
ഹുബ്ബള്ളി: മോര്‍ഫ് ചെയ്ത വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ പേരില്‍ ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ അക്രമകാരികള്‍ പൊലീസ് വാഹനം തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. സംഭവ സ്ഥലത്ത് പൊലീസ് ജാഗ്രതയിലാണ് ഒപ്പം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് സംഘര്‍ഷത്തിലേക്ക് നയിച്ച വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വൈറലായത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നിരവധി നാട്ടുകാര്‍ക്കും, നാല് പൊലീസുകാര്‍ക്കും പരിക്കുപറ്റി. 40 പേരെ പൊലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കസ്റ്റഡിയില്‍ എടുത്തതായി ഹുബ്ബള്ളി ധര്‍വാഡ് പൊലീസ് കമ്മീഷ്ണര്‍ ലബ്ബു റാം അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സെക്ഷന്‍ 144 പ്രകാരം ഏപ്രില്‍ 20വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അപകീർത്തികരമായി മോർഫ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്ത അഭിഷേക് ഹിരേമത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി പ്രതിഷേധം നടത്തിയതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പരാതിയെ തുടർന്ന് പോലീസ് ഹിരേമത്തിനെ ആനന്ദ് നഗറിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഓൾഡ് ഹുബ്ബള്ളി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
പ്രതിഷേധക്കാർ പോലീസ് സ്‌റ്റേഷൻ വളയുകയും പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അക്രമത്തിൽ ഒരു ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റിന്റെ പേരിലാണ് പോലീസ് നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. എന്നാൽ, പഴയ ഹുബ്ലിയില്‍ അക്രമം നടന്നിട്ടുണ്ട്. ആരെങ്കിലും നിയമം കൈയിലെടുത്താൽ പോലീസ് കർശന നടപടി സ്വീകരിക്കും. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും, ഇതൊരു ക്രമസമാധാന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സാമൂഹിക മാധ്യമങ്ങൾ അക്രമം പടർത്താനുള്ള ഇടമായി മാറിയിരിക്കുന്നു, പോലീസ് അത് തിരിച്ചറിയേണ്ടതുണ്ട്. തൊഴിലില്ലായ്മ, സാധനങ്ങളുടെ വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയിൽ ഈ സോഷ്യൽ മീഡിയ പോരാളികളുടെ മൗനം അപകടകരമാണ്” ഇതുപോലുള്ള സംഭവങ്ങൾ സമാധാനവും ഐക്യവും സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതായി ജെഡി(എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി സംഭവത്തില്‍ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam