സ്ഥിരതയുടെ പ്രശ്‌നമുണ്ടെങ്കിലും മികച്ച ടീം പ്ലേയറാണ് രഹാനെയെന്നും ഓസ്‌‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ജയം മറക്കരുതെന്നും പ്രസാദ്. 

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയില്‍ അനാവശ്യ സമ്മർദം അടിച്ചേല്‍പിക്കരുത് എന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെലക്‌ടര്‍ എം എസ് കെ പ്രസാദ്. സ്ഥിരതയുടെ പ്രശ്‌നമുണ്ടെങ്കിലും മികച്ച ടീം പ്ലേയറാണ് രഹാനെയെന്നും ഓസ്‌‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ജയം മറക്കരുതെന്നും പ്രസാദ് പറഞ്ഞു. 

'തുടക്കത്തിലെ കളിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് അജിങ്ക്യ രഹാനെ. തീര്‍ച്ചയായും, ഒട്ടേറെ ഉയര്‍ച്ചതാഴ്‌ച്ചകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ടീം പ്രതിരോധത്തിലാവുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്നിട്ടുണ്ട്. അത്തരമൊരു കഴിവ് രഹാനെയ്‌ക്കുണ്ട്. പ്രകടന സൂചിക മുകളിലേക്കും താഴോട്ടും ആണെങ്കിലും രഹാനെയുടെ കാര്യത്തില്‍ കടുത്ത തീരുമാനം മാനേജ്‌മെന്‍റ് കൈക്കൊള്ളാന്‍ ആഗ്രഹിക്കുന്നില്ല'. 

വിദേശത്തെ റെക്കോര്‍ഡ് തെളിവ്

'രഹാനെ ശക്തമായി തിരിച്ചെത്തും. അദേഹമൊരു മികച്ച ടീം പ്ലേയറാണ്. എല്ലാവരും ഒരുപാട് ഇഷ്‌ടപ്പെടുന്ന താരം. വിരാട് കോലി വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാത്ത ഘട്ടങ്ങളിലൊക്കെ രഹാനെ മികച്ച പ്രകടനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. പല മുതിര്‍ന്ന താരങ്ങളുടെയും അഭാവത്തില്‍ ഓസ്‌ട്രേലിയയില്‍ നായകനും താരവും എന്ന നിലയില്‍ അദേഹം ചെയ്ത സംഭാവനകള്‍ മറക്കാന്‍ പാടില്ല. രഹാനെ മികവ് തെളിയിച്ച താരമാണ്. ചിലപ്പോള്‍, നാട്ടില്‍ കുറച്ച് ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിലും വിദേശത്ത് പല ഇന്ത്യന്‍ താരങ്ങളെക്കാളും മികച്ചതാണ് രഹാനെയുടെ റെക്കോര്‍ഡ്. അദേഹത്തെ നമ്മള്‍ അനാവശ്യ സമ്മര്‍ദത്തിലാക്കരുത്' എന്നും എം എസ് കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ് അജിങ്ക്യ രഹാനെ. 17 മത്സരങ്ങളില്‍ മൂന്ന് ശതകങ്ങള്‍ സഹിതം 1095 റണ്‍സ് സ്വന്തമാക്കി. എന്നാല്‍ മെല്‍ബണിലെ തകര്‍പ്പന്‍ സെഞ്ചുറിക്ക് ശേഷം ആറ് ടെസ്റ്റുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് നേടാനായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കൂടാതെ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും രഹാനെയ്‌ക്ക് മുന്നിലുണ്ട്. 

കലാശപ്പോര് 18 മുതല്‍

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യക്ക് കെയ്‌ന്‍ വില്യംസണിന്‍റെ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫൈനലിനും ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്‌ക്കും ശേഷം ഓഗസ്റ്റ് നാലിന് ട്രെന്‍ഡ് ബ്രിഡ്‌ജിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യക്ക് നിര്‍ണായകമാവുക ആരെന്ന് വ്യക്തമാക്കി മോറെ

കോലി, വില്യംസണ്‍, പൂജാര; ആരാവും സ്വപ്‌നഫൈനലിലെ റണ്‍വേട്ടക്കാരന്‍, പ്രവചനവുമായി മുന്‍താരങ്ങള്‍

ഇന്ത്യ ഒരു സ്‌പിന്നറെ തീരുമാനിച്ചാല്‍ ആരാകും അത്? പ്രവചനവുമായി മൈക്കല്‍ ഹോള്‍ഡിംഗ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona