തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസണെക്കാള്‍ കൂടുതല്‍ അവസരം ഋഷഭ് പന്തിന് ലഭിക്കാനുള്ള കാരണം വ്യക്തമാക്കി സഞ്ജുവിന്റെ  പരിശീലകന്‍ ബിജു ജോര്‍ജ്ജ് ഇടം കൈയന്‍ ബാറ്റ്സ്മാനായതിനാലാണ് ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്ന് ബിജു ജോര്‍ജ്ജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സഞ്ജുവിന്റെ പരിശീലകനെന്ന നിലയില്‍ വ്യക്തിപരമായി ചോദിച്ചാല്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ, ഇന്ത്യന്‍ ടീമിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍, ഋഷഭ് പന്തിന് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു എന്ന് നമുക്ക് വ്യക്തമാവും. ഒന്നാമത്തെ കാരണം ഋഷഭ് പന്ത് ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ആണെന്നതാണ്. രണ്ടാമത്തെ കാര്യം ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളാണ്.


എതിരാളികള്‍ക്കെതിരെ ഏത് ബാറ്റ്സ്മനാവും അനുയോജ്യമെന്ന് തീരുമാനിക്കുന്നത് ടീം മാനേജ്മെന്റും സെലക്ടര്‍മാരുമാണ്. ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടായിരിക്കും അവര്‍ ടീമിനെ തെരഞ്ഞെടുക്കുക. എതിരാളികള്‍ക്ക് മികച്ചൊരു ഇടം കൈയന്‍ സ്പിന്നറോ ലെഗ് സ്പിന്നറോ ഉണ്ടെങ്കില്‍ സ്വാഭാവികമായും ഇടം കൈയനായ ഋഷഭ് പന്തിനാവും അവസരം ലഭിക്കുക. അതുകൊണ്ടുതന്നെ  സെലക്ടര്‍മാര്‍ മന:പൂര്‍വം സഞ്ജുവിനെ ഒഴിവാക്കുന്നു എന്ന് കരുതാനാവില്ല.

ടൈംമിംഗാണ് സഞ്ജുവിന്റെ കരുത്ത്. അദ്ദേഹത്തിന്റെ കളി കണ്ടാല്‍ നമുക്കത് മനസിലാവും. വമ്പനടികള്‍ കളിക്കുന്ന കളിക്കാരനല്ല സഞ്ജു. പക്ഷെ ടൈമിംഗ് കൊണ്ട് വലിയ ഇന്നിംഗ്സുകള്‍ കളിക്കാനാവും. അതാണ് സഞ്ജുവിനെ വ്യത്യസ്തനാക്കുന്നതും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു നേടിയ സെഞ്ചുറി നോക്കിയാല്‍ ഇക്കാര്യം മനസിലാവും.

അന്ന് സഞ്ജു കളിച്ച ഭൂരിഭാഗം ഷോട്ടുകളും കവറിലൂടെയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍, സഞ്ജുവിനോട് ആരോ പറയുന്നുണ്ടെന്ന് തോന്നുന്നു, വമ്പന്‍ ഷോട്ടുകള്‍ കളിക്കണമെന്ന്. ടൈംമിംഗില്‍ ശ്രദ്ധിക്കാതെ അങ്ങനെ കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് സഞ്ജു പെട്ടെന്ന് പുറത്താവുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും വരും സീസണില്‍ വ്യത്യസ്തനായ ഒരു സഞ്ജുവിനെയാകും നിങ്ങള്‍ കാണുകയെന്ന് എനിക്കുറപ്പുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും സഞ്ജു തിളങ്ങുമെന്നും ബിജു ജോര്‍ജജ് പറഞ്ഞു.