രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുന്നു. മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ടീമിന് ടൂര്‍ണമെന്റില്‍ മുന്നേറാന്‍ വിജയം അനിവാര്യമാണ്. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും. തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം കളിക്കാനിറങ്ങുക. സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, നിധീഷ് എം ഡി തുടങ്ങിയവരടങ്ങുന്ന കരുത്തുറ്റ നിരയാണ് കേരളത്തിന്റേത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂര്‍ണമെന്റില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം നാളെ കളത്തിലിറങ്ങുന്നത്. അഹമ്മദ് ഇമ്രാന്‍, അഭിജിത് പ്രവീണ്‍ എന്നിവര്‍ക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് മനന്‍ വോറയടക്കമുള്ള പരിചയസമ്പന്നരടങ്ങുന്ന ടീമാണ് ചണ്ഡിഗഢിന്റേത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് അവര്‍. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇതിനുശേഷം ഗോവയ്ക്കെതിരെയുള്ള മത്സരം ഗോവയുടെ തട്ടകത്തിലാണ് നടക്കുക.

ചണ്ഡിഗഢിനെതിരെ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീം: മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ജെ. നായര്‍, രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ. കൃഷ്ണമൂര്‍ത്തി, സല്‍മാന്‍ നിസാര്‍, ബാബ അപരാജിത്, അജിത് വി, അഭിഷേക് പി. നായര്‍, നിധീഷ് എം.ഡി, ഏദന്‍ ആപ്പിള്‍ ടോം, ആസിഫ് കെ എം, അങ്കിത് ശര്‍മ, ശ്രീഹരി എസ് നായര്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍).

YouTube video player