പ്രതിഷേധക്കാർക്ക് നേരെ പാക് സൈന്യവും സുരക്ഷാ സേനയും നടത്തുന്ന അതിക്രൂരമായ അടിച്ചമർത്തലുകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടുള്ള രഹസ്യരേഖകൾ ഇന്ത്യ ടുഡേയാണ് പുറത്ത് വിട്ടത്

റാവലകോട്ട്:പാകിസ്ഥാൻ അധീന കശ്മീരിൽ ജൂൺ 5 മുതൽ ജൂൺ 9 വരെയുള്ള ദിവസങ്ങളിൽ പ്രദേശത്ത് നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടവരിൽ 19 കുട്ടികളും 7 ഗർഭിണികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്. മനുഷ്യാവകാശ ലംഘനങ്ങൾ, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവയ്‌ക്കെതിരെ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിനെ അടിച്ചമർത്താൻ പാക് സൈന്യം നടത്തിയ വെടിവെയ്പ്പിലും അക്രമങ്ങളിലും നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ പാക് സൈന്യവും സുരക്ഷാ സേനയും നടത്തുന്ന അതിക്രൂരമായ അടിച്ചമർത്തലുകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടുള്ള രഹസ്യരേഖകൾ ഇന്ത്യ ടുഡേയാണ് പുറത്ത് വിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിഷേധങ്ങളെ പൂർണ്ണമായും അടിച്ചമർത്തുന്നതിനായി പാകിസ്ഥാൻ പതിനാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാക് അധീന കശ്മീരിലേക്ക് നിയോഗിച്ചിരിക്കുന്നത്. നിരായുധരായ പ്രതിഷേധക്കാർക്ക് നേരെയും, അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിലാപയാത്രകളിൽ പങ്കെടുത്തവർക്ക് നേരെയും പാക് സേന നേരിട്ട് വെടിവെയ്ക്കുകയായിരുന്നു. അവിടെ നടക്കുന്ന ക്രൂരതകളുടെ ദൃശ്യങ്ങളോ വിവരങ്ങളോ പുറംലോകം അറിയാതിരിക്കാൻ പ്രദേശത്ത് ഇന്റർനെറ്റ്, മൊബൈൽ ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും അധികൃതർ വിച്ഛേദിച്ചുവെന്നും റിപ്പോർട്ട് വിശദമാക്കുന്നത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നിരവധി പ്രമുഖ നേതാക്കൾ ഇതിനോടകം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ തടങ്കലിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഈ വൻ അടിച്ചമർത്തലിൽ പാക് ആർമിയുടെ നേരിട്ടുള്ള പങ്കിനെ ചോദ്യം ചെയ്യുന്ന റിപ്പോർട്ട്, ഇതിന് ഉത്തരവാദികളായ സൈനിക മേധാവികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.

പാക് അധീന കശ്മീരിലെ തങ്ങളുടെ പരാജയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മറച്ചുവെക്കാൻ പാകിസ്ഥാൻ വ്യാജ വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വ്യാജ പ്രചാരണങ്ങൾ തങ്ങളുടെ തെറ്റുകൾ മൂടിവെക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണെന്നും, അവിടുത്തെ പൊലീസ് ക്രൂരതകൾക്ക് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാകിസ്ഥാൻ മറുപടി പറയേണ്ടി വരുമെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാൽ ഇടുങ്ങിയ തെരുവുകളിൽ നിന്ന് പെട്രോൾ ബോംബുകളും മാരകായുധങ്ങളും ഉപയോഗിച്ച് പ്രതിഷേധക്കാർ ഒളിപ്പോര് മാതൃകയിൽ ആക്രമണം നടത്തിയതുകൊണ്ടാണ് തങ്ങൾക്ക് നടപടി എടുക്കേണ്ടി വന്നതെന്നാണ് പാക് അധികൃതരുടെ വാദം.

മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടും മിർപൂർ, മുസാഫറാബാദ്, ഗിൽജിത്-ബാൽട്ടിസ്ഥാൻ തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രതിഷേധം ശക്തമായി പടരുകയാണ്. ഇവിടുത്തെ ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ ഇപ്പോൾ ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. യുകെയിലുള്ള കശ്മീരി പ്രവാസികൾ അവിടെയുള്ള പാകിസ്ഥാൻ മിഷന് മുന്നിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ബ്രിട്ടീഷ് പൗരന്മാരെ അടക്കം തടങ്കലിലാക്കിയതിലും കമ്മ്യൂണിക്കേഷൻ വിലക്കുകളിലും ആശങ്ക രേഖപ്പെടുത്തി മുപ്പതോളം ബ്രിട്ടീഷ് എംപിമാർ യുകെ സർക്കാരിന് കത്തയച്ചിട്ടുണ്ട്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പാകിസ്താൻ സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ മരണം 30 കടന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം