Asianet News MalayalamAsianet News Malayalam

കുടുംബവും ഒരു ടീം വര്‍ക്ക്!

Kochu Thresia on motherhood and paerenting
Author
Thiruvananthapuram, First Published Sep 25, 2017, 11:55 AM IST

കുഞ്ഞിനും കരിയറിനുമിടയിലെ അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു

Kochu Thresia on motherhood and paerenting

ലോഡ് ബാലന്‍സിംഗ് & ഫെയില്‍ ഓവര്‍... ഇടവേളകളില്ലാതെ നിരന്തരം ഔട്പുട് കൊടുക്കാന്‍ നിയുക്തമായ ഏതൊരു ടീം വര്‍ക്കിന്റെയും നട്ടെല്ലാണിത്. ചെയ്തു തീര്‍ക്കേണ്ട ജോലികളെ എങ്ങനെ ന്യായമായി ടീമംഗങ്ങള്‍ക്കിടയില്‍ വിഭജിക്കാം എന്നതാണ് ഒന്നിന്റെ ദൗത്യം. ഏതെങ്കിലും ടീമംഗത്തിന്റെ അഭാവത്തില്‍ അയാളുടെ പങ്കു കൂടി വേറൊരാളിലേക്ക് മാറ്റുക എന്നത് ഫെയിലോവറിന്റെ ചുമതലയും. കുടുംബം എന്നതും ഒരു ടീം വര്‍ക്ക് ആയതു കൊണ്ട് ഈ ഐഡിയകള്‍ അവിടെയും അത്യാവശ്യമാണ്. 

എന്നാല്‍ എന്റെ വീട് ഒരു പ്രൊഡക്ഷന്‍ അസംബ്ലി ലൈന്‍ പോലെയായിരുന്നു. ഫാക്ടറികള്‍ കണ്ടിട്ടില്ലേ. കണ്‍ വയര്‍ ബെല്‍റ്റിലൂടെ  പ്രൊഡക്ട് ഇങ്ങനെ പോയിക്കൊണ്ടിരിക്കും. ഒരാളുടെ പണി അത് പാക്കറ്റിലാക്കുന്നതു മാത്രം.  അടുത്തയാളാവട്ടെ  നിരന്തരം ലേബലൊട്ടിച്ചു കൊണ്ടിരിക്കും. അതു പോലെ ഒരു ജോലിവിഭജനമായിരുന്നു വീട്ടില്‍.  അരി വാങ്ങാനുള്ള കാശുണ്ടാക്കുക എന്നത് പപ്പയുടെ ചുമതലയായിരുന്നു. വീട്ടമ്മയായ  അമ്മ കുടുംബപരിപാലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടു പേരും അവരവരുടെ മേഖലയില്‍ ആഞ്ഞദ്ധ്വാനിച്ചതു കൊണ്ട് ഞങ്ങള്‍ കുട്ടികള്‍ വല്യ കുറവുകളൊന്നുമില്ലാതെ ഹാപ്പിയായി വളര്‍ന്നു. ആകെ മൊത്തം നോക്കിയാല്‍ ഒരു കുഴപ്പവുമില്ലാത്ത കുടുംബം. പക്ഷെ രണ്ടു പേരും നിരന്തരം ഞങ്ങള്‍ മക്കളോടാവര്‍ത്തിച്ചിരുന്ന ഒരു കാര്യമുണ്ട്.. സ്‌നേഹത്തിന്റെയോ കടമയുടെയോ എന്തിന്റെ പേരിലുമാകട്ടെ, ആവതുള്ളിടത്തോളം കാലം സ്വന്തം ഭാരം ഒരിക്കലും മറ്റുള്ളവരില്‍ ചാരരുത്. സ്വന്തം കാലില്‍ നില്‍ക്കണം. സ്വന്തമായി വരുമാനം വേണം. 

ഇതൊക്കെയെന്ത്, സ്‌നേഹമല്ലേ ഏറ്റോം പ്രധാനം എന്നൊക്കെയേ അന്ന് ചിന്തിച്ചിട്ടുള്ളൂ. മുതിരുന്തോറും അവരെ കൂടുതല്‍ മനസിലാവാന്‍ തുടങ്ങി. കുടുംബത്തിലെ അത്ര സുഖകരമല്ലാത്ത അടിയൊഴുക്കുകളെയും.  

കുടുംബം നിലനിര്‍ത്തിപ്പോവാനുള്ള പണമുണ്ടാക്കാനുള്ള നിരന്തര അധ്വനത്തിലായിരുന്നു പപ്പ. ഞങ്ങള്‍ കുട്ടികളുടെ വിശേഷാവസരങ്ങളിലോ കുടുംബത്തിലെ ആഘോഷങ്ങളിലോ ഒന്നും പപ്പയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്നന്നത്തെ അന്നത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരായിരുന്നു. ഏതു സിംഗിള്‍ ബ്രെഡ്‌വിന്നറെയും പോലെ, തനിക്കെന്തെങ്കിലും സംഭവിച്ചു പോയാല്‍ കുടുംബം എങ്ങനെ മുന്നോട്ടു പോകും എന്ന നിരന്തരമായ അരക്ഷിതത്വത്തിലായിരുന്നു പപ്പയുടെ ജീവിതം. 

മറുവശത്ത് മമ്മിയുണ്ടായിരുന്നു. വീട് പൊടിപിടിക്കാതെയും നാലു നേരം സ്വാദുള്ള ഭക്ഷണം നിരത്തിയും. ഒരുപക്ഷെ  അതിനപ്പുറം  മമ്മിയെ  കണ്ടിരുന്നോ എന്ന് ഇപ്പോള്‍ കുറ്റബോധമുണ്ട്.  അപൂര്‍വ്വം ചിലയവസരങ്ങളില്‍ മമ്മി വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതു പോലും ഞങ്ങള്‍  പപ്പയും മക്കളും മുട്ടുന്യായം പറഞ്ഞ് തടയാന്‍ ശ്രമിച്ചിരുന്നു. അത് സ്‌നേഹം കൊണ്ടല്ല,  വെച്ചുവിളമ്പാന്‍ ആരുണ്ട് എന്ന ചിന്ത കൊണ്ടായിരുന്നു. മക്കളുമൊത്തുള്ള സമയത്തും മമ്മിയുടെ ഊര്‍ജം മുഴുവന്‍ തന്നെ ചെലവായിരുന്നത് പാചകം ചെയ്യാനും വീടു വൃത്തിയാക്കാനും  ആയിരുന്നു . ഒരു കൈ സഹായമുണ്ടാരുന്നേല്‍ കഷ്ടിച്ച് രണ്ടു മണിക്കൂറില്‍ തീരാനുള്ള പണിയേ ഉണ്ടായിരുന്നുള്ളൂ എന്ന് മമ്മി പിന്നീട് പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. പത്രമാസികകള്‍ ഇത്തിരി സ്ഥാനം തെറ്റി കിടന്നാലോ രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം ഒന്നിച്ചുണ്ടാക്കി സമയം ലാഭിച്ചാലോ കുപ്പായങ്ങള്‍ കുട്ടികളോടു തന്നെ അലക്കി തേച്ചെടുക്കാന്‍ പറഞ്ഞാലോ ഒന്നും അമ്മത്തത്തിന് കോട്ടമൊന്നും പറ്റില്ല. എപ്പോഴും സേവനസന്നദ്ധയായി താലം പിടിച്ചു നിന്നാല്‍ ആരും, അതു മക്കള്‍ ആയാലും വേണ്ടെന്നു പറയില്ല. 

ഇന്ന് അവര്‍ സന്തുഷ്ടരായിരിക്കാം. എല്ലാം മക്കളുടെ സന്തോഷത്തിനു വേണ്ടിയായിരുന്നു എന്ന് സ്വയം ആശ്വസിക്കുന്നുണ്ടാവാം. പക്ഷെ അതിന്റെ ഫലമനുഭവിച്ച മകള്‍ എന്ന നിലയില്‍ എനിക്കു കാണാന്‍ കഴിയുന്നുണ്ട്.. അവരുടെ ജീവിതം എന്നും ഒരു നൂല്‍പ്പാലത്തിലൂടെയായിരുന്നു. ഒരാള്‍ തളര്‍ന്നു വീണാല്‍, മറ്റേയാള്‍ക്ക് ആ റോള്‍ ഏറ്റെടുക്കാനുള്ള കഴിവോ അവസ്ഥയോ ഇല്ലായിരുന്നു. ആ കുടുംബത്തിന്റെ നിലനില്‍പു തന്നെ അവതാളത്തിലാകുമായിരുന്നു. അതു കൊണ്ടാവാം. അതു പോലെ ഒരു അസംബ്ലി ലൈന്‍ കുടുംബം അവര്‍ ഞങ്ങളില്‍ കാണാനാഗ്രഹിക്കാത്തത്. ഞാന്‍ ഒരു ലോഡ്ബാലന്‍സിംഗ് ഫെയിലോവര്‍ കുടുംബത്തിന്റെ വക്താവായത്. 

കുടുംബമാണ് നമ്മളൊന്നാണ് എന്നൊക്കെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചാലും ഓരോരുത്തരും വെവ്വേറെ വ്യക്തികളാണ്, സാധാരണ മനുഷ്യരാണ്. അസുഖം കൊണ്ടോ മരണം കൊണ്ടോ സ്‌നേഹം വറ്റിപ്പോകുന്നതു കൊണ്ടോ ഒക്കെ അതില്‍ ഒരാള്‍ വേണമെങ്കില്‍ ചിതറിപ്പോയേക്കാം. അന്ന് തനിയെ പിടിച്ചു നിന്നേ പറ്റൂ. സ്‌നേഹവും വാത്സല്യവും വാരിക്കോരി കൊടുക്കുന്നതിനൊപ്പം കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കേണ്ട മാതൃകയും അതാണ്. അച്ഛനും അമ്മയും കുട്ടികള്‍ക്കു വേണ്ടി മാത്രം ജീവിച്ചു തീര്‍ക്കേണ്ട ജീവികളല്ലെന്ന പാഠം. 

ഇന്നയാള്‍ തന്നെ ചെയ്തു തന്നേ പറ്റൂ എന്ന് വാശിപിടിക്കാതെ, അച്ഛനും അമ്മയും ഒരു ടീമാണെന്നും സാഹചര്യവും സമയവും അനുസരിച്ചു  തന്നെ സംബന്ധിച്ചുള്ള ഉത്തരവാദിത്തങ്ങളും സന്തോഷവും രണ്ടു പേര്‍ക്കും അനുഭവിക്കാന്‍ ഒരു പോലെ അവകാശമുണ്ടെന്നുള്ള പാഠം. നാളത്തെ തലമുറയാണവര്‍. അവര്‍ കണ്ടു പഠിക്കട്ടെ.

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ  ചിറകിനടിയില്‍ കാത്തുവയ്ക്കണം​

അനശ്വര കൊരട്ടി സ്വരൂപം: ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!

ബിലു പത്മിനി നാരായണന്‍​: അമ്മയാവാന്‍ അകത്തമ്മയാവണ്ട

നിഷാ സൈനു: അമ്മയ്ക്ക് പകരമാകുമോ മറ്റാരെങ്കിലും?​

Follow Us:
Download App:
  • android
  • ios