
അഹമ്മദാബാദ്: ഐപിഎല്ലില്‍ 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ആർസിബിയുടെ കിരീട നിമിഷത്തില്‍ വിരാട് കോലിയെന്ന ആ പതിനെട്ടാം നമ്പര്‍ കുപ്പായക്കാരൻ കണ്ണീരോടെ ഗ്രൗണ്ടിലേക്ക് മുഖമാഴ്ത്തി കുനിഞ്ഞിരുന്നു. ഗ്രൗണ്ടില്‍ എല്ലായ്പ്പോഴും ആവേശത്തിന്‍റെ ആള്‍രൂപമായ വിരാട് കോലിയുടെ അപൂര്‍വദൃശ്യം. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ ആര്‍സിബിക്കും കിരീടത്തിലേക്കുമുള്ള അകലം 29 റണ്‍സ്. ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ രണ്ട് പന്തുകളിലും ശശാങ്ക് സിംഗ് റണ്ണെടുക്കാതിരുന്നതോടെ പഞ്ചാബിന് ലക്ഷ്യം മറികടക്കുക ഏറെക്കുറെ അസാധ്യം.
ഈ സമയം ക്യാമറകള്‍ സൂം ചെയ്തത് ബൗണ്ടറിലൈനിനരികില്‍ നിന്ന വിരാട് കോലിയിലേക്കായിരുന്നു. അയാള്‍ അപ്പോള്‍ കണ്ണുനിറഞ്ഞ് കാഴ്ചമറഞ്ഞു നില്‍ക്കുകയായിരുന്നു.കണ്ണീര്‍ത്തുടച്ച് വീണ്ടും അവസാന നാലു പന്തുകളില്‍ ജഗരൂഗകനായി കാവല്‍ നിന്ന കോലി അവസാന പന്തും എറിഞ്ഞു കഴിഞ്ഞതോടെ ഗ്രൗണ്ടിലേക്ക് മുട്ടുകുത്തി ഇരുന്നു. ഗ്രൗണ്ടില്‍ തലയമര്‍ത്തി കണ്ണീരടക്കാനാവാതെ വിതുമ്പിയ കോലിക്ക് അരികിലേക്ക് സഹതാരങ്ങള്‍ ഓടിയെത്തി. അവിശ്വസനീയതയോടെ അനുഷ്ക ശര്‍മ ഗ്യാലറിയില്‍ നിന്നു.
18 വർഷത്തെ കാത്തിരിപ്പിന് മാത്രമല്ല, കാലങ്ങളായുള്ള പരിഹാസങ്ങള്‍ക്കുംവിമർശനങ്ങൾക്കും കൂടി വിരാമമിട്ടാണ് വിരാട് കോലി ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്.റണ്ണിലും ചേസിലും ബൗണ്ടറിയിലുമുൾപ്പെടെ ഐപിഎല്‍ കണക്കുകളുടെ കിങ്ങായ കോലിക്ക് കപ്പ് എന്നുമൊരു കണ്ണീർ കിനാവായിരുന്നു.ഒടുവിൽ വിരാട് കോലിയെത്തേടി ആ കപ്പെത്തി.കോലിയാണോ കിരീടമാണോഈ ഒത്തുചേരൽ കൂടുതലാഗ്രഹിച്ചതെന്ന് ചോദിച്ചാൽ ഉത്തരം എളുപ്പമല്ല. ഒരുകാര്യം ഉറപ്പ്. എതിർ ടീമുകളുടെ ആരാധകർപോലും കോലി ഈ കപ്പിൽ നിറയുന്നത് കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു.
ഐപിഎല്ലിന്‍റെ ആദ്യ സീസൺ മുതൽ ആർസിബി ജഴ്സിയൽ മാത്രം കളിച്ചതാരം. ബാറ്ററായും നായകനായും ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇതിഹാസം.ഈ ഫൈനലിൽ ഉൾപ്പടെ ആരാധകരെ ത്രസിപ്പിച്ച എത്രയെത്ര ഇന്നിങ്സുകൾ. മുപ്പത്തിയാറാം വയസിലും റൺവേട്ടക്കാരുടെ പട്ടികയിൽ കോലി മുന്നിലുണ്ട്. സീസണിൽ കോലിയുടെ ബാറ്റിൽനിന്ന് പിറന്നത് 656 റണ്‍സ്.
ഓരോ തവണയും നിരാശയിലേക്ക് വീഴുമ്പോഴും ലോകമെമ്പാടുമുള്ള ആര്‍സിബി ആരാധകർക്ക് പ്രത്യാശയുണ്ടായിരുന്നു.വിരാട് കോലി എന്ന ഇതിഹാസത്തിൽ. ഒടുവിൽ കോലി ആരാധകർക്കായി,ആർസിബിക്കായിആ പൊൻകിരീടം സ്വന്തമാക്കി.രണ്ടു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന്‍റെ നോവും നീറ്റലും വിമർശനങ്ങളുമെല്ലാം മറക്കാം.ആർസിബിയുടെ കന്നിക്കിരീടം അത്വിരാട് കോലിയുടെ കഥകൂടിയാണ്.ആത്മാര്‍ഥമായി ആഗ്രഹിച്ച്, കഠിനമായി പരിശ്രമിച്ചാൽ ഏത് ലക്ഷ്യവും അസാധ്യമല്ലെന്ന ജീവിതപാഠവും ഭാവിതലമുറക്ക് നൽകിയാണ് ഇക്കുറി കോലിയുടെ മടക്കം.
Powered BY
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!