ശാസ്‌ത്രി 14 ദിവസം ഐസൊലേഷനില്‍ തുടരണം. രണ്ട് നെഗറ്റീവ് ഫലങ്ങള്‍ വന്നാല്‍ മാത്രമേ സ്‌ക്വാഡിനൊപ്പം ചേരാന്‍ കഴിയുകയുള്ളൂ. 

ഓവല്‍: കൊവിഡ് ഐസൊലേഷനില്‍ തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്‌ത്രിക്ക് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബര്‍ 10ന് ആരംഭിക്കുന്ന അവസാന ടെസ്റ്റ് നഷ്‌ടമാകും. ശാസ്‌ത്രി 14 ദിവസം ഐസൊലേഷനില്‍ തുടരുമെന്നും രണ്ട് നെഗറ്റീവ് ഫലങ്ങള്‍ വന്നാല്‍ മാത്രമേ സ്‌ക്വാഡിനൊപ്പം ചേരാന്‍ കഴിയുകയുള്ളൂ എന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മാത്രം മുമ്പാണ് രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചത്. ശാസ്‌ത്രിക്കൊപ്പം മുന്‍കരുതലായി ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ടീം ഹോട്ടലില്‍ ഐസൊലേഷനിലാക്കിയതായി ബിസിസിഐ വ്യക്തമാക്കി. 

എന്നാല്‍ ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച രാവിലെയുമായി നടന്ന രണ്ട് ലാറ്ററെല്‍ ഫ്ലോ ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനം ടീമിലെ മറ്റംഗങ്ങള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കാനായി. 

താരങ്ങള്‍ ഓക്കെ എന്ന് റാത്തോഡ്

'രവി ശാസ്‌ത്രിയെ ഏറെ മിസ് ചെയ്യും. ശാസ്‌ത്രി, ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവര്‍ ടീമിന്‍റെ അഭിഭാജ്യഘടകങ്ങളാണ്. ടീമിന്‍റെ മികച്ച പ്രകടനത്തില്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷം ഇവരുടെ സംഭാവനകള്‍ വലുതാണ്. രാവിലെ അൽപ്പം വ്യതിചലിച്ചുവെങ്കിലും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. പരമ്പര നേടാനാണ് ടീം ഇവിടുള്ളത്. താരങ്ങളുടെ ശ്രദ്ധ തെറ്റാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്തതിനുള്ള ക്രഡിറ്റ് താരങ്ങള്‍ക്ക് നല്‍കുന്നതായും' ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് പറഞ്ഞു.

അതേസമയം ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാന ദിനത്തിലേക്ക് കടക്കുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 368 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് പോകാതെ 77 റൺസ് എന്ന നിലയില്‍ അവസാന ദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങും. 31 റൺസുമായി റോറി ബേൺസും 43 റൺസുമായി ഹസീബ് ഹമീദുമാണ് ക്രീസിലുള്ളത്. 291 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോൾ. തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കാനാകും ഇന്ത്യയുടെ ശ്രമം. ഇന്ന് ജയിച്ചാൽ ടീം ഇന്ത്യക്ക് പരമ്പരയിൽ മുന്നിലെത്താം.

രഹാനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍; പിന്തുണയുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍

ഓവലില്‍ അയാളെ മറികടക്കാതെ ഞങ്ങള്‍ക്ക് ജയിക്കാനാവില്ല; തുറന്നുസമ്മതിച്ച് മൊയീന്‍ അലി

'രഹാനെയെ പുറത്തിരുത്തണം'; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona