ഏഴുകോടിയുടെ കൊള്ള, ആ ഇന്നോവ കാർ പൊലീസിനെ എത്തിച്ചത് ഈ 78കാരന്‍റെ വീട്ടിൽ!

Published : Nov 21, 2025, 11:18 AM IST
bengaluru atm theft, bengaluru atm theft Innova, Bengaluru ATM theft Innova, Bengaluru ATM theft Innova Owner, Bengaluru ATM theft Innova Number Plate

Synopsis

ബെംഗളൂരുവിൽ നടന്ന 7 കോടിയുടെ കവർച്ചാ കേസിൽ, പ്രതികൾ ഉപയോഗിച്ച ഇന്നോവ കാറിന്റെ വ്യാജ രജിസ്ട്രേഷൻ നമ്പർ പോലീസ് അന്വേഷിച്ച് എത്തിയത് 78-കാരനായ ഒരു വയോധികന്റെ വീട്ടിലാണ്. 

കർണാടകയെ നടുക്കിയ ബെംഗളൂരുവിലെ 7 കോടിയുടെ കവർച്ച കേസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിന്‍റെ രജിസ്‍ട്രേഷൻ നമ്പ‍ർ അന്വേഷിച്ച് പൊലീസ് എത്തിയത് 78കാരന്‍റെ വീട്ടിൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 78 കാരനും ബെംഗളൂരു നിവാസിയുമായ ഗംഗാധറിന്‍റെ വീട്ടുവാതിലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തട്ടിവിളിച്ചത്. കാറിനെക്കുറിച്ച് ചോദ്യങ്ങളുമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ എത്തിയപ്പോൾ, നഗരത്തിലെ ഏറ്റവും വലിയ പകൽ കൊള്ളയെക്കുറിച്ചോ അതിൽ തന്റെ വാഹന നമ്പർ ഉപയോഗിച്ചതോ അറിയാതെ കിടന്നുറങ്ങുകയായിരുന്നു ഗംഗാധ‍ എന്ന വയോധികൻ.

KA 03 NC 8052 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഇന്നോവ കാറിൽ എത്തിയ ആളുകൾ എടിഎം ലോജിസ്റ്റിക്സ് വാഹനത്തിൽ നിന്ന് 7.11 കോടി രൂപ കവർന്നു. ആദായനികുതി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉദ്യോഗസ്ഥരായി അഭിനയിച്ചാണ് ഇവർ എത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്നോവയുടെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നും നമ്പർ ഗംഗാധറിന്റെ സ്വിഫ്റ്റ് കാറിന്‍റേതാണെന്നും കണ്ടെത്തി. ബെംഗളൂരുവിലെ ദശലക്ഷക്കണക്കിന് വാഹനങ്ങൾക്ക് ഇടയിൽ നിന്നും കുറ്റവാളികൾ എന്തുകൊണ്ടാണ് തന്റെ സ്വിഫ്റ്റിന്റെ നമ്പർ തന്നെ തിരഞ്ഞെടുത്തത് എന്ന അമ്പരപ്പിലാണ് ഇപ്പോൾ ഗംഗാധ‍ എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ദുബായിൽ കുറച്ചു വർഷങ്ങൾ ജോലി ചെയ്ത ശേഷം ബിസിനസ്സ് നടത്തുകയാണ് ഗംഗാധ‍ എന്ന വയോധികൻ. തന്റെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ എങ്ങനെ ഉപയോഗിച്ചുവെന്ന് ഇപ്പോഴും അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പോലീസ് ഓഫീസർ എത്തുമ്പോൾ താൻ ഉറങ്ങുകയായിരുന്നുവെന്ന് ഗംഗാധർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥൻ ആദ്യം തന്നോട് കാറിന്റെ രജിസ്ട്രേഷൻ നമ്പറും എത്ര വർഷമായി കാർ ഉപയോഗിക്കുന്നുവെന്നും ചോദിച്ചു. കവർച്ചയെക്കുറിച്ച് അദ്ദേഹം തന്നോട് പറഞ്ഞില്ല. അതുകൊണ്ടുതന്നെ തന്റെ കാറിന്റെ നമ്പറോ തിരിച്ചറിയൽ രേഖകളോ ഏതെങ്കിലും മയക്കുമരുന്ന് സംഘം ഉപയോഗിച്ചിരിക്കാമെന്ന് ഗംഗാധർ കരുതി. എന്നാൽ വാർത്താ ചാനലുകളിൽ ആ നമ്പർ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് തനിക്ക് സത്യം മനസിലായതെന്നും ഗംഗാധ‍ർ പറയുന്നു. പക്ഷേ അപ്പോഴേക്കും, പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ പാർക്ക് ചെയ്തിരുന്ന തന്റെ സ്വിഫ്റ്റ് കാർ കണ്ടിരുന്നു എന്നും താൻ അദ്ദേഹത്തിന് രജിസ്ട്രേഷൻ നമ്പർ നൽകിയിരുന്നു എന്നും ഗംഗാധർ പറഞ്ഞു.

ഇത് ഗുരുതരമായ കുറ്റവും നമ്പർ ദുരുപയോഗത്തിന് തുല്യവുമാണ്. എങ്കിലും, ബെംഗളൂരുവിലെ ദശലക്ഷക്കണക്കിന് വാഹനങ്ങളുടെ നമ്പറുകളിൽ നിന്നാണ് തന്റെ നമ്പർ തിരഞ്ഞെടുത്തത് എന്നത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്റെ വീട് സന്ദർശിക്കുന്നത് ഇതാദ്യമായിരുന്നുവെന്നും അദ്ദേഹം വളരെ നല്ല രീതിയിലാണ് തന്നോട് പെരുമാറിയതെന്നും ഗംഗാധർ പറയുന്നു.

ഇന്നോവ കണ്ടെത്തിയത് തിരുപ്പതിയിൽ

അതേസമയം എ ടി എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന ഏഴ് കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട ടൊയോട്ട ഇന്നോവ കാർ ഇന്നലെ തിരുപ്പതിയിൽ നിന്നാണ് ഉപക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏഴ് മിനിറ്റ് കൊണ്ട് ഏഴ് കോടി രൂപയാണ് കഴിഞ്ഞ ദിവസം കൊള്ളയടിച്ചത്. ഇതെത്തുടർന്ന് നഗരത്തിലുടനീളം പൊലീസ് തെരച്ചിൽ നടത്തുമ്പോൾ സംസ്ഥാനാതിർത്തി കടന്ന് കാർ തിരുപ്പതിയിലെത്തിയെന്നത് പൊലീസിനെ ഞെട്ടിക്കുന്നതാണ്. എച്ച്ഡി എഫ് സി ബാങ്കിന്റെ എ ടി എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചത്. കവർച്ച നടന്ന് ഒന്നര ദിവസമാകുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസെന്ന ആരോപണം ശക്തമാണ്.

തിരുപ്പതിയിൽ ഹോട്ടലുകളിൽ ഉടനീളം പൊലീസ് തെരച്ചിൽ നടത്തുകയാണ്. പണവുമായി പോയ വാനിന്‍റെ ഡ്രൈവറെയും സുരക്ഷാ ജീവനക്കാരെയും സി എം എസിലെ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തിട്ടും ഒരേ മൊഴിയാണ് ഇവരിൽ നിന്ന് ലഭിക്കുന്നത് എങ്കിലും ആ‍ർക്കും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. പണം കൊണ്ടുപോകുന്ന വിവരം ആരോ ചോർത്തി നൽകിയിട്ടുണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് പൊലീസ്. സി എം എസിൽ ഇപ്പോൾ ജോലി ചെയ്യുന്നവരുടെയും ജോലി ഉപേക്ഷിച്ച് പോയവരുടെയും വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഇവർക്കാർക്കെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ