പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ടിഷ് പടയ്‌ക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 117 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ

ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ പാകിസ്ഥാന്‍(PAK vs SCO) 72 റണ്‍സിന് തോല്‍പിച്ചതോടെ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ നവംബര്‍ 10-ാം തിയതി ഇംഗ്ലണ്ടിനെ ന്യൂസിലന്‍ഡും(England vs New Zealand) രണ്ടാം സെമിയില്‍ 11-ാം തിയതി പാകിസ്ഥാനെ ഓസ്‌ട്രേലിയയും(Pakistan vs Australia) നേരിടും. ദുബായില്‍ 14-ാം തിയതിയാണ് ഫൈനല്‍. 

അനായാസം പാകിസ്ഥാന്‍ 

പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ടിഷ് പടയ്‌ക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 117 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍ രണ്ടാം ഗ്രൂപ്പില്‍ 10 പോയിന്‍റുമായി തലപ്പത്തെത്തി. നാല് ജയവും എട്ട് പോയിന്‍റുമുള്ള ന്യൂസിലന്‍ഡാണ് രണ്ടാമത്. 

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. നായകന്‍ ബാബര്‍ അസം വീണ്ടും ക്ലാസ് കാട്ടിയപ്പോള്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി ഷൊയൈബ് മാലിക്കും അതിവേഗ ബാറ്റിംഗുമായി മുഹമ്മദ് ഹഫീസുമാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 

ക്ലാസ് ബാബര്‍, സൂപ്പര്‍ ഹഫീസ് 

കരുതലോടെ തുടങ്ങിയ മുഹമ്മദ് റിസ്‌വാനും ബാബര്‍ അസമും പവര്‍പ്ലേയില്‍ 35 റണ്‍സ് ചേര്‍ത്തു. എന്നാല്‍ തൊട്ടടുത്ത താഹിറിന്‍റെ പന്തില്‍ റിസ്‌വാന്‍(15) വിക്കറ്റിന് പിന്നില്‍ ക്രോസിന്‍റെ കൈകളിലെത്തി. മൂന്നാമനായെത്തിയ ഫഖര്‍ സമാന് പിടിച്ചുനില്‍ക്കാനായില്ല. എട്ട് റണ്‍സെടുത്ത ഫഖറിനെ ഗ്രീവ്‌സാണ് പുറത്താക്കിയത്. മുഹമ്മദ് ഹഫീസിനൊപ്പം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കുതിച്ച ബാബര്‍ 40 പന്തില്‍ അര്‍ധ ശതകം തികച്ചു. 19 പന്തില്‍ 31 റണ്‍സുമായി കുതിച്ച ഹഫീസിനെ ഇതിനിടെ ഷെരീഫ് എല്‍ബിയില്‍ മടക്കി. 53 റണ്‍സ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ പിറന്നു. 

മാലിക് സിക്‌സര്‍മഴ

ബാബറിനൊപ്പം ചേര്‍ന്ന ഷൊയൈബ് മാലിക്കും വന്നപാടെ അടി തുടങ്ങിയതോടെ പാകിസ്ഥാന്‍ മുന്നേറി. ഗ്രീവ്‌സിന്‍റെ 18-ാം ഓവറിലെ മൂന്നാം പന്തില്‍ ബാബര്‍ പുറത്തായത് പാകിസ്ഥാനെ തെല്ലും ബാധിച്ചില്ല. ബാബര്‍ 47 പന്തില്‍ 66 റണ്‍സെടുത്തു. പരിചയസമ്പത്ത് മുതലാക്കിയ മാലിക്ക് ആളിക്കത്തിയപ്പോള്‍ 18 പന്തില്‍ 54* റണ്‍സും ആസിഫ് അലി 4 പന്തില്‍ 5* റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് സിക്‌സര്‍ പറത്തിയ മാലിക് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സോടെയാണ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. അവസാന അഞ്ച് ഓവറില്‍ 77 റണ്‍സ് പിറന്നു. 

പാക് മിന്നല്‍പ്പിണര്‍, കഥ കഴിഞ്ഞു

മറുപടി ബാറ്റിംഗില്‍ സ്‌കോട്‌ലന്‍ഡിനെ തുടക്കത്തിലെ വരിഞ്ഞുമുറുക്കി പാക് ബൗളര്‍മാര്‍. പവര്‍പ്ലേയ്‌‌ക്കിടെ നായകന്‍ കെയ്ല്‍ കോട്‌സറിനെ(9) ഹസന്‍ അലി ബൗള്‍ഡാക്കി. പിന്നാലെ വിക്കറ്റ് കീപ്പര്‍ മാത്യൂ ക്രോസ്(5) ഇമാദ് വസീമിന്‍റെ ത്രോയില്‍ റണ്ണൗട്ടായി. വെടിക്കെട്ട് ഓപ്പണര്‍ ജോര്‍ജി മണ്‍സിയെയും(17), ഡൈലാന്‍ ബഡ്‌ജിനേയും 11-ാം ഓവറില്‍ ഷദാബ് ഖാന്‍ പുറത്താക്കിയതോടെ പാകിസ്ഥാന്‍ പിടിമുറുക്കി. മൈക്കല്‍ ലേസ്‌കും റിച്ചി ബെരിംഗ്ടണ്‍ ചേര്‍ന്ന് അപ്രാപ്യമായ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. 

14 റണ്‍സെടുത്ത ലേസ്‌കിനെ പുറത്താക്കി 16-ാം ഓവറില്‍ ഷഹീന്‍ അഫ്രീദി കൂട്ടുകെട്ട് പൊളിച്ചു. എങ്കിലും റിച്ചി 34 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. അഞ്ച് റണ്‍സെടുത്ത ക്രിസ് ഗ്രീവ്‌സിനെ അവസാന ഓവറില്‍ റൗഫ് ബൗള്‍ഡാക്കി. സ്‌കോട്ടിഷ് ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ റിച്ചി ബെരിംഗ്ടണും(54*), മാര്‍ക്ക് വാറ്റും(2*) പുറത്താകാതെ നിന്നു. 

Scroll to load tweet…

T20 World Cup| 18 പന്തില്‍ ഫിഫ്റ്റി, പ്രായം വെറും സംഖ്യയാക്കി മാലിക്; റെക്കോര്‍ഡുകള്‍ വാരി