
ദില്ലി: അന്തർസംസ്ഥാന വാഹനമോഷണ റാക്കറ്റിലെ പ്രധാനികളെ കുടുക്കി ദില്ലി പോലീസ്. ആഡംബര വാഹനങ്ങൾ മോഷ്ടിച്ച് ചേസ് നമ്പറിൽ കൃത്രിമം നടത്തി വ്യാജരേഖകൾ ഉപയോഗിച്ച് റീ-രജിസ്ട്രേഷൻ ചെയ്ത് വിൽപന നടത്തുന്ന റാക്കറ്റിലെ 10 അംഗങ്ങൾ ആണ് പോലീസിൻ്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച ശേഷം കൃത്രിമം നടത്തിയ 31 ആഡംബര വാഹനങ്ങളും കണ്ടെടുത്തു.
ഒന്നിലധികം സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് 10 പ്രതികളെ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. പിടിയിലായവരിൽ സൂത്രധാരൻ എന്ന് സംശയിക്കുന്ന ദമൻദീപ് സിങ് എന്ന ലക്കിയും ഉൾപ്പെടുന്നുണ്ട്. ജലന്ധറിൽ സെക്കൻ-ഹാൻഡ് കാർ ഡീലറായി പ്രവർത്തിച്ചുവരികയായിരുന്ന ഇയാളാണ് റാക്കറ്റിനെ പൂർണമായും നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസ് കരുതുന്നത്. അറസ്റ്റിലായവരിൽ എജൻ്റായി പ്രവത്തിച്ചിരുന്ന മുൻ സോഫ്റ്റ്‍വെയർ എഞ്ചിനീയർ, ക്ലർക്ക്, മെക്കാനിക്കുമാർ, ഇടനിലക്കാർ എന്നിവരും ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് എസ്‍യുവി വാഹനം മോഷണം പോയെന്ന് കാട്ടി പിതാംപുര സ്വദേശി നൽകിയ പരാതിയിൽ മൗര്യ എൻക്ലേവ് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് വമ്പൻ വാഹന മോഷണ റാക്കറ്റിലേക്ക് വഴിതെളിച്ചത്. കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിൽ ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വമ്പൻ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു.
വാഹന മോഷണത്തിന് പുറമേ, വായ്പാ അടവ് മുടങ്ങിയ വാഹനങ്ങൾ സംഘടിപ്പിച്ചു ചേസ്, എഞ്ചിൻ നമ്പരുകളിൽ കൃത്രിമം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. വ്യാജ വിൽപനാ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ പേപ്പറുകളും കൃത്രിമമായി സൃഷ്ടിച്ച ബാങ്ക് എൻഒസികളും ഉപയോഗിച്ചാണ് വാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. മോഷ്ടിച്ച വാഹനങ്ങൾ നിയമാനുസൃതമാക്കി മാറ്റി മറിച്ചുവിൽക്കാനായി സമാന്തര സംവിധാനമാണ് പ്രതികൾ സൃഷ്ടിച്ചിരുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
വ്യാജ രജിസ്ട്രേഷൻ രേഖകൾ പ്രോസസ്സ് ചെയ്യുന്നതിനായി ഒടിപിയിൽ കൃത്രിമം നടത്തി ലഭിച്ച അനധികൃത ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് വാഹൻ പോർട്ടലിലേക്കുള്ള ആക്‌സസ് ദുരുപയോഗം ചെയ്‌തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പിടിക്കപ്പെടാതിരിക്കാൻ വികേന്ദ്രീകതമായി പ്രവർത്തിച്ചിരുന്ന സംഘം, മോഷണം, റീ-രജിസ്ട്രേഷൻ, വിൽപന എന്നിവ വെവ്വേറെ സംസ്ഥാനങ്ങളിലാണ് നടത്തിയിരുന്നതെന്നും ചില അംഗങ്ങൾ ക്രിമിനൽ പ്രവൃത്തികൾക്കും വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.
ആയിരത്തലധികം വാഹനങ്ങൾ വ്യാജ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കേസിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് ഈ വർഷം ജനുവരിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam