ്സിലിട്ടു താലോലിക്കുന്ന സ്വപ്നത്തെ പറ്റി ചോദിച്ചു. 

'എനിക്ക് വീടും കുട്ടികളേം നോക്കിയിരിക്കുന്ന ഭര്‍ത്താവായാല്‍  മതി ടീച്ചര്‍. ജോലിക്കു പോയില്ലെങ്കിലും സാരമില്ല'? മീശ മുളച്ചു തുടങ്ങുന്ന 19 കാരന്റെ വാക്കുകള്‍ ശരാശരി ടീച്ചര്‍ ആയ എന്നെ ചിരിപ്പിച്ചു.

'അപ്പോള്‍, ജോലിക്കു പോകാന്‍ മടി ആണല്ലേ?'

എന്റെ ചോദ്യത്തിന് അവന്‍ തന്ന ഉത്തരം അവനെ മുന്‍വിധികളാല്‍ അളന്ന എന്നെ ലജ്ജിപ്പിച്ചു. 'ടീച്ചര്‍,എന്റെ 'അമ്മ ഒരു അധ്യാപികയായിരുന്നു. അച്ഛന്റെ ജോലി ഒരുപാട് യാത്രകള്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ രണ്ടു മക്കള്‍ ജനിച്ചതോടേ അമ്മയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ശമ്പളം കൂടുതല്‍ അച്ഛനായത് കൊണ്ട് അമ്മക്ക് മറുത്തൊന്നും പറയാനും കഴിഞ്ഞില്ല. പക്ഷേ ,എനിക്കറിയാം 'അമ്മ വീട്ടില്‍ ശ്വാസം മുട്ടി കഴിയുകയാണെന്നു. 'അമ്മ അറിയപ്പെടുന്ന അധ്യാപികയായേനെ. അത് കൊണ്ട് ഒരിക്കലും എന്റെ ഭാര്യയെ ഞാന്‍ വീട്ടിലടച്ചു ശ്വാസം മുട്ടിക്കില്ല. അവള്‍ ജോലിക്കു പോകട്ടെ, വീടും കുട്ടികളും തടസ്സമായാല്‍, ആ ചുമതല ഞാന്‍ ഏറ്റടുത്തു, അവളെ പറക്കാന്‍ വിടും'. 

എന്റെ കണ്ണ് നിറഞ്ഞു പോയി അവന്റെ വാക്കുകള്‍ കേട്ട്. 

സ്ത്രീകള്‍, പ്രത്യേകിച്ചും അമ്മമാര്‍ ,ജോലിക്കു പോകണോ വേണ്ടയോ എന്നത് തികച്ചും സബ്ജക്റ്റീവ് ആയ വിഷയമാണ്. ഇവിടെ എനിക്ക് ശരി എന്ന് തോന്നുന്ന ചില വസ്തുതകള്‍ പങ്കു വെക്കുന്നു എന്ന് മാത്രം.

വീട്ടമ്മമാരെ പറ്റി ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും അലോസരപ്പെടുത്തുന്ന ചോദ്യം 'വീട്ടില്‍ ചുമ്മാ ഇരിക്കുവല്ലേ?' എന്നതാണ്.

മകള്‍ ജനിച്ചതിനു ശേഷം അഞ്ച് കൊല്ലം ഞാന്‍ വീട്ടമ്മയായിരുന്നു. കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ സഹായത്തിനു ആരുമുണ്ടായിരുന്നില്ല. ഡേ കെയറില്‍ അവളെ വിടാനും മനസ്സില്ല. അങ്ങനെ വേറേ നിവൃത്തിയില്ലാതെയാണ് ഞാന്‍ ജോലി രാജി വെച്ചത്. മകളുടെ എല്ലാ കാര്യത്തിലും എനിക്ക് നല്ല ശ്രദ്ധ കൊടുക്കാന്‍ സാധിച്ചു. അവളുടെ ഓരോ ചലനങ്ങളും എന്റെ കണ്‍ മുമ്പില്‍,  എന്റെ നിരീക്ഷണത്തില്‍. പക്ഷേ, സത്യം പറഞ്ഞാല്‍ എന്റെ സന്തോഷം തീര്‍ത്തും അപൂര്‍ണമായിരുന്നു. തിരക്ക് കൂട്ടി പോകാന്‍ ഒരു ജോലിയില്ലല്ലോ എന്ന ദു:ഖവുമായാണ് എല്ലാ പ്രഭാതങ്ങളേയും ഞാന്‍ വരവേറ്റത്. എന്നും ചെയ്യാന്‍ ഒരേ കാര്യങ്ങള്‍,  'അമ്മ' എന്നത് ഫുള്‍ ടൈം പണിയായതു കൊണ്ട് വേറേ ഒന്നിനും സമയമില്ല. മടുപ്പും ഡിപ്രെഷനും ഒക്കെ കൂടി ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. സ്വയം മനസ്സിനെ നിയന്ത്രിക്കാന്‍ പലപ്പോഴും പറ്റാതെയായി. ത്യാഗമയിയായ 'അമ്മ' വേഷം കെട്ടിയതു ശുദ്ധ വിഡ്ഢിത്തം എന്ന് തോന്നിയ വര്‍ഷങ്ങള്‍. 

അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ജോലിക്കു പോയി തുടങ്ങിയപ്പോള്‍ അതുമായി അഡ്ജസ്റ്റ് ചെയ്യാന്‍ മോള്‍ക്ക് വളരെ പ്രയാസം. ബസ് സ്റ്റാന്‍ഡില്‍ നിന്ന് വിളിക്കാന്‍ അമ്മയില്ല, ചോറ് വാരി തരാന്‍ അമ്മയില്ല. പരാതികളുടെ ഘോഷയാത്ര കെട്ടടങ്ങാന്‍ കുറച്ചു മാസങ്ങള്‍ വേണ്ടി വന്നു. വീട്ടിലിരിക്കുമ്പോള്‍ കുഞ്ഞിന് കൊടുത്ത ശ്രദ്ധ ജോലിക്കു പോയി തുടങ്ങിയപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യം. എങ്കിലും ജോലിക്കു പോകുന്ന എന്നിലെ 'അമ്മ' വളരെ തൃപ്തയായിരുന്നു, സന്തുഷ്ടയായിരുന്നു. 

എന്റെ അമ്മ ഒരു സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. ഒരു വിധം എല്ലാ കലോത്സവ വേദികളിലും സാന്നിധ്യമായിരുന്നു ഞാന്‍. എന്നെ അതിനൊക്കെ തയ്യാറെടുപ്പിക്കുന്നതും അമ്മ തന്നെ. പക്ഷേ , ഇന്ന് പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് അതൊക്കെ സാധിക്കുമോ എന്ന് സംശയം. സര്‍ക്കാര്‍ ജോലിയും പണ്ടത്തതിലേറെ കോംപ്റ്റിറ്റിവ് ആയിരിക്കുന്നു. അത് കൊണ്ട് തന്നെ സൂപ്പര്‍ വുമണ്‍ ആയാല്‍ മാത്രമേ ജോലിയും വീടും ഒരേ പോലെ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. 

വീട്ടമ്മമാരെ പറ്റി ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും അലോസരപ്പെടുത്തുന്ന ചോദ്യം 'വീട്ടില്‍ ചുമ്മാ ഇരിക്കുവല്ലേ?' എന്നതാണ്. അഞ്ച് കൊല്ലം വീട്ടിലിരുന്ന അനുഭവം വച്ച് പറയട്ടെ, ജോലിക്കു പോകുന്ന സ്ത്രീകളെക്കാളും എന്ത് കൊണ്ടും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നത് ജോലിക്കു പോകാന്‍ പ്രാപ്തരായ, എന്നാല്‍ പോകാന്‍ കഴിയാത്ത സ്ത്രീകളാണ്. എട്ട്  മണിക്ക് ജോലിക്കു പോകേണ്ട സ്ത്രീ ഏഴരക്കെങ്കിലും അടുക്കളയില്‍ നിന്നിറങ്ങിയേ പറ്റൂ. പക്ഷേ, വീട്ടമ്മയുടെ സ്ഥിതി അതല്ല. പണി തീരാത്ത അടുക്കളയാണ് അവള്‍ക്കെന്നും വിധിച്ചിട്ടുള്ളത്. ജോലി സ്ഥലത്തെത്തിയാല്‍ പിന്നെ വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍ ഒരു വിധം നമുക്ക് കഴിയും. സഹപ്രവര്‍ത്തകര്‍, ജോലി സംബന്ധമായ ടെന്‍ഷന്‍ ഒക്കെയായി ദിവസം കടന്നു പോകും. പക്ഷേ ,ദിനചര്യയില്‍ ഒരു മാറ്റം പോലുമില്ലാതെ തുടരും വീട്ടമ്മയുടെ ജീവിതം. വളരെ വിരസമാണത്.  അമ്മ തന്നെ കുഞ്ഞിനെ നോക്കണം, അമ്മ ജോലിക്കു പോകുന്ന വീട്ടിലെ കുഞ്ഞുങ്ങള്‍ സ്‌നേഹം അനുഭവിച്ചു വളരില്ല എന്നൊക്കെ പറയുന്നത് തികച്ചും സ്ത്രീവിരുദ്ധമാണ്. ജോലിക്കു പോകാന്‍ കഴിയാതെ വീട്ടിനുള്ളില്‍ ശ്വാസം മുട്ടി കഴിയുന്ന സ്ത്രീ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തോടൊപ്പം വരില്ല ജോലിക്കു പോകുന്ന ഒരു സ്ത്രീയുടെയും ടെന്‍ഷന്‍. അത് കൊണ്ട് തന്നെ 'വീട്ടില്‍ ഇരുന്നു ഫുള്‍ ടൈം അടിച്ചു പൊളിയാണല്ലേ ? വേറേ എന്താ പണി?' ഇത്തരം ഹൃദയശൂന്യമായ  ചോദ്യങ്ങള്‍ ഒരു വീട്ടമ്മക്ക് നേരെയും തൊടുത്തു വിടരുത്. 

അവസരം കിട്ടിയാല്‍ , പല മേഖലകളിലും പ്രാവീണ്യം തെളിയിക്കാനുള്ള കഴിവ് ഈ വീട്ടമ്മമാര്‍ക്കുണ്ട്.  കളിക്കുന്നവരേക്കാള്‍ കഴിവുള്ളവരായിരിക്കും ഗ്യാലറിയില്‍ നിന്ന് കളി കാണുന്നവര്‍. കളിക്കളത്തിലേക്കു ഇറങ്ങാന്‍ അവര്‍ക്കു അവസരമില്ലെന്നു മാത്രം. 

അച്ഛന്റെ  കഴിവില്ലായ്മ തെറ്റായി കാണാത്ത സമൂഹം മാറിയേ മതിയാകൂ.

സ്വമേധയാ ,ജോലി വേണ്ടന്നു വെക്കുന്ന വീട്ടമ്മമാര്‍ , അവര്‍ക്കിഷ്ടമുള്ള എന്തെങ്കിലും വിനോദങ്ങള്‍ കണ്ടെത്തണം. എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമെങ്കില്‍ പഠിക്കണം. വീട്ടമ്മമാരെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരുപാട് ഡാന്‍സ് ,പാട്ടു ക്ലാസുകള്‍ നമ്മുടെ നാട്ടിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ എഴുതാനും വായിക്കാനുമുള്ള അവസരങ്ങളും കുറവല്ല. മനസ്സിന്  ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മുരടിച്ചു പോകും ഏതൊരു ജീവിതവും. 

കുഞ്ഞുങ്ങള്‍ വലുതായി പറന്നകലുമ്പോഴാണ് നമ്മള്‍ ഒന്നും ആയിത്തീര്‍ന്നില്ലല്ലോ, ജീവിതം പാഴാക്കിയല്ലോ എന്ന് പല സ്ത്രീകളും തിരിച്ചറിയുന്നത് തന്നെ. അപ്പോള്‍ ഒന്നേന്നു തുടങ്ങാന്‍ സമയം അതിക്രമിച്ചും കാണും. സന്തോഷം ഉള്ളില്‍ തുളുമ്പുന്ന ഒരമ്മക്ക് മാത്രമേ ,ആ സ്‌നേഹം കുടുംബത്തിലേക്ക് പകരാന്‍ കഴിയൂ. മനസ്സിന് സന്തോഷം നല്കുന്നതെന്തോ അത് ചെയ്യാന്‍ ഓരോ സ്ത്രീക്കും അവസരമുണ്ടാകണം. പിന്നെ, കുഞ്ഞിനെ അച്ഛന്‍ നോക്കി വളര്‍ത്തിയാലും മതി. അമ്മക്കുള്ള അതേ കര്‍ത്തവ്യ ബോധം അച്ഛനും കൂടിയേ തീരൂ. 'അവള്‍ ഉറക്കിയാലേ മോളുറങ്ങൂ, അവള്‍ കൊടുത്താലേ മോന്‍ ഭക്ഷണം കഴിക്കൂ' എന്നൊക്കെ പറയുന്നത് വെറും കപട ന്യായീകരണങ്ങളാണ്. 

അച്ഛന്റെ  കഴിവില്ലായ്മ തെറ്റായി കാണാത്ത സമൂഹം മാറിയേ മതിയാകൂ. 'stay at  home dads' വിദേശ രാജ്യങ്ങളില്‍ ധാരാളമുണ്ട്. നമ്മുടെ നാട്ടില്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരേ തരം ജോലി, ഒരേ ശമ്പളം ആണെങ്കില്‍ പോലും ത്യാഗം ചെയ്യുന്നത് അമ്മയായിരിക്കും. നാട്ടിലുള്ളപ്പോള്‍ ഒരു ചായ ഇടാന്‍ മടിയുള്ള പുരുഷ കേസരികള്‍ ,വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുമ്പോള്‍, ഒരു മടിയും കൂടാതെ  വീട്ടുജോലികള്‍ തുല്യമായി പങ്കിട്ടെടുക്കുന്നു. 

അപ്പോള്‍ ചെയ്യാന്‍ സാധിക്കാത്തതല്ല പ്രശ്‌നം. സമൂഹം നല്‍കുന്ന ലാളനയില്‍ മതി മറന്നു വേണ്ടെന്നു വെക്കുന്നതാണ്. മാറ്റങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങട്ടെ. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരേ പോലെ വീട്ടുജോലികളില്‍ ട്രെയിന്‍ ചെയ്യുക. പാചകം, തുണി അലക്കല്‍, പാത്രം കഴുകല്‍, ഇതൊക്കെ survival skills ആണ്. അല്ലാതെ സ്ത്രീക്ക് മാത്രം പ്രകൃതി നല്‍കുന്ന വരദാന കലകളല്ല എന്ന് വരും തലമുറയെങ്കിലും മനസ്സിലാക്കട്ടെ. പുരുഷനും സ്ത്രീയും ഒരു പോലെ ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടെടുക്കുമ്പോള്‍ ജോലിക്കു പോകുന്ന സ്ത്രീകളുടെ പിരിമുറുക്കം നന്നേ കുറയും.  

സ്ത്രീ ആയി പോയത് കൊണ്ട് മാത്രം ഉപയോഗിക്കപ്പെടാതെ പോകരുത് ഒരു സ്ത്രീയുടെയും കഴിവുകള്‍. കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്റെ ,ജോലിക്കു പോകുന്നതിന്റെ പേരില്‍ ഒരു രീതിയിലും ക്രൂശിക്കപ്പെടരുത് ഒരു സ്ത്രീയും. 

 

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍
 

Follow Us:
Download App:
  • android
  • ios