
തൃശൂര്‍: കാറളം വിഷ്ണു കൊലക്കേസിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറളം സ്വദേശികളായ ഉണ്ണിക്കണ്ണൻ മക്കളായ വിഷ്ണു, വിവേക്, എടക്കുളം സ്വദേശികളായ വിശാഖ് സഹോദരൻ വിഷ്ണു, മുരുകേഷ് എന്നിവരെയാണ് ഡിവൈഎസ്‍പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഭരണി ആഘോഷത്തിനിടെ നടന്ന തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ വെട്ടേറ്റ കാറളം സ്വദേശി സേതുവിനെ മാർച്ച് 2ന് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചിരുന്നു. ഇതിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്നും ഇരുസംഘങ്ങളും തമ്മിൽ തർക്കങ്ങളും വെല്ലുവിളികളും നടന്നു. പിന്നീട് തർക്കം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് വിഷ്ണു വാഹിദ് അടക്കമുള്ളവരെ പ്രതികൾ കാറളം പള്ളത്തെ കെയ്ത്തുകഴിഞ്ഞ പാടത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
വിഷ്ണു വാഹിദിനെ മാരകമായി അടിച്ച് പരുക്കേൽപ്പിക്കുകയും കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയും സേതു, ശിവ, സുമേഷ്, ആഷിഖ് എന്നിവരെ വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. മാരകമായി പരുക്കേറ്റ വിഷ്ണു വാഹിദ് മരിച്ചു. മറ്റുള്ളവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാറളം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകനാണ് വിഷ്ണു വാഹിദ്.
Read more: തൃശ്ശൂരിൽ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam