Asianet News MalayalamAsianet News Malayalam

രഹാനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍; പിന്തുണയുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍

ഇംഗ്ലണ്ടിനെതിരെ ഏഴ് ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് രഹാനെയ്ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചത്. 5, 1, 18, 10, 14, 0 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റുസ്‌കോറുകള്‍.

Vikram Rathour supports Ajinkya Rahane despite his poor form
Author
London, First Published Sep 6, 2021, 1:13 PM IST

ലണ്ടന്‍: ഉപനായകന്‍ അജിന്‍ക്യ രഹാനെയുടെ ഫോമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സംസാരവിഷയം. ഇംഗ്ലണ്ടിനെതിരെ ഏഴ് ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് രഹാനെയ്ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചത്. 5, 1, 18, 10, 14, 0 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റുസ്‌കോറുകള്‍. മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, സഹീര്‍ ഖാന്‍ എന്നിവരെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു.

എന്നാല്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും പിന്തുണയുമായി എത്തിയിരിക്കുകയാണ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍. രഹാനെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് റാത്തോര്‍ പറയുന്നത്. ''രഹാനെയുടെ ഫോം ഒരു തരത്തിലും ടീമിനെ ആശങ്കപ്പെടുത്തുന്നില്ല. ടീമില്‍ നിര്‍ണായക പങ്കുവഹിക്കുന്ന താരമാണ് രഹാനെ. കരുത്തോടെ ഫോമിലേക്ക് തിരിച്ചെത്താന്‍ കെല്‍പ്പുള്ള താരമാണ് രഹാനെ. പൂജാരയും ഒരു സമയത്ത് ഫോമിലല്ലായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ ബാറ്റ് വീശാന്‍ സാധിക്കുന്നുണ്ട്. അതുപോലെ രഹാനെയും തിരിച്ചെത്തും.

ഒരുതാരത്തിന്റെ കരിയറില്‍ ഇത്തരം ഘട്ടങ്ങള്‍ ഉണ്ടാവുമെന്നുള്ളത് ഞാന്‍ നേരത്തേയും വ്യക്തമാക്കിയതാണ്. ഇത്തരം ഘട്ടങ്ങളില്‍ അങ്ങനെയൊരു താരത്തെ വേണ്ട വിധത്തില്‍ പിന്തുണയ്ക്കുകയാണ് വേണ്ടത്. പൂജാരയ്ക്ക് സമയം നല്‍കിയത് പോലെ രഹാനെയ്ക്കും നല്‍കേണ്ടതുണ്ട്. പൂജാര രണ്ട് പ്രധാന ഇന്നിംഗ്‌സുകള്‍ കളിച്ചു. അതുപോലെ രഹാനെയും തിരിച്ചെത്തും.'' റാത്തോര്‍ ഉറപ്പുനല്‍കി.

നാല് ടെസ്റ്റുകളില്‍ നിന്നായി 109 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാന്‍ സാധിച്ചത്. ശരാശരി 15.57. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ രഹാനെയ്ക്ക് പകരം ഹനുമ വിഹാരി അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആരെങ്കിലും ടീമില്‍ വരണമെന്ന് വാദിക്കുന്നവര്‍ ഏറെയാണ്.

Follow Us:
Download App:
  • android
  • ios