രോഹിത്തിന് പകരം രാഹുല്‍, മലയാളി താരത്തിനും ഇടം; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : May 10, 2025, 10:56 AM IST
രോഹിത്തിന് പകരം രാഹുല്‍, മലയാളി താരത്തിനും ഇടം; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Synopsis

വിരാട് കോലി പരമ്പരയില്‍ കളിക്കാന്‍ സമ്മതിച്ചാല്‍ നാലാം നമ്പറിലേക്ക് മറ്റൊരു താരത്തെ പരിഗണിക്കേണ്ട കാര്യമില്ല. അതേസമയം, വിരാട് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചാല്‍ ശ്രേയസ് അയ്യരെയോ മലയാളി താരം കരുണ്‍ നായരെയോ സായ് സുദര്‍ശനെയോ മധ്യനിരയിലേക്ക് പരിഗണിക്കുമെന്നുറപ്പാണ്.

മുംബൈ: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ആരാധകരുടെ ചര്‍ച്ച മുഴുവന്‍ അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ചാണ്. ക്യാപ്റ്റൻ രോഹിത് ശര്‍മ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ പകരം ആരാകും ഇന്ത്യയുടെ ഓപ്പണര്‍ എന്നാണ് പ്രധാന ആകാംക്ഷ. ഇതിന് പിന്നാലെ വിരാട് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിക്കുക കൂടി ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള ആകാംക്ഷയേറ്റിയിട്ടുണ്ട്.

രോഹിത് ശര്‍മക്ക് പകരം ഇംഗ്ലണ്ടില്‍ ഓപ്പണറായി ഇറങ്ങുക കെ എൽ രാഹുല്‍ തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഐപിഎല്ലിലും കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും മികവ് കാട്ടിയ രാഹുല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഓപ്പണറാകാന്‍ പറ്റിയ താരമാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. രാഹുലും യശസ്വിയും ഓപ്പണര്‍മാരാകുമ്പോള്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ സ്ഥാനം ഉറപ്പാക്കുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങളുമായി സായ് സുദര്‍ശനും ഗില്ലിന്‍റെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. രോഹിതത്തിന്‍റെ പിന്‍ഗാമിയെന്ന നിലയിലോ ഭാവി നായകനെന്ന നിലയിലോ ഗില്ലിനെ പരിഗണിക്കുന്നുണ്ടെങ്കില്‍ ഗില്‍ തീര്‍ച്ചയായും ടീമിലെത്തും.

വിരാട് കോലി പരമ്പരയില്‍ കളിക്കാന്‍ സമ്മതിച്ചാല്‍ നാലാം നമ്പറിലേക്ക് മറ്റൊരു താരത്തെ പരിഗണിക്കേണ്ട കാര്യമില്ല. അതേസമയം, വിരാട് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചാല്‍ ശ്രേയസ് അയ്യരെയോ മലയാളി താരം കരുണ്‍ നായരെയോ സായ് സുദര്‍ശനെയോ മധ്യനിരയിലേക്ക് പരിഗണിക്കുമെന്നുറപ്പാണ്. വിരാട് കോലി ടീമിലുണ്ടെങ്കിലും ഇവര്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാനുള്ള സാധ്യതയുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന സര്‍ഫറാസ് ഖാനെ മധ്യനിരയില്‍ പരിഗണിക്കാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.

വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തിനെയും ധ്രുവ് ജുറെലിനെയും നിലനിര്‍ത്താനാണ് സാധ്യത. ഇരുവരും ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും കെ എല്‍ രാഹുലിനെയും വിക്കറ്റ് കീപ്പറായി പരിഗണിക്കാമെന്നതിനാല്‍ മറ്റ് സാധ്യതകള്‍ സെലക്ടർമാര്‍ തേടാനിടയില്ല. ബാറ്റിംഗ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ തുടരും. ജസ്പ്രീത് ബുമ്രയും മുഹമ്മഷ് ഷമിയും അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും പേസര്‍മാരായി ടീമിലെത്തുമ്പോൾ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലുമാകും സ്പിന്നര്‍മാരായി ടീമിലെത്തുക. രവീന്ദ്ര ജഡേജയെ സ്പിന്‍ ഓള്‍ റൗണ്ടറായി പരിഗണിക്കാനിടയില്ലെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, നിതീഷ് റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര(ക്യാപ്റ്റൻ), മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര