കോഴിക്കോട്: ഓൺലൈൻ റമ്മികളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, ജീവിതം കൂടിയാണ്. റമ്മികളിയുടെ ചതിക്കുഴിയിൽപ്പെട്ട കോഴിക്കോട്ടെ 23കാരൻ അകപ്പെട്ടത് ലഹരിയുടെ മായിക ലോകത്ത്. ഭർത്താവിന്‍റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സന്പാദ്യവും.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഒരുപാട് നിർബന്ധിച്ചപ്പോഴാണ് അവൻ തുറന്ന് പറഞ്ഞത്. റമ്മി കളിയുടെ കൃത്യത കൂട്ടാൻ ലഹരിയിൽ അലിഞ്ഞ കറുത്ത ദിനങ്ങളെ കുറിച്ച്. ഓർക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത കഴിഞ്ഞകാലത്തെ കുറിച്ച്.

ജീവിതം കൈവിടുന്നുവെന്ന് അറിയുന്നുണ്ടായിരുന്നു. പക്ഷേ കരകയറാൻ കളിയുടേയും കഞ്ചാവിന്‍റേയും ലഹരി അനുവദിച്ചില്ല. വിഭ്രാന്തിയുടെ മൂർത്താവസ്ഥയിൽ കൂലിപ്പണിക്കാരനായ അച്ഛനേയും കിടപ്പുരോഗിയായ അമ്മയേയും മർദ്ദിക്കുന്നതിൽ വരെ കാര്യങ്ങളെത്തിയെന്ന് ചെറുപ്പക്കാരന്‍ തുറന്നു പറയുന്നു.

ഇപ്പോള്‍ ഈ ചെറുപ്പക്കാരന് ചികിത്സയുടെ കാലം. പിന്നെ തിരിച്ചറിവിന്‍റേയും. ഇന്നിപ്പോൾ സ്മാർട്ട് ഫോൺ കാണുന്നതും പോലും പേടിയാണ്.സന്പാദ്യമാകെ ചൂതു കളി കൊണ്ടുപോയ കഥയാണ് വീട്ടമ്മയ്ക്ക് പറയാനുള്ളത്. വില്ലനായത് ഭ‍ർത്താവിന്‍റെ ഓൺലൈൻ ചീട്ടുകളി ശീലം. നഷ്ടമായത് അന്യന്‍റെ അടുക്കളയിൽ വിയർപ്പൊഴുക്കി സ്വരൂകൂട്ടിയ മൂന്നരലക്ഷം രൂപയാണ്.