ഓവലിലെ ഫലത്തെ ചൊല്ലി പ്രവചനം പൊടിപൊടിക്കുമ്പോള്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ അതേര്‍ട്ടനും ചിലത് പറയാനുണ്ട്

ഓവല്‍: ഇംഗ്ലണ്ട്-ഇന്ത്യ നാലാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക് കടക്കുമ്പോള്‍ മത്സര ഫലമെന്താകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പത്ത് വിക്കറ്റും കയ്യിലുണ്ടെങ്കിലും വമ്പന്‍ തിരിച്ചുവരവിന് കരുത്തുള്ള ഇന്ത്യയെ കീഴടക്കാന്‍ ഇംഗ്ലണ്ടിനാകുമോ? ഓവലിലെ ഫലത്തെ ചൊല്ലി പ്രവചനം പൊടിപൊടിക്കുമ്പോള്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ അതേര്‍ട്ടനും ചിലത് പറയാനുണ്ട്. ഇന്ത്യന്‍ ക്യാമ്പില്‍ വലിയ ആശങ്ക സൃഷ്‌ടിക്കുന്നതാണ് അതേര്‍ട്ടന്‍റെ നിരീക്ഷണങ്ങള്‍. വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസറും കമന്‍റേറ്ററുമായ മൈക്കല്‍ ഹോള്‍ഡിംഗിനും സമാന അഭിപ്രായമാണ്. 

'പിച്ച് വളരെ ഫ്ലാറ്റാണ്. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ല. ഇന്ത്യന്‍ ബൗളിംഗ് നിരയെ പരിശോധിച്ചാല്‍, മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മ്മയും രവിചന്ദ്ര അശ്വിനും കളിക്കുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ പ്രത്യേകിച്ച് ജസ്‌പ്രീത് ബുമ്രയെ വളരെയധികം ആശ്രയിക്കുന്നത് കണ്ടു. ജഡേജയ്‌ക്ക് എത്രത്തോളം ഇംപാക്‌ട് സൃഷ്‌ടിക്കാന്‍ കഴിയും. അദേഹത്തിന് ഇംപാക്‌ടുണ്ടാക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ ഇതൊരു മികച്ച ബാറ്റിംഗ് പിച്ചാണ്' എന്നും സ്‌കൈ സ്‌പോര്‍ട്‌സിലെ കമന്‍ററിക്കിടെ അതേര്‍ട്ടണ്‍ പറഞ്ഞു. 

'അശ്വിനെ മിസ് ചെയ്യുന്നു'

'പിച്ച് വലിയ അടവുകള്‍ കാട്ടുന്നതായി കാണുന്നില്ല. ഇംഗ്ലണ്ട് പേസര്‍മാര്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ഞാന്‍ കണ്ടില്ല. ഇന്ത്യന്‍ പേസര്‍മാരും വെല്ലുവിളി കാട്ടും എന്ന് കരുതുന്നില്ല. ജഡേജയുടെ കാര്യം എനിക്കറിയില്ല. ബൗളിംഗിനെ കുറിച്ച് മാത്രമാണ് ചര്‍ച്ചയെങ്കില്‍ അശ്വിനെയാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്' എന്നും മൈക്കല്‍ ഹോള്‍ഡിംഗ് കൂട്ടിച്ചേര്‍ത്തു.

ഓവൽ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മുന്നോട്ടുവെച്ച 368 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് പോകാതെ 77 റൺസ് എന്ന നിലയില്‍ അവസാന ദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങും. 31 റൺസുമായി റോറി ബേൺസും 43 റൺസുമായി ഹസീബ് ഹമീദുമാണ് ക്രീസിലുള്ളത്. 291 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോൾ. തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കാനാകും ഇന്ത്യയുടെ ശ്രമം. ഇന്ന് ജയിച്ചാൽ ടീം ഇന്ത്യക്ക് പരമ്പരയിൽ മുന്നിലെത്താം.

രഹാനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍; പിന്തുണയുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍

ഓവലില്‍ അയാളെ മറികടക്കാതെ ഞങ്ങള്‍ക്ക് ജയിക്കാനാവില്ല; തുറന്നുസമ്മതിച്ച് മൊയീന്‍ അലി

'രഹാനെയെ പുറത്തിരുത്തണം'; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona