കോഴിക്കോട്: ലോക്ക്ഡൗണ്‍ പ്രതിസന്ധി മുതലെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ചീട്ടുകളി തഴച്ചുവളരുന്നു. ലാഭം പ്രതീക്ഷിച്ച് കളിക്കിറങ്ങി പണം നഷ്ടമായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിവേലക്കാര്‍ വരെയുള്‍പ്പെടുന്നു. കോഴിക്കോട് ജില്ലയില്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ഇത്തരത്തില്‍ പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം പെരുകുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലാണ് കണ്ടെത്തില്‍. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരാള്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ. സുഹൃത്ത് പറഞ്ഞപ്പോള്‍ രസത്തിന് തുടങ്ങിയ കളി. കയ്യിലുള്ളത് തീര്‍ന്നപ്പോള്‍ കടം വാങ്ങിയും കളിച്ചു. അതും പോയി. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മാത്രം നഷ്ടപ്പെട്ടത് 2 ലക്ഷം രൂപ. പണം പോയതിനുമപ്പുറം കളിക്ക് അടിമയാകുന്നതിലുള്ള മാനസിക സംഘര്‍ഷം വേറെ. കൂലിവേല എടുത്തും ചിട്ടിപിടിച്ചും തരപ്പെടുത്തി, വീട് വയ്ക്കാന്‍ വച്ചിരുന്ന രണ്ടര ലക്ഷം രൂപ മറ്റൊരാള്‍ക്കും നഷ്ടപ്പെട്ടു. 

നിശ്ചിത തുക ഗെയിമിന്റെ വാലറ്റിലേക്ക് കൈമാറിയാണ് ഓണ്‍ലൈന്‍ റമ്മി കളി. ആദ്യം 200രൂപയ്ക്കും 500 രൂപയ്ക്കും കളിക്കുന്നവര്‍ പിന്നീട് ഹരം മൂത്ത് 2000 ത്തിലേക്കും 5000ത്തിലേക്കും ചുവട് മാറുന്നു. കിട്ടുന്ന ബോണസ് തുകയുടെ ഹരത്തിലാണ് ഈ മുന്നോട്ട് പോക്ക്. ഇതോടെ പണം നഷ്ടപ്പെട്ട് തുടങ്ങും. പിന്നെ അത് തിരിച്ചുപിടിക്കാനുള്ള പരക്കം പാച്ചില്‍. ഇങ്ങനെ നഷ്ടപ്പെടുന്നത് ലക്ഷങ്ങള്‍. കളി നിര്‍ത്താം എന്ന് തീരുമാനിച്ചാലും റമ്മി കമ്പനികള്‍ വിടില്ല. 500ഉം ആയിരവുമൊക്കെ തുക വാലറ്റില്‍ നിറച്ച് വീണ്ടും കളിക്കായി ക്ഷണിക്കും. ചിലര്‍ വീണ്ടുമതില്‍ വീഴും.

പത്ത് മിനിറ്റിനുള്ളില്‍ പതിനായിരങ്ങള്‍ പോയ കഥയും ചിലര്‍ക്ക് പറയാനുണ്ട്. ഇത് ഒന്നോ രണ്ടോപേരുടെ അനുഭവമല്ല. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചിരുന്നതോടെ സമയം പോകാനും പണം കണ്ടെത്താനും റമ്മി ഗെയികളെ ആശ്രയിച്ച ആയിരങ്ങളുടെ പണമാണിങ്ങനെ കമ്പനികള്‍ അടിച്ചുമാറ്റിയത്. ലക്ഷങ്ങള്‍ പോയിട്ടും മാനഹാനി മൂലം പുറത്തുപറയാത്തവര്‍ നിരവധി.