Gambhir backs Kohli : വിരാട് കോലിക്ക് പൂര്‍ണ പിന്തുണയുമായി ഗൗതം ഗംഭീര്‍; ഫോമിലെത്താന്‍ നിര്‍ണായക ഉപദേശം

By Web TeamFirst Published Jan 3, 2022, 12:12 PM IST
Highlights

ഫോമില്ലായ്‌മയില്‍ വലിയ വിമര്‍ശനമാണ് കോലി നേരിടുന്നതെങ്കിലും താരത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഗൗതം ഗംഭീര്‍

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെ‌ഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ (South Africa vs India 1st Test) സമാന രീതിയില്‍ പുറത്തായത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ (Virat Kohli) വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും സെഞ്ചുറി നേടാനാകാതിരുന്ന കോലി പുത്തന്‍ തുടക്കത്തിനാണ് പ്രോട്ടീനെതിരെ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റിനിറങ്ങുന്നത് (South Africa vs India 2nd Test ). 

ഫോമില്ലായ്‌മയില്‍ വലിയ വിമര്‍ശനമാണ് കോലി നേരിടുന്നത് എങ്കിലും താരത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് മുന്‍ സഹതാരം ഗൗതം ഗംഭീര്‍. വിരാട് കോലിയെ വിസ്‌മയ ക്രിക്കറ്റര്‍ എന്ന് വിളിച്ചാണ് ഗംഭീറിന്‍റെ പിന്തുണ. കോലിക്ക് ബാറ്റിംഗ് താളം വീണ്ടെടുക്കാന്‍ ശ്രദ്ധേയ ഉപദേശം നല്‍കുന്നുമുണ്ട് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍. 

അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെ കുറിച്ചും ഗംഭീര്‍

'ആദ്യ ടെസ്റ്റില്‍ വിരാട് കോലിയുടെ പുറത്താകലിനെ കുറിച്ച് ഒരുപാട് പേര്‍ സംസാരിച്ചു. അനാവശ്യ ബഹളമാണ് ചില ചര്‍ച്ചകളുണ്ടാക്കിയത്. ടീം ഇന്ത്യക്കായി വിസ്‌മയ റണ്‍‌കൊയ്‌ത്ത് നടത്തിയ താരമാണ് കോലി. ക്രീസില്‍ കൂടുതല്‍ സമയം ചിലവിടുകയും ഓഫ് സ്റ്റംപിന് പുറത്തുവരുന്ന കൂടുതല്‍ പന്തുകള്‍ ലീവ് ചെയ്യുകയുമാണ് അദേഹം ചെയ്യേണ്ടത്. സെഞ്ചൂറിയനിലെ ആദ്യ ഇന്നിംഗ്‌സില്‍ 48 റണ്‍സ് നേടിയതോടെ അജിങ്ക്യ രഹാനെ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ കസേരയുറപ്പിച്ചു. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാര തുടരാനാണ് ആഗ്രഹിക്കുന്നത്' എന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

ജൊഹന്നസ്‌ബര്‍ഗിലെ വാണ്ടറേഴ്സിൽ ഇന്നുച്ചയ്ക്ക് 1.30നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. സെഞ്ചൂറിയനിൽ ചരിത്രത്തിലാദ്യമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്. കെ എല്‍ രാഹുലിന്‍റെ സെ‌‌ഞ്ചുറിക്കരുത്തിനൊപ്പം (123 റണ്‍സ്) ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ പേസ് മൂര്‍ച്ചയുമാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. അതേസമയം 35, 18 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍. 

വാണ്ടറേഴ്സിൽ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കൈവശമാകും. 1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു. 

Johannesburg weather forecast : മോഹം വെള്ളത്തില്‍? വാണ്ടറേഴ്‌സില്‍ മഴമേഘങ്ങള്‍ കവരുമോ ഇന്ത്യന്‍ പ്രതീക്ഷകള്‍

click me!