
കോഴിക്കോട്: ലോക്ക്ഡൗൺ കാലത്ത് ഓണ്‍ലൈന്‍ ചൂതാട്ടം പൊടി പൊടിക്കുകയാണ്.നിരവധി പേര്‍ക്കാണ് ലക്ഷക്കണക്കിന് രൂപ ഓണ്‍ലൈന്‍ റമ്മിയിലൂടെ നഷ്ടമായത്. ഈ ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. എന്നാല്‍ പണം വച്ച് ചീട്ട് കളിച്ചാൽ ഉടനടി പിടികൂടുന്ന കേരള പൊലീസ് പക്ഷേ ഓൺലൈൻ ചൂതാട്ടത്തിന്‍റെ കാര്യത്തിൽ കാഴ്ചക്കാരാണ്. ചൂതാട്ട കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് പൊലീസ് ഭാഷ്യം.
എന്നാൽ ഈ വാദം തെറ്റെന്ന് നിയമവിദഗ്ധര്‍ പറയുന്നു. മൂന്ന് വർഷത്തോളമായി ഓൺലൈൻ റമ്മി കളിക്കെതിരെ പോരാട്ടത്തിലാണ് സുനിൽ വളയംകുളമെന്ന പൊതുപ്രവർത്തകൻ. ഒട്ടേറെ പ്രതിഷേധ പരിപാടികൾ നടത്തി. അധികാരികൾക്ക് നിവേദനങ്ങൾ നൽകി. പൊലീസിൽ പരാതിപ്പെട്ടു. പക്ഷേ ഒന്നുമുണ്ടായില്ല. നിരവധിപ്പേരുടെ പണവും ജീവിതമെടുത്ത് ചൂതാട്ടം നിർബാധം തുടരുന്നു. പൊലീസ് നോക്കി നിൽക്കുകയാണെന്ന് സുനില്‍ ആരോപിക്കുന്നു.
Read More: ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി; പണം നഷ്ടമായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിവേലക്കാര്‍ വരെ
ചീട്ടുകളിയില്‍ ഏറെ വൈദഗ്ദ്ധ്യം ആവശ്യമുളള റമ്മിക്ക്, ഗെയിം ഓഫ് സ്കില്‍ എന്ന പട്ടികയിലാണ് സ്ഥാനം. എന്നാല്‍ പണം വച്ചുള്ള റമ്മി കളി നിയമവിരുദ്ധമാണ്. കളി ഓണ്‍ലൈനിലേക്ക് മാറിയാല്‍ നടക്കുന്നത് തനി ചൂതാട്ടമാണ്. കാരണം, ഗെയിം ഓഫ് സ്കില്‍ ഇവിടെ പ്രായോഗികതയിൽ ഗെയിം ഓഫ് ചാന്‍സ് ആയി മാറുന്നു.
ഓണ്‍ലൈന്‍ റമ്മിയുടെ നിയമാവലിയിലൊന്നും കമ്പനി പണമീടാക്കുമെന്ന് പറയുന്നില്ല. വാലറ്റിൽ നിശ്ചിത തുക വേണമെന്ന് മാത്രമാണ് നിർദ്ദേശം. അതായത് കളിക്ക് കമ്പനി പണം ഈടാക്കുന്നതും തെറ്റിധരിപ്പിച്ചാണ്. കമ്പനികൾ പണം തട്ടുന്നുവെങ്കിൽ തട്ടിപ്പിന് മാത്രമേ കേസെടുക്കാൻ കഴിയുള്ളു എന്നാണ് പൊലീസ് പറയുന്നത്. പണം വച്ച് നേരിട്ട് റമ്മി കളിക്കുമ്പോള്ളതിന്‍റെ പലമടങ്ങാണ് ഓണ്‍ലൈന്‍ കളിയില്‍ മറിയുന്നത്. എന്നിട്ടും കേസെടുക്കാന്‍ വകുപ്പില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് കേരള പൊലീസ്.
Read More: ഓൺലൈൻ റമ്മി കളി: ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുമായി കൂടുതല്‍ ഇരകള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam