അഭ്യൂഹങ്ങള്‍ക്ക് വിരാമം; ബട്‌ലര്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Sep 6, 2021, 3:15 PM IST
Highlights

ടെസ്റ്റ് ഭാവി അവസാനിച്ചു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ജോസ് ബട്‌ലര്‍ ടീമിലേക്ക് തിരിച്ചുവരുന്നതായുള്ള വാര്‍ത്ത

ഓവല്‍: ഇന്ത്യക്കെതിരായ പരമ്പരയിലെ അ‌ഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ട് വിക്കറ്റ് ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലര്‍ തിരിച്ചെത്തും എന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററില്‍ 10-ാം തിയതിയാണ് അഞ്ചാം ടെസ്റ്റ് തുടങ്ങുന്നത്. നോട്ടിംഗ്‌‌ഹാം, ലോര്‍ഡ്‌സ്, ലീഡ്‌സ് എന്നിവിടങ്ങളില്‍ നടന്ന ആദ്യ മൂന്ന് ടെസ്റ്റുകളില്‍ കളിച്ച ബട്‌ലര്‍ക്ക് ഓവലിലെ നാലാം മത്സരം നഷ്‌ടമായിരുന്നു. 

രണ്ടാം കുട്ടിയുടെ ജനനത്തിനായാണ് ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ നിന്ന് മടങ്ങിയത്. പിന്നാലെ സെപ്റ്റംബര്‍ രണ്ടിന് ബട്‌ലര്‍ക്ക് പെണ്‍കുട്ടി പിറന്നിരുന്നു. 

മോശം ഫോമിലുള്ള ജോസ് ബട്‌ലറുടെ ടെസ്റ്റ് ഭാവി അവസാനിച്ചു എന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താരം സ്‌ക്വാഡിലേക്ക് തിരിച്ചുവരുന്നതായുള്ള വാര്‍ത്ത. അഭ്യൂഹങ്ങളെല്ലാം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നേരത്തെ നിഷേധിച്ചിരുന്നു. 'ബട്‌ലറുടെ ടെസ്റ്റ് കരിയറിന്‍റെ അവസാനമാണ് ഇത് എന്നെനിക്ക് തോന്നുന്നില്ല. അദേഹം ടെസ്റ്റ് ഫോര്‍മാറ്റ് ഇഷ്‌ടപ്പെടുന്നതായും ടീമിലെ അഭിഭാജ്യ ഘടകമാണ് എന്നുമാണ് വിശ്വാസം. എപ്പോഴാണോ ടെസ്റ്റില്‍ ബട്‌ലര്‍ മടങ്ങിയെത്തുന്നത്, അത് വലിയ കാര്യമായിരിക്കും' എന്നുമായിരുന്നു റൂട്ടിന്‍റെ വാക്കുകള്‍. 

സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയാലും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ജോസ് ബട്‌ലര്‍ കളിക്കുമെന്ന് ഉറപ്പില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ബട്‌ലര്‍ ടീം വിട്ട ശേഷം ജോണി ബെയര്‍സ്റ്റോയാണ് ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍. മിഡില്‍ ഓര്‍ഡറില്‍ ഓലി പോപ്പ് ബാറ്റിംഗിനെത്തുകയും മികവ് കാട്ടുകയും ചെയ്‌തു. ഓവലില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ വളരെ നിര്‍ണായകമായ 81 റണ്‍സ് പോപ്പ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങാനുണ്ട് താരം. 

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ മോശം പ്രകടനമാണ് ബാറ്റിംഗില്‍ ബട്‌ലര്‍ ടീമിന് നല്‍കിയത്. അഞ്ച് ഇന്നിംഗ്‌സുകളില്‍ 14.40 ശരാശരിയില്‍ 72 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ 25 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. മൂന്ന് ടെസ്റ്റില്‍ 18 ക്യാച്ചുകളുമായി ബട്‌ലര്‍ തിളങ്ങി. ടെസ്റ്റ് കരിയറില്‍ 53 മത്സരങ്ങളില്‍ 33.33 ശരാശരിയില്‍ 2800 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. 

ഓവല്‍ പിച്ച് സഹായിക്കുമോ? ഇന്ത്യയെ ആശങ്കയിലാക്കുന്ന പ്രവചനവുമായി മുന്‍താരങ്ങള്‍

കൊവിഡ് ഐസൊലേഷന്‍; രവി ശാസ്‌ത്രിക്ക് മാഞ്ചസ്റ്റര്‍ ടെസ്റ്റ് നഷ്‌ടമാകും

രഹാനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍; പിന്തുണയുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!