ബിസിസിഐയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തനാവില്ല, നിർണായക വിധിയുമായി ഇൻഫർമേഷൻ കമ്മീഷൻ

Published : May 18, 2026, 04:38 PM IST
Team India

Synopsis

ബി.സി.സി.ഐ വിവരാവകാശ പരിധിയിൽ വരുമെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമിക്കണമെന്നും അന്നത്തെ കമ്മീഷണർ എം. ശ്രീധർ ആചാര്യുലു ഉത്തരവിട്ടിരുന്നു.

ദില്ലി: ഇന്ത്യൻ കായിക ഭരണരംഗത്ത് വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന നിർണായക നിയമവിധിയുമായി സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ (സിഐസി). ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള്‍ ബോർഡ്(ബിസിസിഐ) വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്ന 'പബ്ലിക് അതോറിറ്റി' (പൊതുസ്ഥാപനം) അല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇൻഫർമേഷൻ കമ്മീഷണർ പി.ആർ. രമേശ് പുറപ്പെടുവിച്ച ഉത്തരവോടെ, ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന് തങ്ങളുടെ ആഭ്യന്തര വിവരങ്ങൾ ആർ.ടി.ഐ പ്രകാരം പൊതുജനങ്ങൾക്ക് കൈമാറേണ്ട നിയമപരമായ ബാധ്യത ഇല്ലാതായി.

2018 മുതൽ നിലനിന്നിരുന്ന ദീർഘകാലത്തെ നിയമയുദ്ധത്തിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. അന്ന് ബി.സി.സി.ഐ വിവരാവകാശ പരിധിയിൽ വരുമെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമിക്കണമെന്നും അന്നത്തെ കമ്മീഷണർ എം. ശ്രീധർ ആചാര്യുലു ഉത്തരവിട്ടിരുന്നു. എന്നാൽ ബി.സി.സി.ഐ ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, സുപ്രീം കോടതിയുടെ മുൻകാല വിധികൾ മുൻനിർത്തി വിഷയം പുതുതായി പരിശോധിക്കാൻ കോടതി കമ്മീഷനോട് ആവശ്യപ്പെടുകയുമായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം, തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റി മാത്രമാണ് ബി.സി.സി.ഐ. ഇത് ഭരണഘടന പ്രകാരമോ പാർലമെന്‍റ് പാസാക്കിയ പ്രത്യേക നിയമം വഴിയോ രൂപീകരിക്കപ്പെട്ടതല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ബി.സി.സി.ഐ-യുടെ സ്വയംഭരണാധികാരവും സാമ്പത്തിക ഘടനയും വിലയിരുത്തി മൂന്ന് പ്രധാന കാരണങ്ങളാണ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്:

ബി.സി.സി.ഐ-യുടെ ഭരണത്തിലോ ആഭ്യന്തര കാര്യങ്ങളിലോ സർക്കാരിന് യാതൊരുവിധ നേരിട്ടുള്ളതോ വ്യാപകമായതോ ആയ ഭരണപരമായ നിയന്ത്രണമില്ല. മാധ്യമ അവകാശങ്ങൾ സ്പോൺസർഷിപ്പുകൾ, ഐ.പി.എൽ വരുമാനം, ടിക്കറ്റ് വിൽപ്പന എന്നിവയിലൂടെ സ്വന്തമായി പണം കണ്ടെത്തുന്ന സ്വയംപര്യാപ്ത സ്ഥാപനമാണിത്. നിയമപ്രകാരം പൊതുവായി ലഭിക്കുന്ന നികുതി ഇളവുകളോ മറ്റ് ആനുകൂല്യങ്ങളോ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്ന സർക്കാരിന്‍റെ "വലിയ തോതിലുള്ള സാമ്പത്തിക സഹായം എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. ക്രിക്കറ്റ് ഭരണത്തിൽ സുതാര്യത വേണമെന്ന് 'ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബീഹാർ' കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും, ബി.സി.സി.ഐ-യെ ഒരു പൊതുസ്ഥാപനമായി പ്രഖ്യാപിക്കാൻ പരമോന്നത കോടതി പോലും തയ്യാറായിട്ടില്ലെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.

കൊളോണിയൽ കാലഘട്ടത്തിലെ ഒരു ചെറിയ കായിക സംഘടനയിൽ നിന്നും ഇന്ത്യൻ വിപണിയുടെ വാണിജ്യ സാധ്യതകളും ഐ.പി.എല്ലിന്റെ ജനപ്രീതിയും വഴി ആഗോള ക്രിക്കറ്റിന്‍റെ സാമ്പത്തിക കേന്ദ്രമായി ബി.സി.സി.ഐ മാറിയെന്ന് കമ്മീഷൻ നിരീക്ഷിച്ചു. സർക്കാർ മേൽനോട്ടം വർദ്ധിപ്പിച്ചാൽ കാര്യങ്ങൾ സുതാര്യമാകുമെന്ന ചിന്താഗതി തെറ്റാണെന്ന് കമ്മീഷണർ പി.ആർ. രമേശ് വ്യക്തമാക്കി. സർക്കാർ നിയന്ത്രണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു മേൽനോട്ട മാതൃക അടിച്ചേൽപ്പിക്കുന്നത് നിലവിലെ വിപണി യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമാണ്. ഇത് കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സാമ്പത്തിക ഘടനയിൽ അനാവശ്യമായ തടസ്സങ്ങൾക്കും കാര്യക്ഷമതയില്ലായ്മയ്ക്കും കാരണമായേക്കാം.

കേന്ദ്ര കായിക മന്ത്രാലയത്തിന് ലഭിച്ച ഒരു ആർ.ടി.ഐ അപേക്ഷയിലൂടെയാണ് ഈ കേസ് വീണ്ടും സി.ഐ.സിക്ക് മുന്നിലെത്തുന്നത്. ബി.സി.സി.ഐ ഒരു സ്വകാര്യ സ്ഥാപനമായതിനാൽ അവരുടെ വിവരങ്ങൾ മന്ത്രാലയത്തിന്‍റെ പക്കലില്ലെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. 'തലപ്പാലം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് വി. കേരള സ്റ്റേറ്റ്', 'സീ ടെലിഫിലിംസ് ലിമിറ്റഡ് വി. യൂണിയൻ ഓഫ് ഇന്ത്യ' എന്നീ സുപ്രീം കോടതി വിധികൾ ഉയർത്തിക്കാട്ടിയാണ് ബി.സി.സി.ഐ ഒരു സ്വയംഭരണ സ്വകാര്യ സ്ഥാപനമാണെന്ന് സി.ഐ.സി അടിവരയിട്ടത്.

നിലവിലെ സാഹചര്യത്തിൽ ബി.സി.സി.ഐ-യെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരണമെങ്കിൽ പാർലമെന്‍റിന്‍റെ പ്രത്യേക നിയമഭേദഗതിയോ സർക്കാർ ഉത്തരവോ ആവശ്യമാണ്. വൻകിട സാമ്പത്തിക വ്യവസ്ഥിതികളിൽ കാര്യക്ഷമത ഉറപ്പാക്കേണ്ടത് സർക്കാർ നിയന്ത്രണത്തിലൂടെയല്ല, മറിച്ച് കൃത്യമായ സ്വയംനിയന്ത്രണ സംവിധാനങ്ങളിലൂടെയും ഉത്തരവാദിത്തത്തിലൂടെയുമാണെന്ന് കമ്മീഷൻ വിധിയിൽ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: രണ്ടാം പകുതിയില്‍ പഞ്ചറായി പഞ്ചാബ്, ഇങ്ങനെയൊരു തോല്‍വി ആദ്യമോ?
ഐപിഎല്‍ 2026: ചെപ്പോക്കില്‍ തലയിറങ്ങുമോ; ധോണിക്കായി ഗ്യാലറികള്‍ കാത്തിരിക്കുന്നു