
ബാഴ്സലോണ: സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി. സെവിയ്യ ഒന്നിനെതിരെ നാല് ഗോളിനാണ് ബാഴ്സയെ തകർത്തുവിട്ടത്. ലാമിന്‍ യമാല്‍ പരിക്കേറ്റ് പുറത്തിരുന്ന മത്സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോസ്കി പെനല്‍റ്റി പാഴാക്കുകയും ചെയ്തു. ജയിച്ചിരുന്നെങ്കില്‍ റയലിനെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കാനിറങ്ങിയ ബാഴ്സലോണയാണ് ദയനീയ തോൽവി വഴങ്ങിയത്. ബാഴ്സ തോറ്റതോടെ രണ്ട് പോയന്‍റ് ലീഡുമായി റയല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വ്യാഴാഴ്ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരില്‍ പി എസ് ജിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതിന് പിന്നാലെയാണ് ബാഴ്സ സ്പാനിഷ് ലീഗിലും തോല്‍വി വഴങ്ങിയത്.
13-ാം മിനുട്ടിൽ അലക്സിസ് സാഞ്ചസിന്‍റെ പെനല്‍റ്റി ഗോളിലൂടെ സെവിയ്യ മുന്നിലെത്തി. 36-ാം മിനുട്ടിൽ ബാഴ്സലോണയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ച് ഐസക്ക് റോമേരോ രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കും മുൻപേ ബാഴ്സലോണയുടെ തിരിച്ചടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ റാഷ്ഫോഡിന്‍റെ സൂപ്പർ ഫിനിഷിൽ ബാഴ്സ ഒരു ഗോള്‍ മടക്കി.
രണ്ടാം പകുതിയിൽ ഒപ്പമെത്താൻ നിലവിലെ ചാമ്പ്യന്മാരുടെ പോരാട്ടം. എന്നാല്‍ സൂപ്പര്‍ താരം ലെവന്‍ഡോവ്സ്കി പെനല്‍റ്റി നഷ്ടമാക്കിയത് ബാഴ്സയുടെ തിരിച്ചുവരവിനുള്ള സാധ്യത അടച്ചു. പിന്നാലെ 90-ാം മിനിറ്റില്‍ എക്സ്ട്രാ ടൈമിൽ കിട്ടിയ അവസരം മുതലാക്കി ജോസ് ഏയ്ഞ്ചല്‍ കാര്‍മോണ സെവിയ്യയിടെ വിജയമുറപ്പാക്കിയ മൂന്നാം ഗോളും നേടി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍(90+6) ബാഴ്സയുടെ പതനം പൂര്‍ത്തിയാക്കിയ നാലാം ഗോളും അകോര്‍ ആഡംസിലൂടെ സെവിയ്യ സ്വന്തമാക്കി.
സ്പാനിഷ് ലീഗ് സീസണിലെ ബാഴ്സയുടെ ആദ്യ തോൽവിയാണിത്. ലാ ലിഗയില്‍ തുടര്‍ച്ചയായി 19 മത്സരങ്ങളില്‍ ബാഴ്സക്കെതിരെ ജയിച്ചില്ലെന്ന റെക്കോര്‍ഡും സെവിയ്യ ഈ ജയത്തിലൂടെ മറികടന്നു. 2015ലായിരുന്നു ഇതിന് മുമ്പ് സെവിയ്യ ബാഴ്സലോണയെ തോല്‍പിച്ചത്. 2-1നായിരുന്നു അന്നത്തെ ജയം. ലാ ലിഗയിലെ മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ്, സെൽറ്റ വിഗോ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോൾ വീതം നേടി. കാൾ സ്റ്റാർഫെൽറ്റിന്‍റെ സെൽഫ് ഗോളിൽ അത്‍ലറ്റിക്കൊ മാഡ്രിഡാണ് ആദ്യം മുന്നിലെത്തിയത്. 68-ാം മിനിറ്റിൽ ഇയാഗോ അസ്പാസ് 68ആം മിനറ്റിൽ സെൽറ്റയെ ഒപ്പമെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക