T20 World Cup | ചരിത്രമെഴുതി ബാബര്‍ അസം; ഹെയ്‌ഡനും കോലിയുമുള്ള എലൈറ്റ് പട്ടികയില്‍

By Web TeamFirst Published Nov 8, 2021, 11:19 AM IST
Highlights

സ്‌കോട്‌ലന്‍ഡിനെതിരായ അര്‍ധ ശതകത്തോടെ രാജ്യന്തര ടി20 നായകന്‍ എന്ന നിലയില്‍ കൂടുതല്‍ ഫിഫ്റ്റി നേടിയ താരങ്ങളില്‍ വിരാട് കോലിയുമായുള്ള ലീഡ് വര്‍ധിപ്പിക്കാനും ബാബര്‍ അസമിനായി

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍ 12(Super 12) ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും ജയിച്ച് പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ നാല് അര്‍ധ സെഞ്ചുറികളാണ് നായകന്‍ ബാബര്‍ അസം(Babar Azam) സ്വന്തമാക്കിയത്. സ്‌കോട്‌ലന്‍ഡിനെതിരായ അവസാന മത്സരത്തിലും(Pak vs SCO) ബാബര്‍ അമ്പത് തികച്ചു. ഇതോടെ ഒരു ടി20 ലോകകപ്പില്‍ കൂടുതല്‍ അര്‍ധ ശതകങ്ങള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യൂ ഹെയ്‌ഡനും(Matthew Hayden) ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും(Virat Kohli) ഒപ്പമെത്തി ബാബര്‍. ഹെയ്‌ഡന്‍ 2007ലും കോലി 2014ലുമാണ് നാല് ഫിഫ്റ്റികള്‍ അടിച്ചുകൂട്ടിയത്. 

സ്‌കോട്‌ലന്‍ഡിനെതിരായ അര്‍ധ ശതകത്തോടെ രാജ്യന്തര ടി20 നായകന്‍ എന്ന നിലയില്‍ കൂടുതല്‍ ഫിഫ്റ്റി നേടിയ താരങ്ങളില്‍ വിരാട് കോലിയുമായുള്ള ലീഡ് വര്‍ധിപ്പിക്കാനും ബാബര്‍ അസമിനായി. ക്യാപ്റ്റന്‍ കോലി 13 ഫിഫ്റ്റികള്‍ സ്വന്തമാക്കിയപ്പോള്‍ ബാബറിന്‍റേത് 15ലെത്തി. 11 അര്‍ധ സെഞ്ചുറികളുമായി ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും കിവീസ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണുമാണ് തൊട്ടുപിന്നില്‍. 

വീണ്ടും ബാബര്‍, തകര്‍പ്പന്‍ ഫിഫ്റ്റി  

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയവുമായി പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായതോടെ സെമി ഫൈനല്‍ ലൈനപ്പ് നിശ്ചയിക്കപ്പെട്ടു. സ്കോട്‍‍ലന്‍ഡിനെ 72 റൺസിന് പാകിസ്ഥാന്‍ തകര്‍ക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റൺസെടുത്തു. 47 പന്തില്‍ 66 റൺസെടുത്ത ബാബര്‍ അസമാണ് ടോപ്സ്കോറര്‍. 40 പന്തില്‍ താരം അമ്പത് തികച്ചു. ഈ ലോകകപ്പില്‍ അഞ്ച് ഇന്നിംഗ്‌സില്‍ 66 ശരാശരിയില്‍ 264 റണ്‍സാണ് ബാബറിന്‍റെ സമ്പാദ്യം. 

15-ാം ഓവറില്‍ 100 കടന്ന പാകിസ്ഥാനെ ഷൊയൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ് സഖ്യമാണ് മികച്ച സ്കോറിലെത്തിച്ചത്. മാലിക്ക് 18 പന്തില്‍ 54 ഉം ഹഫീസ് 19 പന്തില്‍ 31 ഉം റൺസെടുത്തു.

T20 World Cup| 18 പന്തില്‍ ഫിഫ്റ്റി, പ്രായം വെറും സംഖ്യയാക്കി മാലിക്; റെക്കോര്‍ഡുകള്‍ വാരി

മറുപടി ബാറ്റിംഗില്‍ സ്കോട്‍‍ലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 117 റൺസെടുക്കാനേയായുള്ളൂ. റിച്ചി ബെരിംഗ്ടൺ 54 റൺസുമായി ടോപ്സ്കോററായി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷദാബ് ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതം എടുത്തു. പാകിസ്ഥാന്‍റെ അഞ്ച് മത്സരങ്ങളിലും വ്യത്യസ്‌ത താരങ്ങള്‍ മാന്‍ ഓഫ് ദ് മാച്ചായി എന്ന പ്രത്യേകയുണ്ട്. മാലിക്കാണ് കളിയിലെ താരം.

T20 World Cup| സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന്‍; സെമിഫൈനല്‍ ലൈനപ്പായി

click me!