Asianet News MalayalamAsianet News Malayalam

അമ്മയാവാന്‍ അകത്തമ്മയാവണ്ട

Bilu Padmini Narayanan on motherhood
Author
Thiruvananthapuram, First Published Sep 22, 2017, 6:14 PM IST

കുഞ്ഞിനും കരിയറിനുമിടയിലെ അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു

Bilu Padmini Narayanan on motherhood
 '...അവള്‍ക്ക് തന്റെ ഭര്‍ത്താവിന്‍േറതിനു തുല്യമായ മണിക്കൂറുകള്‍ തന്നെ ഫാക്ടറിയിലോ പ്രിന്റിങ്ങ് ഹൗസിലോ മറ്റു വ്യവസായ സ്ഥാപനങ്ങളിലോ ജോലി ചെയ്യേണ്ടി വരുന്നു. അതിനും മുകളില്‍ വീട്ടുകാര്യങ്ങള്‍ക്കും കുട്ടികളെ നോക്കുന്നതിനുമായി വീണ്ടും സമയം കണ്ടെത്തേണ്ടി വരുന്നു. ക്യാപിറ്റലിസം ഞെരിക്കുന്ന യാതനയാണ് സ്ത്രീയുടെ  ചുമലില്‍ വച്ചുകൊടുത്തിരിക്കുന്നത്. വീട്ടുചുമതലക്കാരി, അമ്മ എന്നീ നിലകളിലുള്ള പ്രയത്‌നത്തിന് ഒരു കുറവും വരുത്താതെതന്നെ അതവളെ വരുമാനമുള്ള ജോലിക്കാരി കൂടിയാക്കിയിരിക്കുന്നു. ഈ മൂന്നു ഭാരങ്ങള്‍ക്കുമിടയില്‍
അവള്‍ വീര്‍പ്പുമുട്ടുന്നു...'
അലെക്‌സാന്‍ട്ര കൊളോണ്‍ടെയ് (കമ്യൂണിസം ആന്‍ഡ് ഫാമിലി 1920)

റഷ്യന്‍ കമ്മ്യൂണിസ്റ്റ് വിപ്‌ളവകാരിയും തൊഴിലാളിസ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച സ്ത്രീപക്ഷചിന്തകയുമായിരുന്ന കൊളോണ്‍ടെയ് ഉദ്യോഗസ്ഥവീട്ടമ്മമാരുടെ അവസ്ഥയെക്കുറിച്ച് ഏതാണ്ട് ഒരു നൂറ്റാണ്ടുമുന്‍പ് എഴുതിയതാണ് ഇത്.

ഇനി 2014 ല്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'സ്ത്രീശാക്തീകരണം: മാര്‍ഗനിര്‍ദ്ദേശങ്ങള്‍' എന്ന പുസ്തകത്തിലെ ആദ്യലേഖനത്തില്‍ നിന്ന് ഏതാനും വരികള്‍ വായിയ്ക്കാം.

1.  കുടുംബ കര്‍ത്തവ്യനിര്‍വഹണത്തില്‍ സ്ത്രീ ഒരു മന്ത്രിയുടെ സാമര്‍ഥ്യം കാണിക്കും.ഒരേ സമയത്തു പല കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ സ്ത്രീകള്‍ക്കു അപാര കഴിവാണ്. അടുക്കളയില്‍ പാചകത്തില്‍ ഏര്‍പ്പെടുന്ന സമയത്തും തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്മേലും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ മേലും വീടിന്റെ പൂമുഖത്ത് ആരെങ്കിലും വരുന്നുണ്ടോ എന്നതിലും ഒരേസമയം അവളുടെ ശ്രദ്ധ ചെല്ലും.

2. ഒരു ഉത്തമ വീട്ടമ്മ ക്ഷമയുടെയും ആത്മസമര്‍പ്പണത്തിന്റെയും മൂര്‍ത്തീഭാവമാണ്.അവള്‍ ഏതു കൊടുങ്കാറ്റിലും അണയാത്ത തീജ്വാലയാണ്.

3.  സ്ത്രീശാക്തീകരണമോ സാമ്പത്തികസ്വാതന്ത്ര്യമോ ഒന്നും കുടുംബഭദ്രതയെ തകര്‍ക്കരുത് എന്ന് ഓരോ സ്ത്രീയും ഓര്‍ക്കേണ്ടതുണ്ട്.

4. കുടുംബങ്ങളില്‍ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് അമ്മമാര്‍ ചിന്തിക്കുകയും മക്കള്‍ക്കുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യറാവുകയും വേണം.വിവാഹിതരാകാന്‍ പോകുന്ന പെണ്മക്കള്‍ക്ക് പൊരുത്തപ്പെട്ടു ജീവിക്കേണ്ടതെങ്ങനെ എന്ന് അമ്മമാര്‍ പറഞ്ഞു കൊടുക്കണം.

5. വിദ്യാഭ്യാസമുള്ള അമ്മയ്ക്ക് സ്വന്തം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കും. അതുവഴി ട്യൂഷന്‍ എന്ന അധികച്ചെലവ് ഒഴിവാക്കാം.

6. ഭാരതീയ സ്ത്രീസങ്കല്‍പ്പം ഉല്‍കൃഷ്ടമായതും അനുകരണീയവും ആകുന്നു. അവള്‍ അടക്കമുള്ളവള്‍, കുലീന, സ്‌നേഹസമ്പന്ന തുടങ്ങി പലതും ആയിരുന്നു. ആരെയും ബഹുമാനിക്കാത്ത തന്റേടികളായ എന്തിനും പോന്ന മട്ടില്‍ സഞ്ചരിക്കുന്ന സ്തീകള്‍ നാളത്തെ പൗരന്മാരെ എങ്ങനെ ഏതുതരത്തില്‍ വാര്‍ത്തെടുക്കും എന്നത് ചിന്തനീയമാണ്...

7. പെണ്‍കുട്ടികളുടെ വഴിവിട്ട സഞ്ചാരത്തിന് അമ്മ തന്നെയാണ് പ്രധാന ഉത്തരവാദി,അമ്മമാര്‍ ശ്രദ്ധിച്ചാല്‍ പെണ്മക്കള്‍ അബദ്ധത്തില്‍ പെടുന്നത് നൂറുശതമാനം ഒഴിവാക്കാം.

8. സ്ത്രീശാക്തീകരണത്തിന്റെ എന്ന പേരില്‍ പൊതുരംഗത്തിറങ്ങുന്ന വനിതകള്‍ പോലും പലപ്പോഴും സ്ത്രീധര്‍മ്മം മറന്നു പോകുന്നു എന്നതാണ് സത്യം.

9. ( ഐ.ടി. ഉദ്യോഗസ്ഥ) വനിതകള്‍ കുറച്ചുകൂടി (കുടുംബത്തിന്റെ) ആരോഗ്യസംബന്ധമായി ബോധവതികളാകണം, അവര്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അവരെ വീട്ടിലിരുന്നും പണിചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ വിട്ടുവീഴ്ച ചെയ്യണം, അവരുടെ അടുക്കളയിലും പാചകം നടക്കും.

കുട്ടികള്‍ക്കു വേണ്ടി തൊഴില്‍ജീവിതം ഉപേക്ഷിച്ച് വീട്ടമ്മമാരാകുന്നതിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ കുറിപ്പുകള്‍ കണ്ടപ്പോള്‍ പ്രസക്തമെന്നു തോന്നിയ രണ്ടു എഴുത്തുകള്‍ ആണിവ. ഏതാണ്ട്  ഒരു നൂറ്റാണ്ടിന്റെ അപ്പുറവും ഇപ്പുറവും ആയുള്ളവ. സ്ത്രീശാക്തീകരണത്തിലെ നമ്മുടെ നൂറുകൊല്ലത്തെ ചിന്താവളര്‍ച്ച എത്രയെന്ന് രസകരമായി, നിരാശാജനകമായി അതു വെളിപ്പെടുത്തുന്നു! 
 

'തലയിലെഴുത്ത്'
അമ്മജീവിതം തെരഞ്ഞെടുക്കുന്ന ഈ ത്യാഗനിര്‍ഭരപുനര്‍വിചാരത്തിന് വളരെപ്പേര്‍ ഇഷ്ടം കൂടിയിട്ടുമുണ്ട്. ആര്‍ത്തവത്തില്‍ ഒരു ദിവസത്തെ അകത്തിരിപ്പാണെങ്കില്‍, ഇതില്‍ ചിലപ്പോള്‍ മൊത്തം ജന്മം തന്നെ അങ്ങനെയാക്കാവുന്ന സാധ്യതയുള്ളതിനാല്‍ ബാലപരിചരണ, ആരോഗ്യ, സന്മാര്‍ഗ വക്താക്കള്‍ പിന്തുണയായുണ്ട്.ഏറ്റവും രസകരമായി തോന്നിയത് കുട്ടികളുടെ പിതാവ് എന്ന കഥാപാത്രം അതിഥി താരമായിപ്പോലും ഈ ചര്‍ച്ചകളില്‍ കടന്നുവരുന്നില്ല എന്നതാണ്. നേരത്തെ എടുത്തുകാണിച്ച ഔദ്യോഗികപുസ്തകമായാലും, ഓണ്‍ലൈന്‍ 'സ്വതന്ത്ര' ചിന്തകളായാലും വീടിനേയും കുട്ടികളെയും സംബന്ധിച്ച പ്രയത്‌നപൂര്‍ണമായ ജാഗ്രതകളും സമയം കയ്യിലെടുത്തുള്ള പരക്കം പാച്ചിലും എല്ലാം പെണ്ണിന്റെ മാത്രം 'തലയിലെഴുതിയ' സംഭവമാകുന്നു.

ഏതാനും വര്‍ഷങ്ങള്‍ ജോലിസ്ഥലത്തുനിന്ന്  ആഴ്ചയവസാനം മാത്രം വീട്ടിലേയ്ക്കു വന്നിരുന്ന അമ്മയാണു ഞാന്‍. രണ്ടു വര്‍ഷത്തെ അവധിയ്ക്കു ശേഷം ഒരു തീരുമാനമെടുക്കേണ്ടി വന്ന സന്ദര്‍ഭത്തില്‍ ധൈര്യപൂര്‍വം തിരിച്ചുപോയി ജോയിന്‍ ചെയ്തു. ഒരു മുഴുവന്‍  സമയ സഹായിയെ കുട്ടി/ വീട്ടു കാര്യങ്ങള്‍ക്കായി അവര്‍ക്കൊപ്പം നിര്‍ത്തിയെന്നതും, സര്‍ക്കാര്‍ ജോലിയായതു കൊണ്ടുമാത്രം നേരെ പോയി ജോലിയില്‍ തുടരാന്‍ പറ്റി എന്നതും വേറെ കാര്യം. ഇതു പോലെ വീട്ടില്‍നിന്നു മാറിനിന്നോ അല്ലാതെയോ ജോലിയ്ക്കു പോകുന്ന  എത്രയോ അമ്മമാരുണ്ട്. സഹായികള്‍ അടക്കമുള്ള പിന്തുണകള്‍ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. അവരുടെയൊക്കെ  ജീവിതത്തെ കുറ്റബോധത്തില്‍ മുക്കാന്‍ വഴിവെയ്ക്കുന്ന ഒരു സമീപനം ഈ വീട്ടമ്മ ജീവിത കാല്‍പനിക ചര്‍ച്ചകളിലുണ്ട്. അത് ഒട്ടും തന്നെ നിഷ്‌കളങ്കമല്ല. ഒരു സ്ത്രീയുടെ ജീവിതത്തിന്റെപ്രായം കൊണ്ടും അനുഭവം കൊണ്ടും ഏറ്റവും പ്രോഡക്റ്റീവ് ആയ ഒരു കാലത്തെയാണ് അത് വൈകാരികമായി റ്റാര്‍ഗെറ്റ് ചെയ്യുന്നത്. തങ്ങളുടെ ഊര്‍ജത്തിന്റെ സ്വാഭാവികഭാഗമെന്ന നിലയില്‍ മക്കളോടൊപ്പം വീണ്ടും കുട്ടിയും കൗമാരക്കാരിയും ആയി, അവരുടെ കൈപിടിച്ചുകൊണ്ടു തന്നെയുള്ള പുറത്തേയ്ക്കുള്ള വളര്‍ച്ചയെ, ശാക്തീകരിക്കപ്പെട്ട കുറേക്കൂടി സാമൂഹികവും രാഷ്ട്രീയവുമായ വളര്‍ച്ചയെ ആണ് തലോടിയമര്‍ത്തി  കൊല്ലുന്നത്.

ഏഷ്യയിലെ വനിതാജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് 29% ആണെങ്കില്‍ ഇന്ത്യയില്‍ അത് 50% ആണ്.

ഭാര്യയും അമ്മയുമാകുമ്പോള്‍ അവളിലേയ്ക്കു വന്നു വീഴുന്ന, ആണിന്റെ ഭാഗത്തു നിന്നുള്ള അംഗീകൃത പങ്കാളിത്തമില്ലായ്മയാല്‍ സ്വയമറിയാതെ ശീലിക്കുന്ന 'ബട്‌ളര്‍പണി'യെ അമ്മത്തത്തിന്റെ കുപ്പിയില്‍ റൊമാന്റിക്കായി ഒന്നുകൂടി പൊതിഞ്ഞുവെയ്ക്കുകയാണ് നമ്മള്‍!

സ്വന്തം പേരുവിളി എടുത്തുവെയ്‌ക്കേണ്ട അടിയുടുപ്പിന്റേയും ആഹാരത്തിന്റെയും അടിച്ചുകളയേണ്ട അഴുക്കിന്റേയും അപ്പിമൂത്രങ്ങളുടേയും ഒരു ചുരുക്കരൂപമായി മാറുന്നത് തിരിച്ചറിയാതെ ജീവിക്കുന്നവര്‍. 'ഞാനില്ലെങ്കി ഇവടെ ഒരു നേരം കഴിയില്യ' എന്ന ഒരു പറച്ചിലിന്റെ പാവം പിടിച്ച അഹങ്കാരത്തില്‍ ഒരു ജന്മം മുഴുമിക്കുന്നവര്‍. സപ്പോര്‍ട്ട് സിസ്റ്റമെന്നത് ഒരിക്കലും ഒരു സമഗ്രജീവിതമല്ലെന്നും മറ്റൊന്നിനു വളമാകല്‍ മാത്രമാണെന്നും അറിയാതെ പോകുന്നവര്‍.

കൊഴിഞ്ഞു പോകുന്ന അമ്മമാര്‍

നഗരങ്ങളില്‍ പ്രത്യേകിച്ച് ഐ.ടി. രംഗത്തു കാണാവുന്ന ഡ്രോപ് ഔട്ട് ഉദ്യോഗസ്ഥകളുടെ ഒരു പൊതു വാചകമുണ്ട് 'ജോലിയുണ്ടായിരുന്നു. പിന്നെ കുട്ടികളായപ്പോള്‍ വേണ്ടാന്നു വെച്ചു..'. ഒരേ പോലുള്ള വിദ്യാഭ്യാസം കഴിഞ്ഞ് സമാനതസ്തികകളില്‍ ജോലിയ്ക്കു കയറി വിവാഹം കഴിയുന്ന ആണും പെണ്ണും കുട്ടികളാകുന്നതോടെ രണ്ടു തരം ജീവിതാവസ്ഥകളിലേയ്ക്ക് മാറ്റപ്പെടുന്നു. ഇനി എങ്ങനെയെങ്കിലും ജോലിയ്ക്കു കയറുമെന്നു വെച്ചാല്‍ മറ്റേണിറ്റി ലീവിനു ശേഷം 'സംഭവിച്ച'  കരിയര്‍ ഗ്യാപ് അവളെ ചിത്രത്തില്‍നിന്ന് പതിയെ പിന്തള്ളുന്നു. വിവാഹം കഴിഞ്ഞ സാധ്യതാഗര്‍ഭിണികളെ, അമ്മമാരെ ജോലിയ്‌ക്കെടുക്കാന്‍ വിമുഖത കാണിക്കുന്ന എച്ച് ആര്‍ മാനേജര്‍മാരും അത്തരക്കാരെ ഗ്രൂപ്പിലെടുക്കാതിരിക്കാന്‍ പണികള്‍ പയറ്റുന്ന പ്രോജക്റ്റ് മാനേജര്‍മാരും ഇങ്ങനെ പറയുന്നു- 'എടുത്താപ്പിന്നെ സൊല്ലയാ..അസുഖം, ആശുപത്രി, കുട്ടിയ്ക്ക് കുത്തിവെപ്പ്...ഇങ്ങനെ ഒഴികഴിവും കണ്ണീരും കാണേണ്ടി വരും...' 

ഇത് ഒരു ചാക്രിക പ്രശ്‌നമാണ്. വീട്ടമ്മത്തത്തിന്റെ ഒറ്റയാള്‍പ്പടയോട്ടം തന്നെ അവളെ ജോലിയിലും നീതിപുലര്‍ത്തുന്നതില്‍ നിന്ന് തടയുന്നു. അപമാനപ്പെടുത്തുന്ന ആ വിഷമവൃത്തത്തില്‍ നിന്നുള്ള രക്ഷ ജോലി കളഞ്ഞ് അമ്മയാവല്‍ മാത്രമാകുന്നു. ഏഷ്യയിലെ വനിതാജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് 29% ആണെങ്കില്‍ ഇന്ത്യയില്‍ അത് 50% ആണ്. ബാംഗളൂരിലെ ഐ ടി സ്ത്രീ ജീവനക്കാരുടെ എണ്ണം 2016ല്‍ 28% ആയിരുന്നുവെങ്കില്‍ 2017ല്‍ അത് 34% ആയി ഉയര്‍ന്നു. പക്ഷേ പ്രസവം, തുടര്‍ന്ന് വീട്ടില്‍നിന്നുള്ള പ്രയത്‌നപങ്കാളിത്തമില്ലായ്മ എന്നിവയാല്‍ പകുതി പേരും ജോലിയവസാനിപ്പിക്കുന്നു. (അവലംബം: ബിസിനസ് റ്റുഡേ.ഇന്‍, ഹിന്ദു ബിസിനസ് ലൈന്‍-ഫെബ്രുവരി 2017,  നാസ്‌കോം റിപ്പോര്‍ട്ട് )

ജോലിയ്ക്കു ചേരുന്ന സ്ത്രീകളുടെ എണ്ണമേ കമ്പനിനയത്തില്‍ ബാധകമാകൂ, പരസ്യപ്പെടൂ. പുതിയതായി ജോലിയ്ക്കു കയറുന്ന ഫ്രെഷര്‍ പെണ്‍കുട്ടികളാല്‍ ഈ കണക്ക് കിഴിയാതെ നിലനില്‍ക്കും. അതായത് ഒരു തരം ഒഴുകുന്ന, അസ്ഥിരമായ തൊഴില്‍ശക്തിയാണ്  ഐ ടി യടക്കമുള്ള അസംഘടിതമേഖലയിലെ സ്ത്രീസാന്നിധ്യം. 

ഉത്തമഭാര്യയില്‍ നിന്ന് ഇത്തിരി കുറച്ചാല്‍
അണുകുടുംബസാഹചര്യത്തില്‍ മക്കളുടെ കാര്യത്തിനായി ഒരാള്‍ രണ്ടോ മൂന്നോ വര്‍ഷം ജോലി മാറ്റിവെയ്ക്കുക എന്ന പൊതുവായ തീരുമാനം എടുക്കാന്‍ കഴിയുന്ന സാമ്പത്തികസാഹചര്യമുള്ളവര്‍ക്ക് അങ്ങനെയാകാം. പക്ഷേ അത് ഒരിടത്തും പുരുഷന്‍ വീട്ടച്ഛനാകുന്നതിലേയ്ക്ക് പോകുന്നതേയില്ല! 

മുലയൂട്ടല്‍ കാലമായ ആറുമാസമോ കുറച്ചു കൂടിയോ സ്ത്രീ കുത്തക ആവട്ടെ. പക്ഷേ കുട്ടികളുടെ സ്‌കൂള്‍ കാലം എത്തിയതിനുശേഷമുള്ള ഹോംവര്‍ക്ക്, നാലുമണിച്ചായ തുടങ്ങിയവ ലക്ഷ്യങ്ങള്‍ ആയിക്കൊണ്ട് 'വീട്ടമ്മ റീലോഡഡ്' ആകുന്നിടത്താണ് കുഴപ്പമുള്ളത്. സത്യത്തില്‍ സ്‌കൂള്‍ കാലം തുടങ്ങുമ്പോള്‍ കൃത്യതയുള്ള ഔദ്യോഗിക, വ്യക്തിപര ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ് മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്നത്. കുട്ടിയും അവരും ഒരു പോലെ കൂടുതല്‍ സാമൂഹികജീവിതത്തിലേക്ക് പ്രവേശിക്കേണ്ടവരാണ്. ഇവിടെയാണ് വിഷയത്തിന്റെ കാതലും കിടക്കുന്നത്. ഈ ഘട്ടത്തില്‍ സ്ത്രീ മാത്രം  ഇരട്ടഭാരം പേറേണ്ട  ഗാര്‍ഹികതയില്‍  ചുരുക്കപ്പെടുന്നു. ജോലിസ്ഥലത്തോ, കാപ്പിക്കടയിലോ  'അധികം' ചെലവഴിക്കപ്പെടുന്ന ഇത്തിരി സമയം പോലും ധര്‍മ്മപരമായ വ്യതിയാനം ആകുന്നു. ഈ ഭാരവണ്ടി തന്നെയാണ് അമ്മയെയും ചതച്ചുകളയുന്നത്. മക്കള്‍ക്കൊപ്പം അല്‍പ്പനേരം വിശേഷംകേട്ട് 'സര്‍ഗാത്മകവും കാല്‍പ്പനികവുമായി' അവര്‍ക്ക് ഇരിക്കാന്‍ സാധിക്കാത്തത് പലപ്പോഴും തുണിമാറ്റി നേരെ അടുക്കളയിലേയ്ക്ക് ഓടുന്നതുകൊണ്ടാണ്. അടുത്ത നേരം, ദിവസം എന്ന കാല്‍ക്കുലേറ്റര്‍ യാന്ത്രികതയിലേയ്ക്ക് പോകേണ്ടി വരുന്നതുകൊണ്ടാണ്.

അമ്മത്തമല്ല, അകത്തമ്മയാണ് ഇതിലെ യഥാര്‍ഥ ലക്ഷ്യം!

കാര്യങ്ങള്‍ ഒറ്റയടിയ്ക്ക് നേരെയാവില്ല. ജോലി കളയാതെ തന്നെ അമ്മയാവാന്‍ വനിത പറയുന്ന പോലെ ചില പൊടിക്കൈകളുണ്ട്. കൂലിപ്പണിയായാലും കോര്‍പ്പറേറ്റ് പണിയായാലും മക്കളുടെ കാര്യം കേന്ദ്രീകരിച്ച് അടുക്കള, വീട്ടു കാര്യങ്ങള്‍ നീക്കുക. പങ്കാളിത്തപ്രയത്‌നമില്ലാത്ത ഭര്‍ത്താക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അങ്ങു മാറ്റി വെയ്ക്കുക. വസ്ത്ര വൃത്തി കാര്യങ്ങളൊക്കെ സ്വയമോ ഔട്ട്‌സോഴ്‌സ് ചെയ്‌തോ അദ്ദേഹം തന്നെ ചെയ്യുമാറാക്കുക. അദ്ദേഹത്തിന്റെ അതിഥികളെ അദ്ദേഹം തന്നെ സല്‍ക്കരിക്കണം എന്നാക്കുക. അതായത് ഉത്തമഭാര്യയില്‍ നിന്ന് ഇത്തിരി കുറച്ചാല്‍ സ്വതന്ത്ര സന്തോഷ അമ്മയിലേയ്ക്ക് നിങ്ങള്‍ക്ക് ഒത്തിരി കൂട്ടാം!

പാരന്റിങ്ങിനേയും, ഹൗസ്‌കീപ്പിങ്ങിനേയും സംബന്ധിച്ച് ഇന്നും മാറ്റമില്ലാതെ തുടരുന്ന ലിംഗപരമായ അസമത്വത്തിലേയ്ക്കാണ് ഈ വീട്ടമ്മചര്‍ച്ച അടിസ്ഥാനപരമായി വിരല്‍ ചൂണ്ടുന്നത്. അമ്മത്തമല്ല, അകത്തമ്മയാണ് ഇതിലെ യഥാര്‍ഥ ലക്ഷ്യം! സോഷ്യല്‍ പാരന്റിംഗ് അഥവാ സാമൂഹ്യരക്ഷാകര്‍തൃത്വം എന്ന ഗുണപരമായ ചിന്തയില്‍നിന്ന് വിപരീതമായി കുട്ടിയേയും അമ്മയേയും തികച്ചും കുടുംബവ്യക്തി സങ്കുചിതത്വത്തിലേയ്ക്ക് ചുരുക്കുകയുമാണ് അത്.
 
പ്രിയപ്പെട്ട പെണ്ണുങ്ങളേ, മക്കള്‍ ഉസ്‌കൂളു വിട്ടു വരുമ്പോള്‍ വിളമ്പേണ്ട അപ്പോം അടയും ഉറപ്പാക്കിയാല്‍ റൊക്കം വീട്ടുകാര്യങ്ങള്‍ക്ക് തൊഴിലുറപ്പായി. കലര്‍പ്പില്ലാത്ത പാലിനായി പുതുതലമുറയുടെ ആരോഗ്യത്തിനായി 'തൊടിയില്‍ ഒരു ഗോമാതാവു' കൂടിയായാല്‍ എല്ലാം പൂര്‍ത്തിയായി!       

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ  ചിറകിനടിയില്‍ കാത്തുവയ്ക്കണം​

അനശ്വര കൊരട്ടി സ്വരൂപം: ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!
 

Follow Us:
Download App:
  • android
  • ios