Asianet News MalayalamAsianet News Malayalam

ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!

Anaswara Koratti Swaroopam on motherhood
Author
Thiruvananthapuram, First Published Sep 21, 2017, 4:58 PM IST

അമ്മ-മകള്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു. 

Anaswara Koratti Swaroopam on motherhood

പ്രിയപ്പെട്ട അമ്മയ്ക്ക്, 

എത്രയോ കാലമായി ഞാന്‍ എഴുതിവച്ച കത്താണ് ഇത്  ഇന്ന് രാവിലെ അയക്കാന്‍ തോന്നുന്നു
അമ്മക്ക് ഓര്‍മ്മയുണ്ടോ പണ്ട് നമ്മുടെ വീടിന്റെ മുറിയില്‍ എട്ടോ ഒമ്പതോ വയസ്സുള്ള എന്നെ കെട്ടിപ്പിടിച്ച് അമ്മ പതുക്കെ ഈ കവിത പാടി തരാറുള്ളത് ? 

കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍..
കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോള്‍..
എന്നുമെന്റെ ചിറകിന്റെ കീഴില്‍
നിന്നു നിന്റെ വയറു നിറയ്ക്കാം
എന്ന് തോന്നുന്ന തോന്നലു വേണ്ട..
നിന്റെ ജീവിതം നിന്‍ കാര്യം മാത്രം..
നേരമായി നിനക്കു ജീവിക്കാന്‍
നേരമിന്നു തിരക്കു കൂട്ടുന്നു..
അന്നു ഞാനും ഉടപ്പിറന്നോളും
ഒന്നു പോലെ കഴിഞ്ഞ കുഞ്ഞുങ്ങള്‍..
അമ്മ ഞങ്ങളെ നെഞ്ചത്തടുക്കി
ഉമ്മ വെച്ചു വളര്‍ത്തിയെന്നാലും
കൊത്തി മാറ്റിയൊരിക്കല്‍ അതില്‍ പിന്നെ..
എത്ര രാവിന്റെ തൂവല്‍ കൊഴിഞ്ഞു..
നേരമായി നിനക്കു ജീവിക്കാന്‍
നേരമിന്നു തിരക്കു കൂട്ടുന്നു..
കാവിലെ കിളിപ്പാട്ടുകള്‍ കേട്ടും
പൂവുകള്‍ കണ്ടും പറന്നു ചെല്ലല്ലേ..
കാട്ടില്‍ ഉണ്ടു പതുങ്ങിയിരിക്കും
കാടനുണ്ടു കടിച്ചു പറിയ്ക്കും..
കണ്ണു വേണം ഇരുപുറം എപ്പോഴും
കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും
ഉള്‍ക്കണ്ണ് വേണം,അണയാത്ത കണ്ണ്..
നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍..
നാളെകള്‍ നിന്നെ മാടി വിളിയ്ക്കും..
നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍..
നാളെകള്‍ നിന്നെ മാടി വിളിയ്ക്കും..
നിന്റെ ജീവിതം നിന്‍കാര്യം മാത്രം..
നിന്റെ ജീവിതം നിന്‍കാര്യം മാത്രം..
കൊക്കോ കൊക്കോ കൊക്കക്കോ...!

അത്ര നല്ല പാട്ടുകാരിയൊന്നും അല്ലെങ്കിലും  അമ്മ ഓരോ വരിയും പാടുമ്പോള്‍ ആരാധനയോടെ ഞാന്‍ നോക്കി കിടക്കുമായിരുന്നു.

'നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍, നാളെകള്‍ നിന്നെ മാടി വിളിയ്ക്കും.. 'ഈ വരി അമ്മ  പാടുമ്പോള്‍ ഒക്കെ ഉള്ളില്‍ തികട്ടി വരുന്ന തേങ്ങലിനെ ഞാന്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് അടക്കിയിരുന്നു. അമ്മയുടെ ചിറകിനടിയില്‍ നിന്ന്, ഞാന്‍ വളര്‍ന്ന ആ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വരും എന്ന ചിന്ത പോലും അന്ന് എന്നെ എത്രയോ ഭയപ്പെടുത്തിയിരുന്നു. ഒറ്റയ്ക്കാവുക എന്നതാണ് ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്ന് അന്ന് ഉറപ്പിച്ചു വച്ചിരുന്നു. എന്നെ കൊത്തിമാറ്റാന്‍ അമ്മയ്ക്ക് ഒരിക്കലും കഴിയില്ല എന്നുറച്ചു വിശ്വസിച്ചു. പക്ഷെ വളരുംതോറും അമ്മയില്‍ നിന്ന് ഞാനും  എന്നില്‍ നിന്ന് അമ്മയും അകന്നു. 17  വയസ്സില്‍ തലസ്ഥാന നഗരിയിലെ ഹോസ്റ്റലിലേക്ക് മാറി, ആദ്യ മാസങ്ങളില്‍ എല്ലാ ശനിയും ഞായറും വീട്ടിലേക്കും, പിന്നീട്  പതിയെ രണ്ടുമാസത്തില്‍  ഒരിക്കലും അങ്ങനെ പതിയെ ഫോണ്‍ വിളിക്കാന്‍ കൂടി സമയം കിട്ടാത്ത മകളും അമ്മയും ആയി മാറും എന്ന് ആ ഒമ്പതുവസ്സുകാരിക്ക് ഒരിക്കലും ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. 

എന്നെ കൊത്തിമാറ്റാന്‍ അമ്മയ്ക്ക് ഒരിക്കലും കഴിയില്ല എന്നുറച്ചു വിശ്വസിച്ചു

ഒറ്റയ്ക്കാവുക എന്നാല്‍ ഏറ്റവും കരുത്തുള്ളവള്‍ ആകുക എന്നാണെന്ന് വായിച്ചത് അതിലും എത്രയോ കഴിഞ്ഞാണ്. അപ്പോഴേക്കും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒറ്റയ്ക്കാവുക എന്നാല്‍  കരുത്തയാവുക  എന്ന് തിരിച്ചറിഞ്ഞിരുന്നു. അത് നമ്മുടെ തിരഞ്ഞെടുപ്പാകുമ്പോള്‍ തീര്‍ച്ചയായും. 

അമ്മയ്‌ക്കോര്‍മ്മയുണ്ടോ, ആറോ ഏഴോ വയസ്സുള്ള എന്നെ ആദ്യമായി  ഒറ്റയ്ക്ക് ഇരിഞ്ഞാലക്കുടയില്‍ നിന്നും കൊരട്ടിയിലുള്ള വീട്ടിലേക്കു അയച്ചത്? രാവിലെ അഞ്ചരയോ മറ്റോ ആയിരുന്നു സമയം. ആ ബസ്സില്‍ ഒറ്റയ്ക്ക് പത്തു പതിനാറു കിലോമീറ്റര്‍ സഞ്ചരിച്ച് സ്‌റ്റോപ്പില്‍ ഇറങ്ങി വീട്ടിലേക്കു നടന്നു പോകുമ്പോള്‍ അനുഭവിച്ച സംഘര്‍ഷം പക്ഷെ, പിന്നീടുള്ള ഒറ്റയ്ക്കുള്ള യാത്രകള്‍ക്ക് പിന്തുണ ആവുകമാത്രമേ ചെയ്തിട്ടുള്ളൂ. 17  വയസില്‍ ഒറ്റയ്ക്ക് തിരുവനന്തപുരത്തെക്കു  പോകുമ്പോള്‍ ഒരു തവണ പോലും നിനക്ക് പേടിയുണ്ടോ എന്ന ചോദ്യം അച്ഛനോ അമ്മയോ ചോദിക്കാതിരിക്കാനും നാന്ദിയായ ഒറ്റയ്ക്കുള്ള ആദ്യ യാത്ര. രാത്രി 10  മണിക്ക് ഒറ്റയ്ക്ക് കൊരട്ടിയില്‍ ബസ്സിറങ്ങി ഓട്ടോ വിളിക്കുമ്പോള്‍, എന്തേ വൈകിയത്?  ഒറ്റയ്‌ക്കേ ഉള്ളോ എന്ന് ചോദിക്കുന്ന ഡ്രൈവറോട് വൈകിയോ, മണി  പത്തല്ലെ  ആയുള്ളൂ എന്ന് ചോദിയ്ക്കാന്‍ ധൈര്യം തന്ന ആദ്യ യാത്ര. 

ഒറ്റയ്ക്കാകുന്ന സമയങ്ങളില്‍ എന്ത് വന്നാലും പേടിക്കരുത്  എന്നും നമുക്കുള്ളില്‍ പേടിയുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അത് മനസ്സിലാവാന്‍ ഇടവരുത്തരുതെന്നും മാത്രമാണ് ഒറ്റയ്ക്ക് പുറത്തേക്കു പോകുമ്പോള്‍ അമ്മ തന്നിരുന്ന ഉപദേശം. രാത്രികളെ ഭയപ്പെടേണ്ടതില്ല എന്നും, ആപത്തുകള്‍ നേരിടാന്‍ ഉറച്ച ഒരു മനസുമാത്രമാണ് ആവശ്യമെന്നും പറഞ്ഞു തരുമ്പോള്‍  ആണ് ഓരോ രക്ഷിതാവും തന്റെ കടമകള്‍ പൂര്‍ത്തിയാക്കുന്നത്.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അന്നത്തെ 17  കാരിയെ ഓര്‍ത്തു അഭിമാനം തോന്നും. 

ഒറ്റയ്ക്ക് ബാങ്കില്‍ പോയി പണമടച്ച ദിനം ഏഴാം ക്ലാസ്സിലെ പരീക്ഷാ ദിനം ആയിരുന്നു. ഇത്ര ചെറിയ കുട്ടിയുടെ കയ്യില്‍ പണം അടയ്ക്കാന്‍ കൊടുക്കുകയോ എന്ന് അമ്മമ്മയെയും അമ്മയെയും അറിയാമായിരുന്ന ബാങ്ക് ജീവനക്കാര്‍ ചോദിച്ചിട്ടില്ല പെരുവിരലൂന്നി  ബാങ്ക് കൗണ്ടറിലേക്ക് കുഴിഞ്ഞ കണ്ണുകള്‍ മാത്രം ചേര്‍ത്തുവയ്ക്കുന്ന പെണ്‍കുട്ടിയില്‍ നിന്ന്, അര്‍ധരാത്രി 2 .45 നു ഭോപ്പാല്‍ സ്റ്റേഷനില്‍ എത്തുന്ന ട്രെയിനില്‍ ആദ്യത്തെ കേരളത്തിന് പുറത്തേയ്ക്കുള്ള യാത്ര നടത്താന്‍ ധൈര്യം കാണിക്കുന്ന പെണ്‍കുട്ടിയായത് വലിയ കാലയളവില്ലാതെ തന്നെ ആയിരുന്നു. കൂടെ പഠിക്കുന്നവരും, ഹോസ്റ്റലിലെ മുതിര്‍ന്ന ചേച്ചിമാരും ഭയപ്പെടുന്ന ഇരുട്ടിനെ, പുരുഷസാന്നിധ്യങ്ങളെ, ശരീരത്തിലേക്കുള്ള കടന്നു കയറ്റങ്ങളെ  എല്ലാം, ധൈര്യം കൊണ്ടോ,  നോട്ടം കൊണ്ടോ,  ദേഷ്യപ്പെടല്‍ കൊണ്ടോ അടക്കി നിര്‍ത്താന്‍ സാധിക്കുമായിരുന്നു എന്നത് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അന്നത്തെ 17  കാരിയെ ഓര്‍ത്തു അഭിമാനം തോന്നും. 

ഒറ്റയ്ക്ക് തന്‍ കാര്യം നോക്കാന്‍ ഞാന്‍ പഠിച്ചുവെങ്കിലും,  അമ്മേ, ഒറ്റയായി പോകും എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു ഒമ്പതു വയസ്സുകാരി നിന്റെ ജീവിതം നിന്‍കാര്യം മാത്രം എന്ന വരികള്‍ ഓര്‍ത്ത് ഇപ്പോഴും കരയുന്നുണ്ട്. 

അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുമ്പോള്‍, ജോലിയില്‍ മികവ് പുലര്‍ത്താന്‍ രാത്രികള്‍ ഓഫിസില്‍ ചിലവഴിക്കുമ്പോള്‍, ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ എല്ലാം ധൈര്യമായിരിക്കുന്ന എന്നിലെ പെണ്‍കുട്ടി, എന്റേതുമാത്രമായ സങ്കടങ്ങളെ എന്നിലേക്ക് ഒതുക്കണം അതാണ് ധൈര്യം എന്നുപറയുമ്പോഴും എനിക്ക് നിന്റെ സാനിധ്യം വേണമെന്നു പറയാനാകാതെ പിരിഞ്ഞുപോകുന്നവര്‍ക്കു നേരെ വാതില്‍ അടച്ചു ഒറ്റയ്ക്കുറങ്ങുന്ന രാത്രികളില്‍, അലമുറയിട്ടു കരയുന്നുണ്ട്, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു കൂട്ടുന്നുണ്ട്.

ഒറ്റയാക്കപ്പെടുന്നവരുടെ ലോകം ശൂന്യമാണ് അമ്മേ...

ഒറ്റയായി പോകുന്നത് ഒരു തിരഞ്ഞെടുപ്പ് അല്ലെങ്കില്‍, അതിനേക്കാള്‍ വലിയ വേദനയില്ലെന്നു പറഞ്ഞുതരാന്‍ അമ്മ എപ്പഴോ മറന്നു പോയി. ഒറ്റയാക്കപ്പെടുന്നവരുടെ ലോകം ശൂന്യമാണ് അമ്മേ, അവിടെ കരുത്തിനും, ചിന്തയ്ക്കും ഉപരിയായി ഒറ്റയ്ക്ക് നില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം മാത്രമേ ഉള്ളൂ. മറ്റുള്ളവരുടെ തിരക്കുകള്‍ കണ്ടു കണ്ണ് കഴയ്ക്കുന്ന ശൂന്യതയും. 

സ്വന്തം അരക്ഷിതാവസ്ഥകളെ മറ്റാരും അറിയാതെ ഉള്ളില്‍ ഒതുക്കി, പുറമേയ്ക്ക് കരുത്തുകാണിക്കുന്ന നൂറായിരം പെണ്‍കുട്ടികള്‍ ഉണ്ട് എന്റെ കൂടെ. ലോകം കരുത്തുറ്റ വനിതകള്‍ എന്ന് വിളിക്കുന്ന, ഏതു പ്രതിബന്ധത്തെയും ചെറിയ ചിരികൊണ്ടു നേരിട്ട്, തല ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്നവര്‍. അവരിലൊരാളാണ് അമ്മയുടെ മകളും. ഒറ്റയ്ക്കാവുമ്പോഴും തല താഴ്ത്താതെ  നില്‍ക്കുന്നവള്‍. 

കൗമാരം കഴിയുന്നതിനു മുന്‍പേ തന്‍കാര്യം നോക്കാന്‍, അമ്മയുടെ ചിറകിനടിയില്‍ നിന്നും കൊത്തിയകറ്റപ്പെട്ടതു കൊണ്ടാണ് ഞാന്‍ ഞാനായത്. ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ കരുത്തയായത്. മേലും കീഴും ഇരുപുറങ്ങളിലും കണ്ണുകളുള്ള  ഉറച്ച ചുവടുള്ള, അണയാത്ത ഉള്‍ക്കണ്ണുള്ള  പെണ്ണ്. തന്‍ കാര്യത്തിനൊപ്പം ലോകത്തെ കൂടി നേര്‍വഴിക്കു നടത്താന്‍ നിരന്തരം പരിശ്രമിക്കുന്ന, കരയുന്ന, പുറംകൈകൊണ്ടു അത് തുടയ്ക്കാന്‍ കഴിയുന്ന, പിന്നീട്  പുഞ്ചിരിക്കാന്‍ കഴിയുന്ന പെണ്ണായത്. 

സ്‌നേഹത്തോടെ ഒരു മകള്‍ 

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ  ചിറകിനടിയില്‍ കാത്തുവയ്ക്കണം​

Follow Us:
Download App:
  • android
  • ios