
തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നയാൾ പിടിയിൽ. കാച്ചാണി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. നിരവധി ടെക്കി യുവതികളാണ് ഇയാളുടെ അതിക്രമത്തിനിരയായത്. ബൈക്കിൽ കറങ്ങി ടെക്നോപാർക്ക് പരിസരത്ത് യുവതികളെ ഉപദ്രവിച്ചിരുന്നയാളാണ് പിടിയിലായത്. ഒരു മാസം മുൻപ് രാത്രി ഒരു മണിക്ക് ഇൻഫോസിസിന് മുന്നിൽ വച്ച് ഒരു യുവതിയെ ഇയാൾ കടന്നു പിടിച്ചിരുന്നു.
കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധികളിലും സമാന രീതിയിൽ ഇയാൾ യുവതികളെ ആക്രമിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കുളത്തൂർ ഭാഗത്ത് വച്ച് ഇയാൾ ഒരു യുവതിയെ കടന്നു പിടിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചതിന് ശേഷം തുമ്പ പോലീസിനു കൈമാറുകയായിരുന്നു.
തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ മൂന്ന് കേസുകളെടുത്തിട്ടുണ്ട്. പ്രതി സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറായ വിഷ്ണു ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പതിവായി യുവതികളെ ആക്രമിച്ചിരുന്നത്. ഇതിന് മുമ്പും പൊലീസിന് പരാതികൾ കിട്ടിയിരുന്നെങ്കിലും ആളെ പിടികിട്ടാത്തത് പൊലീസിന് തലവേദനയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി നമ്പർ കാണാത്ത വിധം തിരിച്ചു വച്ചാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. യുവതികളെ കടന്നു പിടിച്ച ശേഷം ഒഴിഞ്ഞ സ്ഥലത്തെത്തി നമ്പർ പ്ലേറ്റ് തിരികെ വച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ബൈക്ക് മോഡൽ തിരിച്ചറിഞ്ഞ് പൊലീസ് അന്വേഷണം നടത്തുന്നതിടിനെയാണ് ഇയാൾ പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam