Asianet News MalayalamAsianet News Malayalam

അയാളുടെ കയ്യിലാണ് എല്ലാം; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സാധ്യതകള്‍ വിലയിരുത്തി പനേസര്‍

ഫൈനലിന് മുമ്പ് ഇരു ടീമിന്റേയും സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. വിരാട് കോലിക്കും സംഘത്തിലും ന്യൂസിലന്‍ഡ് കടുത്ത വെല്ലുവിളിയായിരിക്കുമെന്നാണ് പനേസര്‍ പറയുന്നത്.

Monty Panesar on chances of two teams in WTC Final
Author
London, First Published Jun 9, 2021, 6:33 PM IST

ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലാണ്. ഈ മാസം 18ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ നേരിടുക. സതാംപ്ടണിലാണ് മത്സരം. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റീനിലാണ്. അതോടൊപ്പം പരിശീലനവും നടത്തുന്നുണ്ട്. ന്യൂസിലന്‍ഡ് ആവട്ടെ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. 

ഫൈനലിന് മുമ്പ് ഇരു ടീമിന്റേയും സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. വിരാട് കോലിക്കും സംഘത്തിലും ന്യൂസിലന്‍ഡ് കടുത്ത വെല്ലുവിളിയായിരിക്കുമെന്നാണ് പനേസര്‍ പറയുന്നത്. ''ന്യൂസിലന്‍ഡ് മികച്ച ടീമാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഡെവോണ്‍ കോണ്‍വെ ഇരട്ട സെഞ്ചുറി നേടിയത് നമ്മള്‍ കണ്ടതാണ്. അതുപോലെ മികച്ച ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ അശ്വിനായിരിക്കും ഇന്ത്യയുടെ പ്രധാന സ്പിന്നറായി ടീമിലെത്തുമെന്നും ഞാന്‍ മനസിലാക്കുന്നു.

ന്യൂസിലന്‍ഡ് നിരയില്‍ കരുത്തരായ താരങ്ങളുണ്ട്. തീര്‍ച്ചയായും ഫൈനല്‍ മികച്ച മത്സരങ്ങളില്‍ ഒന്നായിരിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ന്യൂസിലന്‍ഡ് വലിയ വെല്ലുവിളി തന്നെയാണ്്. ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. കിവീസ് നിരയില്‍ ഇടങ്കയ്യന്മാരുണ്ട്. അതുകൊണ്ടുതന്നെ അശ്വിന് കൂടുതല്‍ സാധ്യതകളുണ്ട്. അശ്വിന്‍ തന്നെയായിരിക്കും ടീം ഇന്ത്യയുടെ മാച്ച് വിന്നര്‍. എതിര്‍നിരയില്‍ ടിം സൗത്തിയും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയാവും. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഇടങ്കയ്യന്മാരെ അശ്വിന് വേഗത്തില്‍ പുറത്താക്കാന്‍ സാധിച്ചാല്‍ ന്യൂസിലന്‍ഡ് പ്രതിരോധത്തിലാവും. ഇന്ത്യന്‍ പിച്ചുകളില്‍ പുറത്തെടുക്കുന്ന ഇവിടേയും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് തന്നെയായിരിക്കും ആധിപത്യം. വിക്കറ്റില്‍ ടേണ്‍ ലഭിക്കുമെന്നാണ് ഞാന്‍ മനസിലാക്കിത്. ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനും സാധ്യതയേറെയാണ്. എന്നാല്‍ അശ്വിന് ഈ പറയുന്നപോലെ ഒന്നും സാധിച്ചില്ലെങ്കില്‍ പേസര്‍മാര്‍ക്ക് സമ്മര്‍ദ്ദമേറും. '' പനേസര്‍ വ്യക്തമാക്കി.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 520 പോയിന്റോടെ ഒന്നാം സ്ഥാനത്തായിട്ടാണ് ടീം  ഇന്ത്യ അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കളിച്ച ആറ് ടെസ്റ്റ് പരമ്പരകളില്‍ അഞ്ചിലും ടീം ജയിച്ചിരുന്നു. ഇതിന്റെയെല്ലാം ആത്മവിശ്വാസം ഇന്ത്യന്‍ നിരയ്ക്കുണ്ട്.

Follow Us:
Download App:
  • android
  • ios