ജൂൺ എട്ടിന് കോടതി പുറപ്പെടുവിച്ച വിധിപ്രകാരം പ്രതിക്ക് ആറ് മാസത്തെ തടവ് വിധിച്ചെങ്കിലും ജയിൽ ശിക്ഷ അടുത്ത രണ്ട് വർഷത്തേക്ക് നടപ്പിലാക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഫുകേത്: വളർത്തുനായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു. ഉടമയുടെ ജയിൽ ശിക്ഷയിൽ ഇളവുമായി കോടതി. പ്രതിഷേധവുമായി മൃഗസ്നേഹികൾ. തായ്ലാൻഡിലാണ് സൈബീരിയൻ ഹസ്കി ഇനത്തിലുള്ള രണ്ട് വയസുള്ള നായയെ ഉടമ ജീവനോടെ തീയിട്ടത്. കേസിൽ 56കാരനായ ഉടമയ്ക്ക് കോടതി ആറ് മാസം തടവുശിക്ഷയും വൻ തുക പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ താൽക്കാലികമായി ഇളവ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. തെക്കൻ തായ്‌ലൻഡിലെ സോങ്ഖ്‌ല പ്രവിശ്യയിലാണ് ക്രൂരത നടന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് അബദ്ധത്തിൽ പുറത്തുചാടിയ മോളി എന്ന് പേരുള്ള രണ്ട് വയസ്സുകാരിയായ പെൺ ഹസ്കി നായയെ പ്രതി ക്രൂരമായി തീക്കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വഴിപോക്കനായ ഒരാളാണ് നായയെ കണ്ടെത്തുകയും ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. എന്നാൽ ശരീരത്തിലേറ്റ കടുത്ത പൊള്ളലുകൾ കാരണം നായയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോങ്ഖ്‌ല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രിയിൽ തന്റെ പോരുകോഴികളെ നായ കടിക്കാൻ ശ്രമിച്ചെന്നും അവയെ സംരക്ഷിക്കാനാണ് താൻ ഇത് ചെയ്തതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ജൂൺ എട്ടിന് കോടതി പുറപ്പെടുവിച്ച വിധിപ്രകാരം പ്രതിക്ക് ആറ് മാസത്തെ തടവ് വിധിച്ചെങ്കിലും ജയിൽ ശിക്ഷ അടുത്ത രണ്ട് വർഷത്തേക്ക് നടപ്പിലാക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിന് പകരം പ്രതിയെ ഒരു വർഷത്തെ പ്രൊബേഷനിൽ വെക്കാനും, നാല് തവണ അധികാരികൾക്ക് മുന്നിൽ ഹാജരാകാനും, 12 മണിക്കൂർ സാമൂഹിക സേവനം ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം കടുത്ത ക്രൂരതകൾ തടയാൻ ഈ മൃദുവായ വിധി ഒട്ടും പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി വാച്ച്ഡോഗ് തായ്‌ലൻഡ് ഫൗണ്ടേഷൻ എന്ന മൃഗസംരക്ഷണ സംഘടന കോടതി വിധിക്കെതിരെ പ്രതിഷേധവുമായി വന്നിട്ടുള്ളത്.


