സിഡ്നി സിക്സേഴ്സിനായി കളിച്ച 11 ഇന്നിംഗ്സില്‍ 103.06 സ്ട്രൈക്ക് റേറ്റില്‍ 202 റണ്‍സ് മാത്രമാണ് ബാബര്‍ അസം നേടിയത്. രണ്ട് അര്‍ധസെഞ്ചുറി നേടിയ ബാബറിന്‍റെ ഉയര്‍ന്ന സ്കോര്‍ 58 റണ്‍സാണ്.

സിഡ്നി: ബാബര്‍ അസമിനെ ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ നിന്ന് തിരിച്ചുവിളിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനായി കളിക്കുന്ന ബാബറിനെ ദേശീയ ടീമിനായി കളിക്കാനായാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചുവിളിച്ചത്. ദേശീയ ടീമിനായി കളിക്കാനായി പോകുന്നതിനാല്‍ ബാബറിന്‍റെ സേവനം വരും മത്സരങ്ങളില്‍ ലഭ്യമാവില്ലെന്ന് സിഡ്നി സിക്സേഴ്സ് അറിയിച്ചു. ബാബറിന്‍റെ ഇതുവരെയുള്ള സംഭാവനകള്‍ക്ക് ടീം നന്ദി പറയുകയും ചെയ്തു.

സിഡ്നി സിക്സേഴ്സിനായി കളിച്ച 11 ഇന്നിംഗ്സില്‍ 103.06 സ്ട്രൈക്ക് റേറ്റില്‍ 202 റണ്‍സ് മാത്രമാണ് ബാബര്‍ അസം നേടിയത്. രണ്ട് അര്‍ധസെഞ്ചുറി നേടിയ ബാബറിന്‍റെ ഉയര്‍ന്ന സ്കോര്‍ 58 റണ്‍സാണ്. മൂന്ന് സിക്സ് മാത്രമാണ് ബാബര്‍ ടൂര്‍ണമെന്‍റില്‍ നേടിയത്. സിഡ്നി തണ്ടറുമായുള്ള മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ സ്മിത്ത് ബാബറിന് സിംഗിള്‍ നിഷേധിച്ചത് വലിയ വിവാദമായിരുന്നു.

ബാബര്‍ 37 പന്തില്‍ 47 റണ്‍സില്‍ നില്‍ക്കെയായിരുന്നു സ്മിത്ത് ഓവറിലെ അവസാന പന്തില്‍ ഓടാന്‍ സ്മിത്ത് വിസമ്മതിച്ചത്. അടുത്ത ഓവറില്‍ നാലു സിക്സും ഒരു ഫോറും അടിച്ച സ്മിത്ത് തന്‍റെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു. അടുത്ത ഓവറിലെ ആദ്യ പന്തില്‍ 47 റണ്‍സില്‍ തന്നെ പുറത്തായ ബാബര്‍ പുറത്തേക്ക് പോകുമ്പോള്‍ ബൗണ്ടറി റോപ്പില്‍ അടിച്ച് അരിശം പ്രകടിപ്പിച്ചിരുന്നു.

ബാബറിന്‍റെ സഹതാരമായ മുഹമ്മദ് റിസ്‌വാനും ബിഗ് ബാഷില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. മെല്‍ബൺ റെനഗഡ്സ് താരമായ റിസ്‌വാന്‍ 10 മത്സരങ്ങളില്‍ 102.74 സ്ട്രൈക്ക് റേറ്റില്‍ 187 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് സിക്സ് മാത്രമാണ് 10 മത്സരങ്ങളില്‍ നിന്ന് റിസ്‌വാന്‍ അടിച്ചത്.

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരം ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. ഈ മാസം 29നാണ് ടി20 പരമ്പര തുടങ്ങുന്നത്. ഇടക്കാലത്ത് ടി20 ടീമില്‍ നിന്ന് പുറത്തായ ബാബര്‍ അടുത്തിടെ ടീമില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ റിസ്‌വാന് ഇതുവരെ ടി20 ടീമില്‍ തിരിച്ചെത്താനായിട്ടില്ല. ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക