ധർമടത്ത് ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച സംഭവം: മൂന്ന് ബോംബുകൾ കൂടി കണ്ടെടുത്തു

By Web TeamFirst Published Nov 23, 2021, 12:01 AM IST
Highlights

ധർമടത്ത് പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് പരിക്ക്. നരിവയൽ സ്വദേശി പ്രദീപിൻ്റെ മകൻ ശ്രീവർധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കണ്ണൂർ: ധർമടത്ത് (Dharmadam) പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഐസ്ക്രീം ബോംബ്  (Ice cream bomb) പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് പരിക്ക്. നരിവയൽ സ്വദേശി പ്രദീപിൻ്റെ മകൻ ശ്രീവർധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനിയിൽ പറമ്പിൽ നിന്നും മൂന്ന് ബോംബുകൾ പൊലീസ് കണ്ടെത്തി നിർവീര്യമാക്കി. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്താണ് ബോംബ് പൊട്ടിയതെന്നും ആര് സൂക്ഷിച്ച ബോംബാണിതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ധർമടം നരിവയലിലെ വീട്ടുവളപ്പിൽ രണ്ട് കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു പന്ത്രണ്ടുകാരൻ. പന്ത് തൊട്ടടുത്ത് ടിടിസി വിദ്യാ‍‍ത്ഥിനികളുടെ ഹോസ്റ്റലിനു സമീപത്തെ പറമ്പിലേക്ക് പോയപ്പോൾ അതെടുക്കാൻ ചെന്നതായിരുന്നു ശ്രീവർധ്. അവിടെ മറ്റൊരു ബോളുകൂടി കണ്ട് അതും കൂടിയെടുത്ത് കുട്ടി മടങ്ങിയെത്തി. ആ ബോളെറിഞ്ഞപ്പോൾ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. പറമ്പിൽ ഒളിപ്പിച്ച ഐസ്ക്രീം ബോംബായിരുന്നു പൊട്ടിയത്. 

കുട്ടിയെ ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ കാലിനും നെഞ്ചിനും കൈക്കും മുറിവ് പറ്റി. പരിക്ക് സാരമുള്ളതല്ല. പക്ഷെ സംഭവത്തിന്റെ ആഘാത്തിൽ നിന്നും പുറത്തുകടക്കാത്തതിനാൽ ശ്രീവർധ് ആശുപത്രിയിൽ തുടരുകയാണ്. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾ പരിക്കുപറ്റാതെ രക്ഷപ്പെട്ടു. 

പ്രദേശത്ത് ധർമ്മടം പൊലീസും ബോംബ് സ്വാഡും നടത്തിയ പരിശോധനയിൽ രണ്ട് ബോംബുകൾ കൂടി കണ്ടെത്തി. അവ നിർവ്വീര്യമാക്കി. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്താണ് ബോംബ് പൊട്ടിയതെന്നും ആര് സൂക്ഷിച്ച ബോംബാണിതെന്ന് വ്യകതമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

പിഎസ് ഹൗസിൽ പ്രദീപിൻ്റെ മകനായ ശ്രീവർധ്. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ മെയ് മാസം കണ്ണൂർ പടിക്കച്ചാലിൽ കളിക്കുന്നതിനിടെ സമാനമായി ഐസ്ക്രീം ബോംബ് പൊട്ടി ഒന്നര വയസുകാരനടക്കം രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.

click me!