Asianet News MalayalamAsianet News Malayalam

സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

Sruthi Rajesh on motherhood
Author
Thiruvananthapuram, First Published Sep 15, 2017, 6:16 PM IST

Sruthi Rajesh on motherhood

എന്റെ അമ്മയൊരു വീട്ടമ്മയാണ്. ഞങ്ങള്‍ രണ്ടു പെണ്‍മക്കളും സ്‌കൂളില്‍ നിന്നും, ആ കാലം കഴിഞ്ഞപ്പോള്‍ കോളേജില്‍ നിന്നും, വരുന്നതും കാത്ത്,  വൈകിട്ട് വരുമ്പോള്‍ കഴിക്കാന്‍ ചായയും ദിവസവും വൈവിധ്യമാര്‍ന്ന പലഹാരങ്ങളും ഉണ്ടാക്കി കാത്തിരുന്ന ഒരു പാവം വീട്ടമ്മ. പക്ഷെ അമ്മ ഞങ്ങളോട് എപ്പോഴും പറഞ്ഞൊരു കാര്യമുണ്ടായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചൊരു ജോലി സമ്പാദിക്കണം എന്ന്. അന്നൊന്നും അതിന്റെ അര്‍ഥമോ ആഴമോ എനിക്കറിയില്ലായിരുന്നു. പക്ഷെ പില്‍ക്കാലത്ത് ഞാനറിയാതെ ഞാന്‍ സ്വയം കണ്ടെത്തി, അമ്മ അന്ന് പറഞ്ഞ ആ വാക്കിന്റെ മുഴുവന്‍ അര്‍ഥങ്ങളും.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 'അമ്മജീവിത'ത്തെ കുറിച്ചു സ്വാതി ശശിധരനും ആയിശ സനയും എഴുതിയ മനോഹരമായ കുറിപ്പുകള്‍ വായിച്ചു. രണ്ടിലും നിറഞ്ഞു നില്‍ക്കുന്നത് അമ്മ മനസ്സുകളാണ്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളും നോക്കി നില്‍ക്കണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. ഒരു കുഞ്ഞു പിറന്നു വീഴുന്നത് മുതല്‍ അമ്മയുടെയും അച്ഛന്റെയും സകലപ്രതീക്ഷകളും അവരിലാകും. പിന്നെ ഉള്ള നമ്മുടെ ജീവിതം സത്യത്തില്‍ അവരുടെ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താകും. എങ്കിലും ചിലപ്പോള്‍ എല്ലാവര്‍ക്കും ആ മനോഹരമായ കാലം സുഖകരമാകില്ല. കാരണം ഓരോ മനുഷ്യരുടെയും സാഹചര്യം, അത് ഒരിക്കലും ഒരുപോലെയാകില്ല.

പ്രസവത്തിന്റെ തലേദിവസം വരെ ജോലിക്ക് പോകുന്ന അമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്. കുഞ്ഞിനു രണ്ടാഴ്ച തികയും മുമ്പ് ലീവില്ലാത്തത് കൊണ്ട് ഓഫീസിലെ തിരക്കുകളില്‍ മുഴുകേണ്ടി വരുന്ന അമ്മമാരുണ്ട്.ആയിശ സന എഴുതിയത് പോലെ തന്റെ കുഞ്ഞിനു ആവോളം പകര്‍ന്നു നല്‍കേണ്ട മുലപ്പാല്‍ ഓഫീസിലെ ബാത്ത്‌റൂമില്‍പിഴിഞ്ഞു കളയേണ്ടിവരുന്ന ഗതികേടില്‍ ജീവിക്കുന്ന അമ്മമാരുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി, അവരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടി എത്ര വലിയതോ ചെറുതോ എന്തുമാകട്ടെ തന്റെ ജോലി ഉപേക്ഷിച്ചു മക്കള്‍ക്ക് വേണ്ടി രാവും പകലും ജീവിക്കുന്ന അമ്മമാരുണ്ട്, കുഞ്ഞിനേയും നോക്കി വീട്ടിലിരുന്ന ജോലി ചെയ്യുന്ന അമ്മമാരുണ്ട്. മക്കളെ ഡേ കെയറിലോ, മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ കൈകളില്‍ കൊടുത്ത് ജോലി ചെയ്യുന്ന അമ്മാരുണ്ട്. ഇവരെല്ലാം അമ്മമാരാണ് , ഇവര്‍ക്കെല്ലാം ഉള്ളതും ഒരേ വികാരമാണ്, എല്ലാവര്‍ക്കും വേണ്ടത് ഒന്ന് മാത്രം തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം, അവരുടെ സന്തോഷം.

എല്ലാവര്‍ക്കും വേണ്ടത് ഒന്ന് മാത്രം തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം, അവരുടെ സന്തോഷം.

ഞാനും ഒരമ്മയാണ്, ജോലി ചെയ്യുന്ന അമ്മ. എന്റെ സ്വന്തം താല്‍പര്യപ്രകാരം ഞാന്‍ തിരഞ്ഞെടുത്ത വഴിയാണ് വീട്ടിലിരുന്നു ജോലി ചെയ്യുക എന്നത്. അന്യദേശത്തു താമസിക്കുന്നത് കൊണ്ട് കുഞ്ഞിനെ ഞങ്ങള്‍ ഒറ്റയ്ക്കാണ് വളര്‍ത്തുന്നത്. ഒന്ന് കൈമാറി എടുക്കാന്‍ പോലും ഒരാള്‍ ഇല്ലാത്ത സാഹചര്യം. ദിവസം എട്ടു മണിക്കൂര്‍ സമയം വരെ ഓണ്‍ലൈനില്‍ ഞാന്‍ ജോലി ചെയ്യാറുണ്ട്. ആ സമയമത്രയും എന്റെ രണ്ടരവയസ്സുള്ള മകള്‍ എനിക്കൊപ്പം തന്നെയാണ്. ഇതിനിടയിലാണ് ഞാന്‍ കുഞ്ഞിനു വേണ്ടതെല്ലാം ചെയ്യുന്നത്. ചിലപ്പോഴൊക്കെ കുഞ്ഞിനെ എന്റെ തോളത്തു ഉറക്കി കിടത്തിയും, മടിയിലിരുത്തിയുമൊക്കെ ഞാന്‍ ജോലി ചെയ്യും. ഇതൊന്നും മഹത്വവല്‍ക്കരിച്ചു കൊണ്ട് ഞാന്‍ പറയുന്നതല്ല. എന്റെ സാഹചര്യം ഇതാണ്. എല്ലാ അമ്മമാര്‍ക്കും വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാകണമെന്നില്ല, നാളെ ഒരുപക്ഷെ ഞാന്‍ ഒരു മാധ്യമസ്ഥാപനത്തില്‍ പോയി ജോലി ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഞാന്‍ അത് ചെയ്യും. അപ്പോഴത്തെ സാഹചര്യം ചിലപ്പോള്‍ ആവശ്യപ്പെടുക അതാകും.

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. പക്ഷെ ആ വലിയ ഉത്തരവാദിത്തത്തിന്റെ പേരില്‍ ഒരു സ്ത്രീയുടെയും കഴിവുകള്‍ എങ്ങും മാറ്റിവെയ്ക്കപ്പെടേണ്ടതല്ല. എന്റെ അമ്മ ഞങ്ങള്‍ക്ക് വേണ്ടി വീട്ടമ്മയായി കഴിഞ്ഞു, പക്ഷെ അതുപോലെ ഞാനും ജോലി മാറ്റിവെച്ച് മക്കളെ നോക്കുന്ന അമ്മ മാത്രമാകണം എന്ന് ആഗ്രഹിച്ചില്ല. എല്ലാ വൈകുന്നേരങ്ങളിലും എനിക്കെന്റെ മകള്‍ക്കൊപ്പം അവളുടെ കളികള്‍ കണ്ടിരിക്കാന്‍ സാധിക്കാറില്ല. ചിലപ്പോള്‍ അവള്‍ക്കു ഭക്ഷണം നല്ക്കുന്നതും ഉറക്കുന്നതും എന്റെ ഭര്‍ത്താവാണ്. അതെ ഉത്തരവാദിത്തം ഞാന്‍ മറ്റു സന്ദര്‍ഭങ്ങളില്‍ തിരിച്ചും ഏറ്റെടുക്കും. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛനും അമ്മയ്ക്കും തുല്യഉത്തരവാദിത്തമാണെന്ന തിരിച്ചറിവാണ് ഇതിനെല്ലാം പിന്നില്‍. ഇതിനു പോലും സാധിക്കാത്ത എത്രപേരുണ്ടാകും. അപ്പോള്‍ ഇത് എനിക്ക് കിട്ടിയ ബോണസ് എന്ന് ചിന്തിക്കുന്നതാണ് സന്തോഷം.

ഭര്‍ത്താവിന്റെ വരുമാനമെന്ന വലിയ തണലില്‍ സ്വന്തം ജോലി ഉപേക്ഷിച്ചു അല്ലെങ്കില്‍ ജോലിക്ക് പോകാതെ മക്കള്‍ക്കൊപ്പം ചിലവഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച അമ്മമാരുണ്ട്. അതെ സമയം തന്നെ ആ തണലുണ്ടായിട്ടും സ്വന്തം വരുമാനം എന്ന അഭിമാനത്തിനു വേണ്ടി, ഇഷ്ടപ്പെട്ടു സ്വന്തമാക്കിയ ജോലിക്ക് വേണ്ടി രണ്ടും ബാലന്‍സ് ചെയ്തു പോകുന്ന ഞാന്‍ ഉള്‍പ്പടെയുള്ള എത്രയോ അമ്മമാരുണ്ട്. ഇതിനെല്ലാം മുകളില്‍ മാസാമാസം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന എത്രയോ സ്ത്രീകള്‍. അവരും അമ്മമാരാണ്, അവരുടെ മനസ്സുകളിലും നിറഞ്ഞുനില്ക്കുന്നതു മാതൃസ്‌നേഹമാണ്.

എല്ലാവര്‍ക്കും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹമുണ്ട് തന്റെ സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ചു പറക്കണമെന്ന്.

എന്റെ അടുത്ത ഫ്‌ളാറ്റില്‍ വീട്ടുജോലിക്ക് വരുന്നൊരു തമിഴ് സ്ത്രീയുണ്ട്. ഞാന്‍ 'അക്കാ'എന്ന്വിളിക്കുന്ന അവര്‍ ജോലി കഴിഞ്ഞു വൈകിട്ട് പ്രാണനും കൈയ്യില്‍ പിടിച്ചൊരു ഓട്ടമുണ്ട്. സ്‌കൂള്‍ വിട്ടു വരുന്ന അവരുടെ അഞ്ചും ഏഴും വയസ്സുള്ള കുഞ്ഞുങ്ങള്‍ അടച്ചുറപ്പില്ലാത്ത അവരുടെവീട്ടുവരാന്തയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതിന്റെ അങ്കലാപ്പാണ് ആ നിമിഷം ആ സ്ത്രീയുടെ കണ്ണുകളില്‍. അവര്‍ക്ക് ഒരിക്കലും വീട്ടുജോലിക്ക് പോകാതെ തന്റെ കുടുംബം പുലര്‍ത്താന്‍ കഴിയില്ല, അതെ സമയം തന്നെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ഒളിപ്പിക്കുംപോലെ അവര്‍ സദാ തന്റെ മക്കള്‍ക്ക് വേണ്ടിയും ജീവിക്കുകയാണ്.അവര്‍ക്ക്സാമ്പത്തികസുരക്ഷിത്തത്വം ഇല്ല, അത് കൊണ്ട് തന്നെ ഈ ഓട്ടം ആ അമ്മ ദിവസവും തുടര്‍ന്ന് കൊണ്ടേയിരിക്കും.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചഅമ്മമ്മാരില്‍ എനിക്കറിയാവുന്ന മിക്കവാറും എല്ലാവരും പറഞ്ഞൊരു കാര്യമുണ്ട്, കുഞ്ഞു കുറച്ചു വളര്‍ന്നാല്‍ ഇനിയും ജോലിക്ക് പോകാമല്ലോ എന്ന്, അതൊരു പ്രതീക്ഷയാണ്. അപ്പോള്‍ നൂറുശതമാനം സംതൃപ്തിയോടെയല്ല അവരത് ചെയ്തത് എന്നാണു ഞാന്‍ മനസ്സിലാക്കിയത്. സാഹചര്യം- അതാണ് ആ തീരുമാനത്തിന് പിന്നില്‍. എല്ലാവര്‍ക്കും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹമുണ്ട് തന്റെ സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ചു പറക്കണമെന്ന്.

ഇന്നെന്റെ കുഞ്ഞിനു എന്നെ മനസ്സിലാകില്ല, പക്ഷെ നാളെയൊരു ദിവസം അവള്‍ക്ക് എന്നെ മനസ്സിലാകും. എത്ര തിരക്കുകള്‍ക്കിടയിലും എന്റെ മനസ്സ് അവള്‍ക്കൊപ്പം മാത്രമായിരുന്നെന്ന്. എനിക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ അമ്മയുടെ ഇഷ്ടങ്ങളും കഴിവുകളും അമ്മ വെറുതെ പാഴാക്കിയില്ലെന്നവള്‍ നാളെ പറയുമെന്ന് എനിക്കുറപ്പുണ്ട്. അമ്മയുടെ റോള്‍ അമ്മയ്ക്ക് മാത്രമുള്ളതാണ്, അതൊരു കടമയാണ് അല്ലാതെ ഒരാളുടെയും സ്വപ്നങ്ങള്‍ പൂട്ടികെട്ടി വെയ്ക്കാനുള്ള ചങ്ങലയല്ലത്. സ്വന്തം കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഓരോ അമ്മമാരും വളരട്ടെ. അതല്ലേ സന്തോഷം.

 

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

Follow Us:
Download App:
  • android
  • ios