ഇന്ത്യ-കിവീസ് ഫൈനല്‍: സീനിയര്‍ പേസര്‍ ഹര്‍ഭജന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇല്ല! പകരം യുവതാരം

By Web TeamFirst Published Jun 11, 2021, 1:46 PM IST
Highlights

ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലേക്ക് തന്‍റെ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 

സതാംപ്‌ടണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള കൂട്ടലും കിഴിക്കലും പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലേക്ക് തന്‍റെ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്‌ക്ക് പകരം യുവതാരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഭാജിയുടെ അഭിപ്രായം. 

മുഹമ്മദ് സിറാജിന്‍റെ ഫോമും പേസും ആത്മവിശ്വാസവുമാണ് ഇഷാന്തിനെ മറികടന്ന് അദേഹത്തെ തെരഞ്ഞെടുക്കാന്‍ ഹര്‍ഭജനെ പ്രേരിപ്പിക്കുന്നത്. 

'ഞാനാണ് ക്യാപ്റ്റനെങ്കില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിക്കും. ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തീര്‍ച്ചയായും ഇടംപിടിക്കും. ഇഷാന്ത് ശര്‍മ്മയെ മറികടന്ന് മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തും. ടെസ്റ്റില്‍ ഇഷാന്ത് മികച്ച ബൗളറാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രകടനം ശ്രദ്ധേയമായി മെച്ചപ്പെടുത്തിയ സിറാജിനെയാണ് മൂന്നാമനായി ഞാന്‍ തെരഞ്ഞെടുക്കുന്നത്' എന്നും ഹര്‍ഭജന്‍ പറഞ്ഞു. 

പിച്ചില്‍ പുല്ലുണ്ടെങ്കില്‍ സിറാജ് വിനാശകാരിയാകും

'നിലവിലെ സാഹചര്യം പരിഗണിച്ചാല്‍, സിറാജിന്‍റെ ഫോമും പേസും ആത്മവിശ്വാസവും അദേഹത്തെ ഫൈനലിന് ഉചിതമായ താരമാക്കി മാറ്റുന്നു. അവസരം ലഭിക്കാനായി കിണഞ്ഞ് പരിശ്രമിക്കുന്ന താരത്തെ പോലെയുണ്ട് കഴിഞ്ഞ ആറ് മാസത്തെ ഫോം നോക്കിയാല്‍ സിറാജ്. കുറച്ച് പരിക്കുകളിലൂടെ കടന്നുപോയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച പ്രതിഭയാണ് ഇഷാന്ത് എന്ന് നിസംശയം പറയാം. പിച്ചില്‍ അല്‍പം പുല്ലുണ്ടെങ്കില്‍ സിറാജിന്‍റെ പേസ് വിനാശമാകും. സിറാജിനെ നേരിടുക ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍മാര്‍ക്ക് എളുപ്പമാകില്ല'. 

ഐപിഎല്‍ മികവിന് പ്രശംസ

'ഐപിഎല്‍ 2019 സീസണില്‍ മൈതാനത്തിന്‍റെ നാലുപാടും സിറാജിനെ റസല്‍ പറത്തുന്നത് കണ്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം കൃത്യതയാര്‍ന്ന യോര്‍ക്കറുകളും മികച്ച ലെങ്‌ത് ബോളുകളും എറിയുന്നത് കണ്ടു. പേസും വര്‍ധിച്ചു. ടീം ഇന്ത്യക്കായി കളിച്ച് സിറാജ് നേടിയ ആത്മവിശ്വാസമാണിത്' എന്നും ഹര്‍ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. 

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ പതിനെട്ടാം തിയതി മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണും നയിക്കും. അതിശക്തമായ സ്‌ക്വാഡുമായാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ എത്തിയിരിക്കുന്നത്. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാണ് കിവികള്‍ കലാശപ്പോരിനിറങ്ങുക.  

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

'കിവികള്‍ ചില്ലറക്കാരല്ല, ചെറുതായി കാണരുത്'; ഇന്ത്യക്ക് ഗുണ്ടപ്പ വിശ്വനാഥിന്‍റെ മുന്നറിയിപ്പ്

അയാളുടെ കയ്യിലാണ് എല്ലാം; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സാധ്യതകള്‍ വിലയിരുത്തി പനേസര്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: രഹാനെയെ അനാവശ്യ സമ്മര്‍ദത്തിലാക്കരുത്; അപേക്ഷയുമായി എം എസ് കെ പ്രസാദ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!